Monday, November 26, 2012

സ്വപ്‌നങ്ങള്‍


ടി പദ്മനാഭന്‍ എന്‍റെ വളരെ പ്രിയപ്പെട്ട എഴുത്തുകാരനാണ്‌.ഞാന്‍ കത്തെഴുതി എന്‍റെ ആരാധന അറിയിച്ച ഒരേ ഒരു എഴുത്തുകാരന്‍ ! ആ കത്ത് ഒരു പക്ഷെ അദ്ദേഹം കണ്ടുപോലുമി ല്ലാതെ ഏതെങ്കിലും ചിതലുകള്‍ക്ക് ഭക്ഷണം ആയിരിക്കാം !എങ്കിലും ഇന്നും അതിലെ വരികള്‍ എനിക്ക് കാണാപാഠമാണ്.ഒരു പക്ഷെ അത് ഒരു കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ രൂപം എന്‍റെ അച്ഛയുടെതിനു സമാനമായതിനാലാവാം അതുമല്ലെങ്കില്‍ അദ്ദേഹത്തിന്റെ രാഗങ്ങളോടുള്ള പ്രണയത്തില്‍ നിന്നാവാം അതുമല്ലെങ്കില്‍ പ്രകാശം പരത്തി ഒരു പെണ്‍കുട്ടി എന്‍റെ സ്വപ്നങ്ങള്‍ക്ക് സമാനമായി നടന്നു പോകുന്നതില്‍ നിന്നുമുള്ള അതിശയമാകാം എന്തൊ എനിക്ക് തിരിച്ചറിയാന്‍ വയ്യാത്തൊരു ഇത്' ആണത് !
അദ്ദേഹത്തെക്കുറിച്ച് വെറുതെ പറഞ്ഞുവെന്നേയുള്ളു..

 ..സ്വപ്നങ്ങളെക്കുറിച്ച് വളരെ അതിശയകരമാകും വിധം ചില കണ്ടെത്തലുകള്‍ എനിക്കുണ്ട്. ചില സ്വപ്നങ്ങള്‍ എന്നെ വളരെ കുട്ടിക്കാലം മുതല്‍ ഇപ്പോഴും ഈ മുപ്പതുകളിലും പിന്തുടരുന്നു !തിരിച്ചറിയാനാകാത്ത വിധം ചില നൂലുകള്‍ കൊണ്ട് അതെന്നെ വലിച്ചുമുറുക്കി ഒരു സത്യവും അവശേഷിക്കാത്ത മിഥ്യയുടെ കുണ്ടു കിണറ്റിന്റെ അഗാധതയിലെയ്ക്ക് ഇടയ്ക്കിടെ വലിച്ചെറിയും ..!ചില ചില വിശേഷപ്പെട്ട ,ലോകത്തൊരിടത്തും കാണുവാന്‍ കിട്ടാത്ത പൂക്കള്‍ കൊണ്ട് അലങ്കരിച്ചു ശ്വാസം മുട്ടിച്ചു സന്തോഷിപ്പിക്കും ..!! ഇനിയും സങ്കടപ്പെടാനൊരിടമില്ലാത്തിടത്തോളം കണ്ണീരില്‍ മുക്കിക്കൊല്ലും ..!എനിക്കറിയില്ല എന്താണീ സ്വപ്‌നങ്ങള്‍ എന്ന് !!
ഇക്കഴിഞ്ഞ ദിവസം ഞാന്‍ കണ്ട ഒരു സ്വപ്നമിതാ :
ഞാനും എന്‍റെ ചേച്ചിയും അച്ഛനും എന്‍റെ മോളും ഏതോ ഒരു കുന്നിന്റെ പുല്‍പ്പരപ്പില്‍ ഇരിക്കയാണ്..ആകാശം വരെ പച്ച പൂത്തു നില്‍ക്കുന്ന കുന്ന് !നേരിയ നീല നിറം വാരിപ്പൂശിയ ആകാശം.സന്തോഷമുള്ളവരായി ഞങ്ങള്‍ ..എന്റുണ്ണി അവിടെ ഓടിക്കളിക്കുന്നു ..പിന്നീടാണ് സംസാരത്തിലെ സന്തോഷത്തിലെയ്ക്ക് എന്‍റെ കാതു കേഴ്വിയുടെ തുള വീഴ്ത്തിയത്  !ഞങ്ങള്‍ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചാണ് സന്തോഷിക്കുന്നത് !!
അച്ഛ  പറയുന്നു:
 ഞാന്‍ മരിക്കാം ആദ്യം.. ശേഷം നിങ്ങള്‍ ..!മരിച്ച എന്നെ നിങ്ങള്‍ വലിച്ചു ദാ ആ കൊക്കയിലേയ്ക്ക് എറിയണം ..ശേഷമേ നിങ്ങള്‍ മരിക്കാവൂ ..

