Monday, July 13, 2015

ചില സ്നേഹങ്ങളുടെ നാൾവഴികളിൽ കുത്തിയൊലിച്ചു പോയൊരു ഞാൻ ഉണ്ട് .നീർത്തുള്ളികൾ താഴെക്കൂർന്നു പോയി നനഞ്ഞ മണ്ണ് പോലെ ചില നേരങ്ങളിൽ ഞാൻ !കാണാ സങ്കടങ്ങളിൽ കേൾക്കാ സങ്കടങ്ങളിൽ പറയാസങ്കടങ്ങളിൽ ഇനിയും പൊട്ടിത്തകരാത്ത ഈ ഞാൻ !! ഒഴുകിപ്പോകുന്ന നിമിഷസൂചികളിൽ ഒന്നിൽ ഒഴുകാതാകും വരെ മിടിച്ചുകൊണ്ടേ ഇരിക്കുന്ന രക്തവും മാംസവും കൂടിച്ചേർന്ന വെറുമൊരു ഹൃദയം എന്നെ ജീവിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു !ചുക്കിച്ചുളിഞ്ഞു കറുത്തു മെലിഞ്ഞ എന്റെ കൈവിരലുകൾ നെഞ്ഞിലേറ്റി 'നിങ്ങളാണമ്മേ ഈ ലോകത്തിൽ ഏറ്റവും സുന്ദരിയായ സ്ത്രീ ' എന്ന് കേൾക്കാൻ ഞാൻ കാത്തിരിക്കുന്ന ആ നരവീണ ഒരു വാർദ്ധക്യം ഇനി എനിക്ക് വേണ്ട ..!ജന്മങ്ങൾ സംഭവിക്കുന്നത്‌ ഒരു വിത്ത്‌ വീണു മരംപോലും അറിയാതെ മുളയ്ക്കുന്ന തൈ പോലെ ആകണമല്ലേ !എനിക്കിനിയും ജനിക്കണം .ഉൾവനങ്ങളിൽ ആരോരുമറിയാതെ ഒരു വന്മാരമായി മാറണം .എന്റെ ചില്ലയിൽ പതിനായിരം കിളികൾ പാട്ട് പാടണം .എന്റെ തണലിൽ വർണ്ണശലഭങ്ങൾ പാറിപ്പറക്കണം.എന്റെ നിഴലിൽ വാമൊഴികളിലെ രക്തരക്ഷസ്സുകൾ മുടിയഴിച്ചാടണം .മദം പൊട്ടിയ കൊമ്പന്മാർ ഇണകളിൽ രമിക്കുന്നത്‌ സൂചിയിലച്ചാർത്തിലൂടെ പതിഞ്ഞുകാണണം .ഹിമശൃംഗങ്ങളിൽ പോക്കുവെയിൽ പൊട്ടിയൊഴുകുന്നത് നോക്കി നിൽക്കണം .ഇനിയും പറയാത്ത കാക്കത്തൊള്ളായിരം കഥകൾ ഓരോ ഇലകളുടെ ഞരമ്പുകളിലൂടെ ഭൂമിയിലേയ്ക്ക് പറഞ്ഞു പതിക്കണം ..അവയെല്ലാം ചേർത്തു ഭൂമിയിൽ ഉയിർക്കുന്ന ഏറ്റവും വലിയ അരുവിയാകണം എന്റെ ജീവിതം !

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...