Saturday, March 30, 2019

അതെ,
നിശബ്ദത കൊണ്ടളന്നു മുറിച്ചാണ്
ഞാനെന്നെ ഇത്രമേൽ
സ്നേഹിക്കുന്നത്
വ്യഥയുടെ ചില്ലു പാത്രങ്ങൾ
എപ്പോൾ വേണമെങ്കിലും
വീണുടയാം
ഒരുച്ചയുറക്കത്തിന്റെ
ലാഘവത്തോടെ
എനിക്കെന്നെ തൂത്തെറിയാം
ആത്മഹത്യ ചെയ്യുന്നവരെ
എനിക്കിഷ്ടമാണ്
അവർ സിംഹത്തേക്കാൾ
ധീരരാണ്
വേദനകളെ നോക്കി
കൊഞ്ഞനം കുത്താൻ
ജീവന്റെ സ്പന്ദമാപിനികളെ
ഒറ്റയമർത്തലിന് നിർത്തിക്കളയുവാൻ
കെല്പുള്ളവർ അവർ മാത്രമാണ്!

ഒളിച്ചു പ്രണയിക്കുന്നതെനിക്ക്
പുച്ഛമായതിനാൽ
ഞാൻ മറയില്ലാത്ത ആകാശമാകും
പ്രണയം മഴമേഘം പോലെ
എന്നിൽ തങ്ങിനിൽക്കണം
നാലാളു കാൺകേ
നമ്മൾ മഴയായിപ്പെയ്യണം
അല്ലാതെ ആരും കാണാതെ
ആരും കേൾക്കാതെ
അയ്യേ ജാര പ്രണയം!
നിനക്കു പോയി
ആത്മഹത്യ ചെയ്തു കൂടേ
പ്രണയിക്കാൻ പോലും
അറിവില്ലാത്തവൻ!
ധൈര്യമില്ലാത്തവനെ
പ്രണയിക്കുന്നവൾ
അബലയാണ്
അവളെ കല്ലെറിയുക!
................................. അഹം അഹങ്കാരാസ്മി! അനിതാസ്മി!
25/03/2019
ധൈര്യമില്ലാത്തവളാണ് ഞാൻ
ജിവിതം തന്ന നാരങ്ങാവെള്ളത്തിൽ
അരക്കഴഞ്ച് ധൈര്യം കലക്കി
ഒറ്റവീർപ്പിന് കുടിച്ച്
അല്പം ആത്മവിശ്വാസവും തൊട്ടു നക്കി
ചിറിയും തുടച്ച് ഒരേമ്പക്കവും വിട്ട്
നിവർന്നു സ്വന്തം കാലിൽ
നിൽക്കാന്നു വിചാരിച്ചപ്പോഴേക്കും
ആടിപ്പോയ കാലിന്
ആപ്പു വയ്ക്കുകയാണ് കാലം!
എന്റെ കാലെവിടെ കാലേ..
കാലമേ.. കാലനേ!!
..................... കാലുമില്ലാത്ത കാലം ! _ കലി - ത

25 /03/2019

Tuesday, February 5, 2019

പടച്ചവന്‍


വേദന കീറിക്കുടഞ്ഞ
പകലുകളിലൊന്നാണ്
പടച്ചവന്റെ മുറിയിൽ നിന്നും
ഞാനിറങ്ങിപ്പോന്നത്
അപ്പോൾ വർഷ കാലം
കുതിച്ചു പെയ്യുന്നുണ്ടായിരുന്നു

തൂവെള്ള മുണ്ടുടുത്ത ദൈവമപ്പോൾ
പകലിനെ ആലിംഗനം ചെയ്യാനായി
വെമ്പൽ പൂണ്ടു നിൽക്കയായിരുന്നു
സൂര്യനതറിയാവുന്നത് കൊണ്ട്
മുറിയടച്ചു കിടന്നുറങ്ങാൻ തുടങ്ങി
ഇരുണ്ട് ആകെയിരുണ്ട്
ഭൂലോകമങ്ങനെ കൊതികുത്തി നിന്നു !

അവർ പതിന്നാലുപേരും ബ്രാണ്ടി അടിച്ചുകൊണ്ടിരുന്നു
അവരെല്ലാവരും പടച്ചവന്റെ മക്കളല്ലായിരുന്നു
രണ്ടുപേർ അയ്യപ്പന്റെ
മൂന്നു പേർ ശ്രീബുദ്ധന്റെ
ഇനിയൊരാൾ വിശുദ്ധ
സെബാസ്റ്റ്യനോസിന്റെയും.