ഞങ്ങള്‍ സന്തോഷത്തോടെ കേട്ടിരിക്കയാണ്‌..!!ഒരുതരം ആത്മ ഹര്ഷത്തോടെ !

അത് കഴിഞ്ഞു ഞാന്‍ ഉത്സാഹത്തോടെയും നേരിയോരാശങ്കയോടെയും  പറഞ്ഞു: ..എന്‍റെ മോള്‍..?എനിക്ക് ..

അവളെ ഞാന്‍ വളര്‍ത്തും ..!എന്‍റെ ചേച്ചിയുടെ ഒച്ചയില്‍ ഉത്സാഹത്തള്ളല്‍..

അപ്പോള്‍ നിനക്ക് മരിക്കണ്ടേ?ഞാന്‍ വീണ്ടും ശങ്കയില്‍ ..!

ഇല്ല എനിക്ക് കുഞ്ഞുങ്ങളെ വളര്‍ത്തണ്ടേ ..??

ശരിയാണല്ലോ എന്ന് ഞാന്‍ മന്ദബുദ്ധിയായി  !
അച്ഛ കൈയിലിരുന്ന വിഷക്കുപ്പി മടുമാടാ അകത്താക്കി മരിച്ചു വീണു !!ഞങ്ങള്‍ യാതൊരു വിഷമവുമില്ലാതെ കൈയിലും കാലിലും തൂക്കി അദ്ദേഹത്തെ വലിച്ചിഴച്ചു കൊക്കയിലേയ്ക്ക് വലിച്ചെറിഞ്ഞ് തിരിച്ചു വന്ന് അശേഷം വികാരം തീണ്ടാതെ അടുത്ത മരണത്തിനായി ഒരുക്കം തുടങ്ങി ..പക്ഷെ എനിക്ക് മടി കയറിത്തുടങ്ങി ..ആത്യന്തികമായി ഞാന്‍ ഒരു മടിച്ചി ആണെന്ന് സ്വപ്നത്തിനു പോലും തിരിച്ചറിവ് വന്നപോലെ ഞാന്‍ മരണത്തില്‍ നിന്നും പിന്‍വാങ്ങി ഓടിപ്പോയി ജീവിക്കാന്‍ തീരുമാനിക്കുംബോഴെയ്ക്കും ചേച്ചി എന്നെ അതില്‍ നിന്നും വിലക്കി എന്‍റെ ആപ്പിളില്‍ വിഷം തേച്ചു തന്നു ..

നീ മരിക്കൂ എന്നിട്ട് വേണം എനിക്ക് മോളെയും കൊണ്ട് പോകാന്‍ ..കുട്ടികള്‍ എന്നെ കാത്തിരിക്കയാവും.. അവള്‍ അക്ഷമയുടെ തീപ്പന്തമായി !

ഇല്ല എനിക്ക് മരിക്കേണ്ട ..ഞാന്‍ !

നീ മരി- ചേച്ചി ! (ഇവിടെ ഏറ്റവും രസകരമായത് അവള്‍ എന്‍റെ ജീവന് തുല്യം ഞാന്‍ സ്നേഹിക്കയും എന്നെ സ്നേഹിക്കയും ചെയ്യുന്ന.. എന്‍റെ എന്‍റെ എന്ന് പരസ്പരം ചത്തു സ്നേഹിക്കുന്നവര്‍ ആണ് എന്നതാണ്! )
മരണം വൈകുന്നതില്‍ അവള്‍ക്കുള്ള അതെ അക്ഷമ അവള്‍ ജീവിക്കുന്നതില്‍ എനിക്കുമുണ്ടായിരുന്നു! മരിക്കുന്നതും ജീവിക്കുന്നതും എന്തിനെന്ന ഒരേ ഒരു ചോദ്യം ആണോ എന്നെക്കൊണ്ട് ഈ ഗതികെട്ട സ്വപ്നം കാണിച്ചതെന്നറിയില്ല !
ഉണര്‍ന്നു കഴിഞ്ഞു ഏറെ നേരത്തേയ്ക്കുള്ള അസ്വസ്ഥതകള്‍ (ചിരിയുള്പ്പെടെ ) ആണ് എനിക്കീ സ്വപ്‌നങ്ങള്‍..

