Thursday, April 24, 2014

പാലുകാച്ച് !

സ്നേഹിക്കുന്നതും കാമിക്കുന്നതും
സ്നേഹത്തിന്റെ കൂടപ്പിറപ്പായ
വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നതിന്നിടയിൽ
സംശയം സിമന്റു പോലെ
ഇടയ്ക്കിടയ്ക്കിട്ടു കൊടുക്കുന്നതും
കൊണ്ടാണ് തെക്കേലെ ശാരദയെ
അയാൾ ഉപേക്ഷിച്ചു പോകാൻ തീരുമാനിച്ചത് !

വിവാഹമെന്ന കെട്ടുപണി
പാലുകാച്ചു വരെ എത്തിക്കണമെങ്കിൽ
സംശയം വരാതെ കാക്കണമെന്നയാൾക്കറിയില്ലായിരുന്നു !
അയാൾ പതിവുപോലെ
കക്കാ വാരാൻ നീറ്റിലിറങ്ങുകയും
ഞണ്ട് കടിയും മീൻകൊത്തും വാങ്ങി
കാലുകളിൽ ചോരപാകി കയറി വരും .
അയാളുടെ നഗ്നമായ കാൽപാദത്തിലെ
ചോര ആരുടെതെന്ന് അവൾ ചുഴിഞ്ഞു നോക്കുന്നു ..
'എന്റെതെ'ന്നയാൾ ആയത്തിലലറുമ്പോൾ
അവൾ ഉള്ളിൽ ചിരിക്കുന്നു !
മുറിവ് കെട്ടിയ തുണി ആരുടെതെന്നവൾ വീണ്ടും ..
'നിന്റെ അപ്പന്റെ ..'എന്നയാൾ കഞ്ഞിക്കലം
അടിച്ചു ചളുക്കുന്നു,
അവൾ ഉള്ളിൽ ചിരിക്കുന്നു .
'നെനക്ക് നട്ടപ്പിരാന്താ 'എന്ന് പിറുപിറുത്തു
കൊണ്ടയാൾ പായിലെയ്ക്ക് മറിഞ്ഞുവീണുറങ്ങുന്നു  ..
അവൾ സംശയം തേച്ചുറച്ച ഭിത്തിയിൽ
ചാരിയിരുന്ന് അഭിമാനത്തോടെ  ഉള്ളിൽ പറയുന്നു
'നിങ്ങളെ എനക്ക് സംശ്യോ ന്റെ മനുഷ്യാ!!
ഇയാളിത്ര പൊട്ടനായിപ്പോയല്ലോന്റെ ദേവ്യേ '!!

Wednesday, April 23, 2014

ആത്മഹത്യ !

അമ്പത്തിനാല് ഡിഗ്രി ഉഷ്ണത്തിൽ
വീണ്ടും ഉഷ്ണം കൂട്ടി ആത്മാവിനെ
പുറത്തു ചാടിക്കാൻ ഒരു കോപ്പ
കട്ടൻ കാപ്പി കൂടി കുടിക്കാം.
അതുമല്ലെങ്കിൽ മുകളിലെ ഫാനിൽ നിന്നോ
വീടിന്റെ പാരപ്പറ്റിൽ നിന്നോ
കൂകിക്കിതച്ചു ട്രെയിൻ ഓടിവരുന്ന
ആറാം നമ്പർ പ്ലാട്ഫോമിൽ നിന്നോ
താഴേയ്ക്കൊന്നു ചാടി നോക്കാം .
പൊങ്ങിപ്പറന്ന് ഉല്ലാസം തുടിക്കുന്ന
രൂപമില്ലായ്മയെ അന്തരീക്ഷത്തിലൊന്നു
വട്ടംകറക്കി ഉന്മാദിക്കാം.
അതുമല്ലെങ്കിൽ ചേരാത്ത രൂപത്തിനുള്ളിൽക്കിടന്ന
അറപ്പു തീർക്കാൻ തെക്കേക്കരയിലെ
അരുവിയിലൊന്ന് മുങ്ങാം കുഴിയിടാം
പിന്നെ വന്ന് വെടിവട്ടത്തോടെ
ചാവുചോറു വാരി വിഴുങ്ങി
കണ്ണിറുക്കി അർമാദിക്കുന്നവർക്കിടയിൽ
വെറുപ്പോടെ ഇരുന്ന് ദേഷ്യം തീർക്കാം .
അകത്ത് നെഞ്ച് പൊട്ടിക്കരയുന്നവരുടെ
ഹൃദയം പൊട്ടാതെ ചേർത്തു പിടിച്ച്
മിണ്ടാതിരിക്കാം .
അതുമല്ലെങ്കിൽ തെക്കും പുറത്തെ
കുഴിയിലേയ്ക്കിറക്കുന്ന 
ഉറയൂരിയ നിന്റെ ശരീരം നോക്കി
ഏറ്റവും പിറകിലെ തെങ്ങിൽ ചാരി നിന്ന്
ഒരു കവിൾ പുകവലിച്ച് ചിറി കോട്ടി
ഒരു പുച്ഛച്ചിരി ചിരിക്കാം .