വർഷകാല മേഘമൊന്ന്
ആയാസപ്പെട്ട് മുടന്തിനീങ്ങിയ
പള്ളി മഹല്ലിന് സമീപമായിരുന്നു
പടച്ചവന്റെ കുടുസ്സുമുറി
അവിടമാകെ എന്റെ
ചോരയും നീരും കുപ്പായക്കഷണങ്ങളും
അവസാനത്തവൻ നിസാരമായി
എന്റെ കഴുത്ത് ചെരിച്ചൊടിച്ചു കളയും മുമ്പ്
എന്റെ അരക്കെട്ടിൽ അവന്റെയാനന്ദം
തള്ളി നിറച്ചു
ആഹാ! ആനന്ദമാനന്ദം
ആ .. മരണമാണാനന്ദം !

പുറത്തപ്പോഴും നാമജപഘോഷയാത്ര
കുടചൂടി ഒഴുകിപ്പോകുന്നു
സ്വാമിയേ ,അയ്യപ്പോ
മുദ്രാവാക്യങ്ങളുടെ സ്വരാവലികൾ
മുറവിളികളോടെ കുറെ പെണ്ണുങ്ങൾ !
'ടിക് 'ചെറിയൊരൊച്ച
എന്റെ കഴുത്ത് ഒടിഞ്ഞതാണ്
ഓ! ഞാൻ പടച്ചവന്റെ മുറിയിൽ
നിന്നും പുച്ഛത്തോടെ ചിറി കോട്ടി

താഴെ കിഴക്കേ കോവിലിൽ
ദീപാരാധന സമയം മണിയടി
അങ്ങോട്ടു നോക്കി
'ത്ഫൂ '
എന്നൊരാട്ടോടെ പടച്ചവനെ വിട്ട്
എന്നേക്കുമായി
ഞാനിറങ്ങിപ്പോന്നു
മരണത്തിനും വേണ്ടേ
ആത്മാഭിമാനം?

മഹല്ലിനപ്പുറം സൂര്യൻ
കതക് തുറന്ന് പുറത്തിറങ്ങിയപ്പോൾ
പകലു വീണ് നനഞ്ഞ വഴികൾ
തിളങ്ങിക്കിടന്നു
ആളില്ലാത്ത പീടിക മുറികളും
അവിടെ തൂങ്ങിക്കിടന്ന പരസ്യങ്ങളും
എല്ലാമെല്ലാം അതുപോലെ
ഭദ്രമായിരുന്നു
പടച്ചവൻ മാത്രം കിഴക്കേകോവിലിലെ
ദേവ്യോടു പറഞ്ഞു:
'ന്നാലും കിഴക്കേടത്തമ്മേ
ഞമ്മളങ്ങ് ചമ്മിപ്പോയി
ഓളൊരു ഇബലീസ് തന്നെ !'

....................... ഇബലീസ് അനിത

പേരൻപ്!