വിചിത്രമായ ഈ ആത്മസംഘര്‍ഷത്തെ സ്വപ്നമെന്ന് എനിക്ക് വിളിക്കാന്‍ തോന്നുന്നില്ല..വിളിക്കാതിരിക്കാനും ! മരണാനന്തര കര്‍മങ്ങളില്‍ വലിയ താത്പര്യമില്ലാത്ത ആളാണ്‌ എന്‍റെ അച്ഛന്‍.മരിച്ചു കഴിഞ്ഞാല്‍ പിന്നീടു ചെയ്യുന്നതൊക്കെ  എന്തിനാണ് എന്ന് അദേഹം ഇപ്പോഴും ചോദിക്കാറുണ്ട് ..അതായിരിക്കാം കൊക്കയിലേയ്ക്ക് വലിച്ചെറിയാന്‍ പറയുന്നതിലെ കാര്യം..! Amos tutuola യുടെ Palm-Wine Drinkard പോലെ എന്‍റെ സ്വപ്നങ്ങളും എന്നെ വലിച്ചിഴച്ചു ഏതൊക്കെയോ ഇല്ലാത്ത ലോകത്തിന്‍റെ ഇല്ലാത്ത കഥകളിലൂടെ കൊണ്ട് നടക്കാറുണ്ട് ..!
Sri Aurobindo reviews the nature of sleep and dreams: 
 “What happens in sleep is that our consciousness withdraws from the field of its waking experiences; it is supposed to be resting, suspended or in abeyance, but that is a superficial view of the matter. What is in abeyance is the waking activities, what is at rest is the surface mind and the normal conscious action of the bodily part of us; but the inner consciousness is not suspended, it enters into new inner activities, only a part of which, a part happening or recorded in something of us that is near to the surface, we remember. There is maintained in sleep, thus near the surface, an obscure subconscious element which is a receptacle or passage for our dream experiences and itself also a dream-builder; but behind it is the depth and mass of the subliminal, the totality of our concealed inner being and consciousness which is of quite another order. “ 

പക്ഷെ ഇതില്‍ നിന്നും എനിക്ക് കൃത്യമായൊരു ഉത്തരം കിട്ടുന്നില്ല !അബോധ മനസ്സില്‍ വേറൊരു ബോധതലമുണ്ടെങ്കില്‍ ഇത്തരം കാര്യങ്ങളായിരിക്കുമോ അവിടെ നടക്കുന്നതെന്ന മണ്ടന്‍ ചോദ്യമാണ് എനിക്ക് ചോദിക്കാന്‍ തോന്നുന്നത്..!  നിങ്ങള്ക്ക് മനോഹരമായി സ്വപ്നങ്ങളെക്കുറിച്ചു പറയാമെങ്കില്‍ വിശദീകരിച്ചു തരൂ ദയവായി എന്താണ് ഉറക്കത്തിലുള്ള വിചിത്രമായ ഈ സ്വപ്‌നങ്ങള്‍ ? 

Saturday, November 24, 2012

ആദിവാസി


കാതിരംബം കേള്‍ക്കാത്ത
കറുത്ത നിലവിളി
കാടിളക്കി പെയ്യുന്ന
കറുകറുത്ത മഴവിളി..

കരി മണ്ണു മണക്കുന്ന
കുഞ്ഞിളം ശരീരങ്ങള്‍ ..
മണ്ണിനും എണ്ണം ചൊല്ലും
കറുത്ത പാദുകങ്ങള്‍..!

ചാക്ക് നൂല്‍ കൂട്ടിത്തുന്നും
ചെറിയ മുള വാതില്‍..
പലവഴി തുറക്കുന്ന
ചതുരമറപ്പുര..!

കള്ളതു  മണക്കുന്ന
കളിമണ്‍ കോലായുകള്‍..
വെളിച്ചം പരക്കംപായും
 ഒരു തുണ്ടു കിടപ്പിടം ..!

കാട്ടാന മണക്കുന്ന
കാട്ടില്ലിക്കടംബുകള്‍..
കടുവാ കളിക്കുന്ന
തേക്കിലക്കൂമ്ബാരങ്ങള്‍..!

പായാരം പറയുന്ന
കാതില ഇല്ലിത്തോട !
മുറുക്കിച്ചുവപ്പിച്ച
തടിച്ച കപോലങ്ങള്‍..

മുറുകിക്കിടക്കുന്ന
എത്താപ്പും അരയില്‍ക്കെട്ടും
കൂട്ടിനായ് എണ്ണിക്കൂട്ടും
ഒരുകെട്ട്‌ വിറകതും !