ചില നേരങ്ങളിൽ നദി ആകാശത്തിലൂടെ  പറക്കുകയാണെന്ന് തോന്നും വിധം
ആകാശത്തെയും വഹിച്ചുകൊണ്ട് ഭൂമിയിലൂടെ  പറക്കാറുണ്ട് ..അപ്പോൾ വെള്ളിമേഘങ്ങൾ പോലെ ചുറ്റിനും നുര പരത്തി കാറ്റ് കൂടെപ്പോകാറുമുണ്ട്. ആ പറക്കലിൽ കൂടെപ്പോയപ്പോഴാണ് ചിറകുകളില്ലാതെയും പറക്കാമെന്നു പഠിച്ചതും എനിക്ക് മുകളിൽ നദികൾ ആകാശത്തുകൂടിയും ഒഴുകുമെന്നറിഞ്ഞതും !

Saturday, April 19, 2014

ഒരു മഞ്ഞുരുകും കാലത്തെ നീർത്തുള്ളികൾക്കുള്ളിൽ ഒളിച്ചിരിക്കയായിരുന്നു ആ പ്രണയം .ഒരു ഇലയനക്കത്തിലൂടെ ഊർന്നു വീണ് വിത്തിന്റെ ആഴുമാത്മാവിനെ തൊട്ടു വിളിച്ചു ആ പ്രണയം .എന്നിട്ടുമുണരാതെ ആ വിത്ത് പ്രണയത്തെയും നെഞ്ഞിലേറ്റി കാത്തിരുന്നു ..ഒരു കുന്നുകയറി മഴനനഞ്ഞ് ഒരാൾ വന്ന് ആ വിത്തിനെ പൊതിഞ്ഞെടുത്തു കൊണ്ടുപോയി ..അനേകമനേകം യാത്രകളിലൂടെ ആ വിത്ത്‌ പ്രണയം പൊതിഞ്ഞ് കുതിർന്ന് മുളപൊട്ടാനായി കാത്തിരുന്നു ..പൊടിഞ്ഞ കരുത്തുറ്റ കറുത്ത മണ്ണിൽ അയാളതിനെ നട്ടുറപ്പിച്ചു ..നാണത്തോടെ വിത്ത്‌ പൊട്ടിമുളച്ചു ! പ്രണയം മണക്കുന്ന ഒരു സുന്ദരിപ്പൂവ്‌ അയാൾക്ക്‌ വേണ്ടി വിത്ത്‌ കാത്തുവച്ചിരുന്നു .

Friday, April 4, 2014

പൂമ്പാറ്റ

പതിരു കാണാത്ത പാരിജാതങ്ങളിൽ
പതിവു തെറ്റിപ്പറന്നു പോകുന്നു ഞാൻ ..
അതിരുകാണാത്ത ആകാശവീഥിയിൽ
അതിഥി നക്ഷത്രമെന്നപോലോമനെ ..!


Tuesday, April 1, 2014

ഏറ്റവും നിശബ്ദതയുടെ അങ്ങേത്തലയ്ക്കൽ നിന്നും ഉണർന്നു വരുമ്പോൾ നീ ഉച്ചത്തിൽ പാട്ടുപാടുകയായിരുന്നു പക്ഷീ !അതിന്നിടയിലൂടെ ഞാൻ വീണ്ടും നിശബ്ദതയിലെയ്ക്ക് ഇറങ്ങിച്ചെല്ലുമ്പോൾ പള്ളിമണികളുടെയും പത്രക്കാരന്റെ സൈക്കിൾ മണിയൊച്ചയും കടന്ന് ഭാവയാമി രഘുരാമം ഏതോ ദിക്കിൽ നിന്നും ഒഴുകി വരുന്നുണ്ടായിരുന്നു.വീണ്ടും വീണ്ടും ഇറങ്ങിച്ചെന്നപ്പോൾ ഇലയനക്കങ്ങളും കാക്കക്കരച്ചിലുകളും ഏതോ അമ്മയുടെ ശകാരവും കടന്നു അകലെ വളരെ അകലെനിന്നും ട്രെയിനിരംബം അകന്നു പോകുന്നുണ്ടായിരുന്നു ..അതും കടന്നു വീണ്ടും വീണ്ടുമിറങ്ങിയപ്പോൾ മാത്രമാണെനിക്ക് എന്റെ ശ്വാസ ശബ്ദം മനസ്സിലായത് !കേട്ടതിലേറ്റവും ഇംമ്പമില്ലാത്തത് !അവനവനിലെയ്ക്കുള്ള ദൂരം എത്ര അകലെയാണല്ലേ !!

Sunday, March 30, 2014

വിഭ്രാന്തമായ വിശുദ്ധിയുടെ അങ്ങേച്ചെരുവിലാണ് സൂര്യനെന്നും മുങ്ങി മരിക്കുന്നത്!അതുകൊണ്ടാണ് പിറ്റേ ദിവസം പുലർച്ചേ എന്നും ഉയർത്തെഴുനേല്ക്കുന്നതും പകൽ മുഴുവൻ തിളച്ചുമറിഞ്ഞു കോപം തീർക്കുന്നതും !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...