പേരൻപ്! ഒരു മുൻവിധിയും വയ്ക്കാതെയാണ് കാണുവാൻ ഇരുന്നത് .ഒരു റിവ്യൂവും മന:പ്പൂർവ്വം വായിച്ചില്ല. മുൻവിധിയോടെ കാണരുത് എന്ന ചെറിയ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. പ്രകൃതിയുടെ സ്ഥൂല സൂഷ്മ ഭാവങ്ങളെ മനുഷ്യന്റെ അവസ്ഥാന്തരങ്ങളുമായി താരതമ്യപ്പെടുത്തുന്നതാണ് ആദ്യ രണ്ടു ഭാഗങ്ങൾ എത്തിയപ്പോൾ ത്തന്നെ ശ്രദ്ധയിൽ പെട്ടത്, രോഗാതുരമായ മനുഷ്യന്റെ സമൂഹ മനസ്സ് രോഗിയേക്കാള് വളരെയേറെ പരിതാപകരവും സഹതാപാര്ഹവും ആണെന്ന് നമുക്കെന്നും അറിയാം .അതൊരിക്കലും സാന്ത്വനിപ്പിക്കില്ല ,പകരം എരിതീയില് എണ്ണയെന്നോണം ബുദ്ധിമുട്ടുകളെ ഊതിയൂതി കത്തിക്കും എന്നിട്ടതിന്റെ ചാരത്ത് സുഖമായി ചൂടുകൊള്ളാനിരിക്കും.പാവം അനുഭവിക്കുന്നവര് നിന്നു കത്തും .അതുതന്നെയാണ് ഇതില് മമ്മുട്ടിയുടെ അവസ്ഥയും .
കരയാനുള്ള സിനിമയല്ല പേരന്പ്.അമുദവന് നല്കുന്ന പാഠം കരയണം എന്നതുമല്ല .തിരക്കഥ അതിഗംഭീരം എന്നുതന്നെ പറയും ,കാരണം ഇത്തരം ഒരു ത്രെഡ് മുന്നോട്ടു വയ്ക്കുവാന് സംവിധായകന് കാണിച്ച മനസ്സിനെ നമിക്കാതെ വയ്യ .രോഗികളായ അനേകമനേകം കുഞ്ഞുങ്ങള് നമുക്കിടയിലുണ്ട് .ഈ കുഞ്ഞുങ്ങളേ ഭൂരിപക്ഷത്തിനേയും അമ്മമാര്/സ്ത്രീകള് ആണ് കളിപ്പിക്കുന്നതും കുളിപ്പിക്കുന്നതും അപ്പികഴുകുന്നതും ഭക്ഷണം കൊടുക്കുന്നതും എടുത്തുകൊണ്ടു നടക്കുന്നതും എല്ലാം .അവരിലൂടെ വളര്ന്നു വരുമ്പോള് അവരുടെ ആവശ്യങ്ങളെ വികാരങ്ങളെ ,വ്യാകുലതകളെ കാണുന്നതും കേള്ക്കുന്നതും അത് നടത്താനാകാതെ പൊട്ടിക്കരയുന്നതും ഭൂരിപക്ഷവും ഇവര്തന്നെ .ചുരുക്കം അച്ഛന്മാരും ഉണ്ടീ കൂട്ടത്തില് . അപ്പോള് ഇപ്പറഞ്ഞ കണ്ണുനീരും ഉള്ളില് തട്ടുന്ന സ്നേഹാവിഷ്കാരങ്ങളും സമൂഹം തിരിച്ചറിയാതെ പോകുന്നു .മക്കളെ എടുത്തു ചുമന്നു നടുതളര്ന്ന എത്രയോ സ്ത്രീ ജന്മങ്ങള് ഉണ്ട് !! ആരാലും അറിയാതെ അവരുടെ കാലം കഴിഞ്ഞുപോകും ! എങ്ങാണ്ട് കൊണ്ട് കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യുമ്പോള് പോലും ഈ പാവം പിടിച്ച ജന്മങ്ങള് എത്ര സഹിച്ചു എന്നാരും അറിയില്ല!! (അത് സിനിമാക്കഥ അല്ല ജീവിതം ,ഇനി സിനിമയിലേയ്ക്ക് )
സ്‌പേസ്റ്റിക് പാരാലിസിസ് എന്ന അപൂർവ്വ രോഗമുള്ള മകളും അവളുടെ പിതാവും തമ്മില് അവളെവിട്ട് അമ്മ ഓടിപ്പോയതിന് ശേഷം വിടര്ന്നു വരുന്ന ബന്ധത്തിന്റെ ആഴവും വ്യാപ്തിയും ആണിതില് കാണിക്കുന്നത് .അത് പ്രകൃതിപോലെ അത്രമേല് പ്രക്ഷുബ്ദവും വിശാലവും സ്നേഹ മസൃണവും എല്ലാമാണ് .അതിനെ കാണിക്കുന്നതില് സംവിധായകന് വിജയിച്ചിട്ടുണ്ടെങ്കിലും ചില ഫ്രെയിമുകള് അസാധാരണമാം വിധം വലിഞ്ഞു നീളുന്നുണ്ട് .