രാഷ്ട്രീയം പൊലിപ്പിച്ച
ഭൂമിവാഗ്ധാനം കൊണ്ട്
കണ്ണു കൂര്‍പ്പിച്ചവര്‍
ഉറങ്ങാതിരിപ്പുണ്ട് !

Wednesday, November 7, 2012

അമ്മയോട്


ഇരുട്ട് ഏതില്‍ നിന്നുത്ഭവിച്ച്
ഏതിലേയ്ക്ക് പോകുന്നു ?!
ബോധാവസ്ഥ പ്രകാശമാണ് ..
ഇരുട്ടില്‍ നിന്നും പിറവിയെടുത്ത
മൂലപ്രകൃതി !
എല്ലാ അര്‍ത്ഥങ്ങളും മറഞ്ഞിരുന്നപ്പോള്‍
ഞാന്‍ അമ്മയുടെ ഗര്‍ഭത്തിലായിരുന്നു ..
നീ എനിക്ക് ജീവനും ബോധവും
പ്രകാശവും തന്നു !
എല്ലാ മൂലകങ്ങളും അഴിച്ചിളക്കി 
നീ എന്നെ തിരിച്ചു വിടുക ..
ഞാന്‍ ഒന്നു പറന്നു പോകട്ടെ..!
14/09/2006

നീ..


നീ..
മൊഴിയറിയാത്ത കാക്കക്കുറുകലില്‍
ഇടനെഞ്ചു പിടഞ്ഞവള്‍ ..
വിളര്‍ത്ത മിഴികളില്‍
അന്ജനമെഴുതിക്കറുപ്പിച്ച്
ആരെയും കടാക്ഷിക്കാന-
റിവില്ലാത്തവള്‍!
ആദ്യ കിരണങ്ങളായ് കടന്നെത്തുന്ന
തന്‍റെ സൂര്യനെ ധ്യാനിച്ച്
മച്ചകത്തൊളിച്ച മേഘക്കറുപ്പ് ..!

നിനക്കറിയില്ല ..
ഇന്നലെ വെയിലായ് വന്നുപോയ
നിന്‍റെ സൂര്യനെ !
ഇടവഴികളില്‍ പൊങ്ങിയ
മനം മദിപ്പിക്കുന്ന മണ്‍ മണത്തെ !
കല്‍ക്കുഴി തിണ്ടുകളില്‍ മുളച്ചാര്‍ത്ത
തെരുവക്കുരുന്നുകളെ ..!

നീ തരുന്നതീ ..
ഇടനെഞ്ചു തകര്‍ക്കുന്ന
ഓര്‍മക്കുറിപ്പുകളെ ..
ഇനിയും മിഴിനീര്‍ തേടുന്ന
വേദനയുടെ വേരുകളെ ..!
കനവിന്‍റെ പേടകം നിറയെ
തണുതണുത്ത കിനാക്കളെ ..
അതുകൊണ്ട്
നീ മരിച്ചാലെന്ത് !ഇല്ലെങ്കിലെന്ത്‌!

15/07/2004





 