അതില് കോടമഞ്ഞിനുമുണ്ട് ചില കൈകള് . അമ്മയില്ലാതെ വളരുന്ന സാധാരണ പെണ്കുട്ടികളെ വളര്ത്തുമ്പോഴും അച്ഛന്മാര് അവരുടെ ഋതുമതി കാലഘട്ടത്തില് കൂടെനിന്ന് കാര്യങ്ങള് പറഞ്ഞു കൊടുക്കേണ്ടാതായുണ്ട്,അപ്പോള് സ്വാഭാവിക ചലനങ്ങള് അപ്രാപ്യമായ ബുദ്ധിയുടെ ആഴം ഒന്ന് രണ്ടു മൂന്ന് വരെ എണ്ണി നിര്ത്തേണ്ടി വരുന്ന ഒരു ബാല്യക്കാരിയില് എത്ര രൂക്ഷമായിരിക്കും അത് !
അമുദവനെന്ന അച്ഛന് സ്നേഹം മാത്രം നിറയുന്ന വൈദ്യുതി പോലും എത്തിനോക്കാന് അനുവദിക്കാത്ത മനോഹരമായ ഭൂമികയിലെ പഴയ ആ വീട് വാങ്ങുന്നതുപോലും അവളുടെ നിലനില്പ്പിന്റെ ആഴത്തിന് വേണ്ടിയാണ് .ഭൂമാഫിയ നികൃഷ്ടമായി അതിനെ തകര്ത്തെറിയുമ്പോള് സംവിധായകന് മുന്നോട്ടു വയ്ക്കുന്ന അടുത്ത ചോദ്യം ആകുന്നുണ്ടത് ,പ്രകൃതിയെ അതിന്റെ ആഴങ്ങളെ സ്വഭാവികതയെ നിലനിര്ത്താന് പരിശ്രമിക്കുന്ന വിരലില് എണ്ണാവുന്ന ആളുകളുടെ കൂടെ വംശനാശം വിദൂരമല്ല എന്നത് ! നന്ദി പ്രകൃതിയോടുള്ള ഈ സ്നേഹത്തിന് !പക്ഷെ അമുദവനേ ചതിക്കാന് എത്തുന്ന ഗ്രാമ സുന്ദരി അത്രമേല് പോളിഷ് ചെയ്ത നഗര സൗന്ദര്യം ആകരുതായിരുന്നു .അതൊരു പാളിച്ച തന്നെയാണ് .സൌന്ദര്യമാകാം പക്ഷെ പച്ചയായ സൗന്ദര്യവും പോളീഷു ചെയ്ത സൗന്ദര്യവും എപ്പോഴും രണ്ടാണ് .അതിനെ സംവിധായകര് തിരിച്ചറിയണം .റോങ്ങ് കാസ്റ്റിംഗ് എന്ന് വേണമെങ്കില് പറയാം .
ഗ്രാമീണതയുടെ സൌന്ദര്യമല്ല ഒരിക്കലും നഗരത്തിന് ! അതിന് കപടതയുടെ വിചിത്ര വൈരൂപ്യ മുഖം കൂടിയുണ്ട് .നഗരം ഊട്ടിയുറക്കുന്ന രാപ്പകലുകള്ക്ക് അതുപോലെ തന്നെ പേടിപ്പെടുത്തുന്ന നിശബ്ദത കൂടിയുണ്ട് .ഇടനേരങ്ങളിലെ പേരറിയാക്കരച്ചിലുകളുടെ വിഹ്വലതയുണ്ട് അതിന് കാമാതുരമായ പേക്കൂത്തുകളുടെ അലറിക്കരച്ചിലുകള് ഉണ്ട് .അത്തരമൊരു കരച്ചിലിലൂടെയാണ് ട്രാന്സ്ജെണ്ടറായ പുതിയൊരു സൗഹൃദത്തെ അമുദവന്കാണുന്നതുംസഹായിക്കുന്നതും. ഇതാ ഇവിടെ സംവിധായകനെ നമുക്ക് വീണ്ടും ആശ്ലേഷിക്കാം ഒരു ട്രാന്സ്ജെണ്ടറിനെ ഇവിടെ നല്കിയതിലൂടെ അവരുടെ സാമൂഹിക നിലവാരത്തെ വികാരങ്ങളെ സാധാരണ ജനങ്ങളുടേതുമായി താതാത്മ്യം വരുത്തുകയാണ് അദ്ദേഹം .ഹാറ്റ്സ് ഓഫ്‌ ഫോര് ദാറ്റ്‌ !അഞ്ജലി അമീറിന്റെ അഭിനയം വളരെ തന്മയത്വത്തോടെ പിക്ച്ചര് പെര്ഫെക്റ്റ്‌ ആയിരുന്നു .എത്ര കൈയ്യൊതുക്കത്തോടെയാണ് അവര് അഭിനയിക്കുന്നത് ! അഭിനന്ദനങ്ങള്.