Tuesday, November 6, 2012


ഭാരതം നിറങ്ങളുടെ  രാജ്യമെന്നിരിക്കെ അവയുടെ സൗന്ദര്യത്തെപ്പറ്റി ഞാന്‍ പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല എങ്കിലും നമ്മുടെ തെരുവുകളുടെ,വീഥികളുടെ ,വീടുകളുടെ ,നാടുകളുടെ നിറങ്ങള്‍ ഓരോരോ സ്ഥലങ്ങളില്‍ വ്യത്യസ്ഥമാണ്..സുന്ദരവും വിരൂപവുമാണ്..നമ്മുടെ അവബോധത്തില്‍ നിറങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി ഞാന്‍ ഓര്‍ക്കുകയായിരുന്നു..
ഇന്നലെ ന്യൂസ്‌ ചാനലില്‍ ഞാന്‍ പച്ച നിറം കൈക്കൊണ്ടിരിക്കുന്ന രൂപ പരിണാമവും അതിന്‍റെ പരിണിത ഫലങ്ങള്‍ വരുത്തിയേക്കാവുന്ന വിനയെപ്പറ്റി ദീര്‍ഘനേരം ചിന്തിക്കയും  ചെയ്തു..നമ്മുടെ മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ചിന്തിക്കാന്‍ പഠിപ്പിക്കെണ്ടുന്ന പള്ളിക്കൂടങ്ങള്‍ അഥവാ സ്‌കൂളുകള്‍ എന്താണ് നമ്മുടെ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ഉദേശിക്കുന്നത് ?! നിറങ്ങള്‍ക്ക് മതം എന്നൊരു അര്‍ത്ഥമെയുള്ളോ ?? പച്ച നിറത്തില്‍ ഒരു സ്ട്രീറ്റ് ലൈറ്റ് വന്നതുകൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല ,അതിനു രാഷ്ട്രീയമല്ലെങ്കില്‍ ..മതമില്ലെങ്കില്‍ ..അത് ഹരിതാഭമായ പ്രകൃതിയുമായി തീര്‍ത്തും ഇണങ്ങി നില്‍ക്കുന്ന ഒന്നായിത്തീരും.മറിച്ചു അതിനു മുസ്ലീമെന്ന ഓമനപ്പേര് കൈവരുമ്പോള്‍ അത്
തീര്‍ത്തും പ്രകൃതിയ്ക്ക് അതീതമാണ് മനുഷ്യനു മാത്രം ചേരുന്ന വെറുമൊരു വിളക്ക് കാല്‍ !പള്ളിക്കൂടങ്ങളില്‍ അദ്ധ്യാപികമാര്‍ പച്ച ബ്ലൌസ് ധരിച്ചു വരണമെന്നും മറ്റും പറയുമ്പോള്‍ അത് ഒരു പക്ഷെ ഭരണ പരിഷ്കരണത്തില്‍ വിദ്യാര്‍ഥികളോടൊപ്പം ഗുരുക്കന്മാരും ചിട്ടയായി എത്തുക എന്നുള്ളത് മാത്രമാണ് ഉദേശമെങ്കില്‍ നന്ന് ,പക്ഷെ അവിടെയും പകര്‍ന്നു നല്‍കുന്നത് മത വികാരവും രാഷ്ട്രീയ അംശവുമെങ്കില്‍ തീര്‍ച്ചയായും നമ്മുടെ കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുന്ന ഭാരതം വേറേതോ ഒരു രാഷ്ട്രമാകാന്‍ വഴിയുണ്ട് !

നിറങ്ങളാല്‍ ഇത്ര സമ്പന്നമായ വേറൊരു രാഷ്ട്രവും ഒരു പക്ഷെ കാണില്ല !നമ്മള്‍ ജീവിക്കുന്നത് തന്നെ നിറങ്ങളില്‍ മുങ്ങിക്കുളിച്ച്ചാണ്.നമ്മുടെ സംസ്കാരം തന്നെ നിറങ്ങളാല്‍ ചുറ്റപ്പെട്ടതാണ് ..നമ്മുടെ മത വികാരങ്ങളില്‍ നാം പതിച്ചു വെച്ചിരിക്കുന്ന നിറങ്ങള്‍ ദൈവങ്ങളുടെ ശക്തിയിലും അവര്‍ അധിനിവേശിച്ച സങ്കല്‍പ്പങ്ങളിലും അധിഷ്ടിതമാണ്,വിശ്വാസി അല്ലാത്തവനെ സംബന്ധിച്ചു ഈ നിറ സങ്കല്പങ്ങള്‍ നിരത്തു വക്കിലെ കാഴ്ച്ച പ്പൂരങ്ങള്‍ മാത്രമാണ്.നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനു  നിറങ്ങളെക്കാളുപരി നിറം പിടിപ്പിച്ച കോടികളാണ് എല്ലാവരുടെയും ലക്ഷ്യമെന്നിരിക്കെ നമുക്ക് നിറങ്ങളെ അവയുടെ പാട്ടിനു വിടുന്നതല്ലേ നന്ന് ?
നമ്മുടെ വിശ്വാസത്തിനും അഭിമാനത്തിനും ഒരുമയ്ക്കും മതങ്ങളും രാഷ്ട്രീയങ്ങളും ഒരു പരിധി വരെ നല്ലതാണ് ,ഓരോന്നിനും കാലങ്ങള്‍ക്ക് മുന്‍പേ പതിച്ചു കിട്ടിയ അല്ലെങ്കില്‍ പതിച്ചെടുത്ത നിറങ്ങളും സ്വന്തമായുണ്ട് .അതിനു വേറെ മുഖങ്ങള്‍ വരാതിരിക്കട്ടെ !നമ്മുടെ ഉത്സവങ്ങളും പെരുന്നാളുകളും നമ്മുടെ കുട്ടികളെ കൂട്ടി നമുക്കെല്ലാവര്‍ക്കും ഒന്നിച്ചു കൂടാനുള്ള ഒരു മാധ്യമം ആകട്ടെ ..അവിടെയെന്തു സ്പര്‍ദ്ധ !!