മകളുടെ വളര്ച്ചയില് അവളുടെ ഇത്തിരിപ്പോന്ന മനസ്സിലും വികാരങ്ങളുടെ, സെക്സിന്റെ ആവശ്യകത ഉണ്ടെന്നു തിരിച്ചറിയുന്ന നിമിഷം നല്ലമനസ്സുള്ള ഏതൊരു അച്ഛനെപ്പോലെയും അമുദവന് തകര്ന്നു പോകുന്നു .മമ്മൂട്ടി എന്ന മെഗാ നടന്റെ നടന വൈഭവം മലയാളികളെ ആരും പറഞ്ഞു പഠിപ്പിക്കേണ്ട ,ഈടുറ്റ കത്തിജ്വലിക്കുന്ന എത്രയെത്ര ഭാവങ്ങള് എത്രയെത്ര സിനിമകള് നമുക്ക് മുന്പിലുണ്ട് .അതുകൊണ്ട് ദയവു ചെയ്ത് ആരോപിക്കരുത് ഇതാണ് അത്യുജ്ജ്വലമായ അദ്ദേഹത്തിന്റെ എന്നത്തെയും അഭിനയം എന്ന് ! അല്ല അഭിനയത്തിലൊന്ന് എന്നുപറയണം . പക്ഷെ അമുദവനെ മറ്റാര് ആടിയാലും ഇതാകില്ല അനുഭവം ,അപ്പോള് അറിയാമല്ലോ അതിന്നര്ത്ഥം !
പാപ്പാ! എന്റെ കുട്ടീ നീ ആടിയ ആട്ടം നിനക്ക് ദേശീയ അവാര്ഡ് നല്കട്ടെ .നീ പെയ്ത വേദന അരുമയാന നെഞ്ചകങ്ങളെ ഇനിയുമിനിയും പൊള്ളിക്കട്ടെ.നീ പകര്ന്ന വാഴക ഇനിമേല് ഒരു കുഞ്ഞിനും പതിക്കാതെ പോകട്ടെ . സാധന,മകളെ നീ പെട്ട പാട് അതുമായി ജനിച്ച ഓരോ കുഞ്ഞിനുമുള്ള അനുഗ്രഹമാകട്ടെ ,അവര്ക്കുള്ള സ്നേഹം ,സാന്ത്വനം ,വികാരം അതിനൊക്കെ അര്ത്ഥമുണ്ടാകട്ടെ .ശരീരത്തില് വളരുമ്പോള് കാമമുണ്ടാകുക എന്നതൊരു തെറ്റല്ല .ഏതൊരു ജീവിയുടെയും നൈസര്ഗികമായ അടയാളമാണത്.കിടപ്പിലായിപ്പോകുന്ന രോഗികള്ക്കും ഇത്തരം കുട്ടികള്ക്കും വിദേശ രാജ്യങ്ങളിലേതുപോല് പ്രൊഫഷണല് ബ്രോതെലുകള് നിലവില് വരുന്നൊരു രാജ്യം നമുക്ക് സ്വപ്നം കാണാം .സ്വന്തം മകന് കിടപ്പിലായി പോയതിനാല് അയാളുടെ ശാരീരിക ആവശ്യത്തെ കണ്ടറിഞ്ഞു കൈഭോഗം ചെയ്തുകൊടുത്ത് സഹായിക്കുന്ന ഒരച്ഛന് നമ്മുടെ ഈ കൊച്ചു കേരളത്തില് ഉണ്ടെന്നു ഞാന് കേട്ടിരുന്നു .ആരെന്നു മറന്നു .വികാരം ഉണരുന്നത് തെറ്റല്ല എന്ന് നമ്മുടെ ഇടുങ്ങിയ മനസ്സ് 'അയ്യേ ..'എന്ന് പറഞ്ഞു സമ്മതിക്കില്ല ! അതാണ്‌ നമ്മള് ! മാറേണ്ടിടത്തു മാറാത്ത നമ്മള് ! ഈ ഒരു വലിയ വിഷയത്തെ പൊതു സമൂഹത്തിനു മുന്പില്വച്ചതിനാണ് ഞാന് എഴുനേറ്റു നിന്നു കൈയടിക്കുന്നത് ! രാം ,നന്ദി സ്നേഹം .
'I Am Sam' എന്ന Jessie Nelson സംവിധാനം ചെയ്ത സിനിമയില് മാനസിക വെല്ലുവിളി നേരിടുന്ന നായകന് (Sean Justin Penn) മകളെ തനിയെ വളര്ത്തുന്നതും അതിന്നിടയില് മറ്റുള്ളവരുടെ ഇടപെടലും പിന്നീട് മകള് വളരുമ്പോള് അച്ഛനെ പരിചരിച്ചു വളരുന്നതുമായ സാഹചര്യമുണ്ട് .അസാമാന്യ കൈയ്യൊതുക്കത്തോടെയാണ് സംവിധായകന് ഈ സിനിമ ചെയ്തിരിക്കുന്നത്‌ .പേരന്പ് കാണുമ്പോള് ആ സിനിമ ഓര്ത്തുപോകുന്നു .അവിടെയുമിവിടെയും ചെറിയ ചില കുറവുകള് ഉണ്ടെങ്കിലും ഇതിലെ സാങ്കേതിക വിഭാഗം നാളെയുടെ പ്രതീക്ഷയാകാം .നമുക്കഭിമാനിക്കാം ചൂണ്ടിക്കാണിക്കാന് അന്തസ്സുള്ള സിനിമകള് പിറവിയെടുക്കുന്നതില്,അതുള് ക്കൊള്ളാന്‍‍നമുക്ക് കഴിയുന്നതില് .നന്ദി പേരന്പ് ടീം .