നീലയും പച്ചയും പിങ്കും എല്ലാം കൂടിക്കലര്‍ന്നു നിറങ്ങളില്ലാത്ത അവസ്ഥയിലാണ് അഥവാ വെളുത്ത നിറത്തിലാണ് എല്ലാവരും വെള്ളരി പ്രാവിനെ പറത്തുന്ന പരമ സമാധാനം കാംഷിക്കുന്നത് ! എന്നിട്ട് ഞാന്‍ പച്ച നീ നീല അവര്‍ പിങ്ക് എന്നെല്ലാം പറഞ്ഞു കൊടി ഉയര്‍ത്തുകയും അതിനു ചുവപ്പ് നിറമടിക്കയും പിന്നെ അതിനെച്ചൊല്ലി ചങ്ക് കുത്തി പുറത്തിട്ടു വിപ്ലവം പ്രസംഗിക്കുകയും ചെയ്യുന്നതില്‍ എന്ത് സത്യമാണ്ഉള്ളത് ?

ഭൂമിശാസ്ത്രപരമായ നിറഭേദങ്ങള്‍ ലോകത്തെമ്പാടുമുണ്ട് .അത് മനുഷ്യരിലും മൃഗങ്ങളിലും പ്രകൃതിയിലും പല തരത്തില്‍ നിറയുന്നു ..കൊണ്ടാടപ്പെടുന്നു.ഒരു വിവാഹിത അവളുടെ തിരുനെറ്റിയിലണിയുന്ന ചുമന്ന കുങ്കുമം അവളുടെ കടപ്പാടിനെയും പരിപാവനതെയുമാണ് ഹിന്ദു വിശ്വാസത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് ഇവിടെ ചുവപ്പ് വിപ്ലവം അല്ല അവളുടെ ശരീരപരമായ സാധൂകരണത്തിന്റെ , പ്രത്യുല്പാതനതിന്റെ അവളുടെ പങ്കാളിത്തത്തിന്റെ ചിഹ്നമാണ് .ഇതേ സിന്ദൂരം തിലകക്കുറി ആയി അണിഞ്ഞു ആളുകള്‍ സെമിനാര്‍ നടത്തുന്നു ,മാര്‍ച്ചു ചെയ്യുന്നു,മുദ്രാവാക്യം മുഴക്കുന്നു ,പോരടിക്കുന്നു !! അവിടെ ചുവപ്പിനു മൂല്യങ്ങള്‍ക്കതീതമായി അര്‍ത്ഥം കൈവന്നിരിക്കുന്നു ..അതിനു സഘടിക്കുവാനും ശക്തരാകുവാനും കഴിവ് വന്നിരിക്കുന്നു ..നോക്കൂ നിറങ്ങളുടെ അര്‍ത്ഥം പോകുന്ന വഴികള്‍..!



അതുപോലെ പച്ച ,അത് പ്രകൃതിയാണ്..കൃഷിയാണ് ..പരിപൂര്‍ണ്ണതയാണ് അതുകൊണ്ട് തന്നെ അത് സന്തോഷവുമാണ് വേറെന്തു വേണം അതിനു ദൈവീക പരിവേഷം വരാന്‍!അതിനെ ഉള്‍ക്കൊണ്ടു കൊണ്ട് എത്രപേര്‍ പോര്‍ വിളിക്കാന്‍ ഉണ്ടാകും ? ആ നന്മയെ സ്തുതിക്കുന്നവര്‍ക്ക് എങ്ങനെ നാവു പൊന്തും അതൊരു നിറമല്ല മതമാണ്‌ എന്ന് പറയാന്‍ ?അത് മതമല്ല ജീവിതത്തിന്‍റെ പച്ചപ്പാണ് എന്ന് കാണുന്നവരെ, മതമാണ്‌ പച്ചപ്പല്ല  എന്ന് ഓതിപ്പഠിപ്പിക്കുന്നതാകരുത് നമ്മുടെ സംസ്കാരം ,വിദ്ധ്യാഭ്യാസവും !


Monday, November 5, 2012

കുരങ്ങ്


ദു:ഖങ്ങളുടെയും ദുരിതങ്ങളുടെയും
കുരിശുമല  താണ്ടിയ ശേഷമാണ്
എനിക്കീ പുല്‍മേട്‌ കിട്ടിയത്..
ഞാനതിലിരുന്നൊന്ന്  ആനന്ദിക്കുന്നതിന്
നിനക്കെന്ത് ചേതം ?!!