Wednesday, January 30, 2019

ശിശിരം

ശിശിരം കാട്ടുപോന്തകള്‍ക്കിപ്പുറം നിന്ന്
ഉടുപ്പൂരി എറിയുന്നത് അന്നൊരിക്കല്‍
മരങ്ങളിലൊന്ന് അറിയാതെ കണ്ടു
ഹാ നഗ്നതയ്ക്ക് ഇത്ര ഭംഗിയോ !
സ്വയമറിയാതെ
മരം മൊഴിഞ്ഞുപോയി ..

മരം ഇലപൊഴിക്കുവാന്‍ തുടങ്ങി
തണുപ്പ് ഉടലിലേയ്ക്കടിച്ചു കയറിയപ്പോള്‍
'ഹോ ..എന്തൊരു കുളിരെന്നത്
രോമാഞ്ചമണിഞ്ഞുപോയി
ശിശിരം മരത്തിന്മേല്‍ ആഞ്ഞു പുല്‍കി
അരികിലൂടൊരു നദി
നാണം കൊണ്ട് തുടുത്തൊഴുകി
ഹേമന്തമണഞ്ഞപ്പോള്‍ ആ മരം
പൂത്തുലഞ്ഞു പൂനിലാവായി
മറ്റുമരങ്ങള്‍ പോലും അതുകണ്ട്
പൂവണിഞ്ഞുപോയി
അന്നുമുതലാണല്ലോ അവര്‍ ശിശിരത്തെ
ആവാഹിച്ചണച്ചുതുടങ്ങിയതും
പൂവഴികള്‍ നാടുനീളെ തെളിഞ്ഞു തുടങ്ങിയതും

ഉപാധി

ഉപാധികളില്ലാതെ നിങ്ങൾ സ്നേഹിക്കപ്പെടുന്നുവെങ്കിൽ
നിങ്ങളുടെ മുഖത്തെ കരിവാളിപ്പ്
നിങ്ങളുടെ കാലടിയിലെ വെടിച്ചു കീറൽ
നിങ്ങളുടെ നടുവിന്റെ വിലക്കം
നിങ്ങളുടെ മുട്ടിന്റെ വേദന
നിങ്ങളുടെ കൊഴിയുന്ന മുടി
നിങ്ങളുടെ മങ്ങുന്ന കാഴ്ച
നിങ്ങളുടെ തിരിച്ചുകിട്ടാത്ത ഓർമ്മ
എന്നിവയെല്ലാം സ്നേഹത്തോടെ
നിങ്ങളോടു പറയും:
എന്നാലും നീ അതീവസുന്ദരിയാണ്
എന്റെ പ്രിയേ ജീവിതം തരുന്ന
സൗഭാഗ്യങ്ങളാണ് ഞങ്ങൾ
കൂടെക്കൂട്ടി നടന്നാട്ടെ ,
ഉം അങ്ങനെ തന്നെ !

ആദിമ മനുഷ്യനെ സിംഹം ഓടിച്ചപ്പോഴായിരുന്നു 'ന്റെ ദൈവേ' എന്ന് നിലവിളിയോടെ ദൈവമുണ്ടായത്!

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...