ഞാന്‍ തിരിച്ചു പോയി
കരച്ചില്‍ തീരാത്ത ആ
പള്ളിമണിയുടെ കയററ്റത്ത്
മണിമുഴക്കിപ്പിടയണമെന്ന്
നിനക്കെന്താണിത്ര  നിര്‍ബന്ധം !!?

വെറും ചില്ലറപ്പണത്തിന്റെ
 പേരില്‍ എനിക്ക് 
കുരിശു മരണം വിധിച്ചവനാണ് നീ !
ഞാന്‍ തൂങ്ങിപ്പിടഞ്ഞപ്പോള്‍
നീ കാഴ്ച്ചക്കാരന്‍ !

അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും
പേരില്‍ നീ ഉമിത്തീയിലെരിയുക..
മണിമാളികയുടെ ഇരുട്ടില്‍
നീ തപ്പിത്തടയുക
എനിക്കെന്തു ചേതം ?!!

എനിക്കീ പുല്‍വീട് മതി
ചാണകം മെഴുകിയ സുഗന്ധം മതി
ഓലക്കീറിലെ സൂര്യന്‍ മതി ..
ഞാനിവിടെ സന്തുഷ്ടയാകുന്നതില്‍
നിനക്കെന്തു ചേതം !!?

കുഞ്ജനെ തൊട്ടു നമിച്ചു
ഞാന്‍ ചൊല്ലട്ടെ :
മാറെടാ-മാനുഷാ..
മാറിക്കിടാ ശ്ശടാ !
മാര്‍ഗ്ഗേ കിടക്കുന്ന
പീറക്കുരങ്ങു നീ !! 










Sunday, November 4, 2012

ദയ


ഹൃദയമുള്ളവര്‍ 
നിങ്ങള്‍ പ്രാര്‍ത്ഥിക്കണം
എന്‍റെ ഹൃദയമൊന്ന-
ടയണേ   എന്ന് !
ചോറു പാത്രം മോറുവാന്‍ വരും
കുഞ്ഞു കൈയ്യിനെ ഞെരിച്ചുടച്ച,
കുന്തന്‍ കല്ലു കിളച്ചു മറിച്ചു
വെടിപ്പാക്കി നിരത്തി;
വെള്ളം പാര്‍ന്നു കൃഷി-
യുയര്‍ത്തിയ; നീര് വറ്റി
മെലിഞ്ഞ ഉടലിനു
ബാക്കിയായ കൊഴുപ്പതും
കാര്‍ന്നുതൂങ്ങിയ എന്‍റെ
ഹൃദയ ധമനികള്‍..!
ഹോ..!എന്‍റെ ഹൃദയം
അടഞ്ഞു വരണേ എന്ന്..
നിങ്ങള്‍ പ്രാര്‍ത്ഥിക്കണം ..!

ചാഞ്ഞു തൂങ്ങിയ ചാക്കു
കീറിയ ഭിത്തി കെട്ടി
മറച്ച വീടിന്‍റെ ഉമ്മറം
നിരങ്ങി ഞാന്‍ വാങ്ങിയ
വോട്ടു കൊണ്ട് പടുത്ത,
ഈ പള പള മേനി കീറി
തുറന്നു വെച്ചൊരീ-
ചോര തുറിച്ച ഹൃദയം
അടഞ്ഞു മുറിവായ മൂടി
അടഞ്ഞു വരണേ എന്ന്‍..

കള്ളു കോരി നിറച്ചു
വച്ചോരീ പള്ള വീര്‍ത്തു
പതഞ്ഞു പൊങ്ങിയ ;
കള്ള നാണയമായോരീ
നുണ പൊന്തുമെന്റെ
ഹൃദയം തുറന്നൊരു
കീറലുണ്ടിന്നാശുപത്രിയില്‍..!
ഏറുമെന്‍റെ ഹൃദയ വ്യഥ-
ഏറ്റെടുത്തു നീ കേഴുക
ദയവായിനി , ഹൃദയ-
മൊന്നടയണേ എന്‍ കീറി
വച്ചൊരീ ഹൃദയം!

കീറുവാനിനി ഏറെയുണ്ടതിനോര്‍-
ക്കണം പല ജീവിതങ്ങള്‍..
അതിനായി നിങ്ങളില്‍
ഹൃദയമുള്ളവര്‍
ഓര്‍ത്തു വിളിക്കണം
കരുണാമയാ..ഹൃദയമൊന്നു
അടഞ്ഞു വേണമെന്‍
കീറി വച്ചൊരീ ഹൃദയം! 




Friday, November 2, 2012

നിഴല്‍


നീ നര്‍ത്തകന്‍,കവി ,
പാട്ടുകാരന്‍..നടന്‍,
നാട്യക്കാരന്‍ !
നിന്‍റെ  നൃത്തത്തിന്‍റെ
ചുവടുകള്‍ തുടങ്ങിയത്
നിലയ്ക്കാത്ത ആഗ്രഹത്തിന്‍റെ
കൂര്‍ത്ത വേരുകളില്‍ നിന്ന്..!
ഞാന്‍ ആ വേരിനു വെള്ളമൊഴിച്ച്
ഇല വരുവാന്‍ കാത്തിരുന്നവള്‍..!

നീ ഗുരുവില്ലാത്ത ഏകലവ്യന്‍ !
ഗുരുവിനെത്തേടിയലഞ്ഞ
സന്ധ്യയില്‍ കൈപിടിച്ചു
ബലം നല്‍കിയവള്‍ ..
ചാഞ്ഞിരുന്നു വിയര്‍പ്പൂതി
ഉമ്മകൊടുത്തവള്‍..
 രാവേറെ ചെല്ലും വരെ
നിന്‍റെ  നൃത്ത സപര്യയ്ക്കു
കൂട്ടിരുന്നവള്‍ ..
കൂടണയാന്‍ വൈകുമ്പോള്‍
കാത്തിരുന്നു നെഞ്ച് കഴച്ചവള്‍
ഞാന്‍ ..!

നീ പൂത്തിറങ്ങിയ
നൃത്ത സന്ധ്യയില്‍
പൂത്തുലഞ്ഞവള്‍..
പറക്കുന്ന നിന്‍റെ
കാലടിയില്‍ ചിലങ്കയാകാനായ് 
ഉറക്കത്തിനോട് 
കലംബിയെഴുനേറ്റവള്‍..
നീ  തെറ്റിയപ്പോള്‍
താളം തെറ്റിയവള്‍ ഞാന്‍ !

നീ തൊട്ടു നമിച്ചത് !
പൊലിഞ്ഞു പോയ നിന്നമ്മയെ..
അകലത്തകായിലുറങ്ങുന്ന അച്ഛനെ ..
കാലില്‍ ചിലംബുറഞ്ഞ ഗുരുവിനെ ..
എല്ലാം പുശ്ചിക്കുന്ന സാഹോദര്യത്തെ..
ഇന്നലെ വന്ന സുഹൃത്തിനെ ..
പിന്നെ നിന്നെയുറപ്പിച്ച മണ്ണിനെ ..
നന്ന് നന്നെല്ലാം നന്ന് !
ഒന്ന് മാത്രം  ഞാനറിഞ്ഞമ്ബരന്നു  !
നീ ഞാന്‍ തെല്ലുമറിയാത്ത
എന്‍റെ നിഴലായിരുന്നുവെന്ന് !!


 
  



ചില നേരുകള്‍ നോവുപാട്ടുകളാണ് ..
ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..!
ഏതു കണ്ണിലും നീര്‍ പടര്ത്തുന്നവ..
എപ്പോള്‍ വേണമെങ്കിലും
അടര്‍ന്നു വീഴുന്നവ ..!
അടര്‍ന്നു പോയാലും
പോറല്‍ വീഴ്ത്തുന്നവ ..!
അതുകൊണ്ട് ആ നേര് ഞാന്‍
വേണ്ടെന്നു  വെച്ചു..

Thursday, November 1, 2012

ഞാന്‍ ഓര്‍മകള്‍ക്ക് പിറകില്‍
ഊറ്റം കൊള്ളുന്നവള്‍ ..
നിന്നെ സ്നേഹിച്ചു കൊല്ലുന്നവള്‍ ..
നിനക്ക് ഓര്‍മയുണ്ടാക്കിത്തരികയാണെന്‍റെ
ഓര്‍മ്മപ്പെടുത്തലുകള്‍..!
ഇന്നലെ കത്തിപ്പോയ
കമ്മ്യുണിസ്റ്റ് പച്ചയില്‍ പെട്ട്
കത്തിപ്പോയോ ഒളിച്ചിരുന്ന
നിന്‍റെ വിപ്ലവ വീര്യം !
അതോ ഭീരുവെപ്പോലെ
എന്‍റെ കുറിപ്പുകളുടെ
താളില്‍ നിന്നും ഇറങ്ങി
ഓടിപ്പോയോ ??
 

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...