Wednesday, November 7, 2012

നീ..


നീ..
മൊഴിയറിയാത്ത കാക്കക്കുറുകലില്‍
ഇടനെഞ്ചു പിടഞ്ഞവള്‍ ..
വിളര്‍ത്ത മിഴികളില്‍
അന്ജനമെഴുതിക്കറുപ്പിച്ച്
ആരെയും കടാക്ഷിക്കാന-
റിവില്ലാത്തവള്‍!
ആദ്യ കിരണങ്ങളായ് കടന്നെത്തുന്ന
തന്‍റെ സൂര്യനെ ധ്യാനിച്ച്
മച്ചകത്തൊളിച്ച മേഘക്കറുപ്പ് ..!

നിനക്കറിയില്ല ..
ഇന്നലെ വെയിലായ് വന്നുപോയ
നിന്‍റെ സൂര്യനെ !
ഇടവഴികളില്‍ പൊങ്ങിയ
മനം മദിപ്പിക്കുന്ന മണ്‍ മണത്തെ !
കല്‍ക്കുഴി തിണ്ടുകളില്‍ മുളച്ചാര്‍ത്ത
തെരുവക്കുരുന്നുകളെ ..!

നീ തരുന്നതീ ..
ഇടനെഞ്ചു തകര്‍ക്കുന്ന
ഓര്‍മക്കുറിപ്പുകളെ ..
ഇനിയും മിഴിനീര്‍ തേടുന്ന
വേദനയുടെ വേരുകളെ ..!
കനവിന്‍റെ പേടകം നിറയെ
തണുതണുത്ത കിനാക്കളെ ..
അതുകൊണ്ട്
നീ മരിച്ചാലെന്ത് !ഇല്ലെങ്കിലെന്ത്‌!

15/07/2004





 

Tuesday, November 6, 2012


ഭാരതം നിറങ്ങളുടെ  രാജ്യമെന്നിരിക്കെ അവയുടെ സൗന്ദര്യത്തെപ്പറ്റി ഞാന്‍ പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല എങ്കിലും നമ്മുടെ തെരുവുകളുടെ,വീഥികളുടെ ,വീടുകളുടെ ,നാടുകളുടെ നിറങ്ങള്‍ ഓരോരോ സ്ഥലങ്ങളില്‍ വ്യത്യസ്ഥമാണ്..സുന്ദരവും വിരൂപവുമാണ്..നമ്മുടെ അവബോധത്തില്‍ നിറങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി ഞാന്‍ ഓര്‍ക്കുകയായിരുന്നു..
ഇന്നലെ ന്യൂസ്‌ ചാനലില്‍ ഞാന്‍ പച്ച നിറം കൈക്കൊണ്ടിരിക്കുന്ന രൂപ പരിണാമവും അതിന്‍റെ പരിണിത ഫലങ്ങള്‍ വരുത്തിയേക്കാവുന്ന വിനയെപ്പറ്റി ദീര്‍ഘനേരം ചിന്തിക്കയും  ചെയ്തു..നമ്മുടെ മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ചിന്തിക്കാന്‍ പഠിപ്പിക്കെണ്ടുന്ന പള്ളിക്കൂടങ്ങള്‍ അഥവാ സ്‌കൂളുകള്‍ എന്താണ് നമ്മുടെ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ഉദേശിക്കുന്നത് ?! നിറങ്ങള്‍ക്ക് മതം എന്നൊരു അര്‍ത്ഥമെയുള്ളോ ?? പച്ച നിറത്തില്‍ ഒരു സ്ട്രീറ്റ് ലൈറ്റ് വന്നതുകൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല ,അതിനു രാഷ്ട്രീയമല്ലെങ്കില്‍ ..മതമില്ലെങ്കില്‍ ..അത് ഹരിതാഭമായ പ്രകൃതിയുമായി തീര്‍ത്തും ഇണങ്ങി നില്‍ക്കുന്ന ഒന്നായിത്തീരും.മറിച്ചു അതിനു മുസ്ലീമെന്ന ഓമനപ്പേര് കൈവരുമ്പോള്‍ അത്
തീര്‍ത്തും പ്രകൃതിയ്ക്ക് അതീതമാണ് മനുഷ്യനു മാത്രം ചേരുന്ന വെറുമൊരു വിളക്ക് കാല്‍ !പള്ളിക്കൂടങ്ങളില്‍ അദ്ധ്യാപികമാര്‍ പച്ച ബ്ലൌസ് ധരിച്ചു വരണമെന്നും മറ്റും പറയുമ്പോള്‍ അത് ഒരു പക്ഷെ ഭരണ പരിഷ്കരണത്തില്‍ വിദ്യാര്‍ഥികളോടൊപ്പം ഗുരുക്കന്മാരും ചിട്ടയായി എത്തുക എന്നുള്ളത് മാത്രമാണ് ഉദേശമെങ്കില്‍ നന്ന് ,പക്ഷെ അവിടെയും പകര്‍ന്നു നല്‍കുന്നത് മത വികാരവും രാഷ്ട്രീയ അംശവുമെങ്കില്‍ തീര്‍ച്ചയായും നമ്മുടെ കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുന്ന ഭാരതം വേറേതോ ഒരു രാഷ്ട്രമാകാന്‍ വഴിയുണ്ട് !

നിറങ്ങളാല്‍ ഇത്ര സമ്പന്നമായ വേറൊരു രാഷ്ട്രവും ഒരു പക്ഷെ കാണില്ല !നമ്മള്‍ ജീവിക്കുന്നത് തന്നെ നിറങ്ങളില്‍ മുങ്ങിക്കുളിച്ച്ചാണ്.നമ്മുടെ സംസ്കാരം തന്നെ നിറങ്ങളാല്‍ ചുറ്റപ്പെട്ടതാണ് ..നമ്മുടെ മത വികാരങ്ങളില്‍ നാം പതിച്ചു വെച്ചിരിക്കുന്ന നിറങ്ങള്‍ ദൈവങ്ങളുടെ ശക്തിയിലും അവര്‍ അധിനിവേശിച്ച സങ്കല്‍പ്പങ്ങളിലും അധിഷ്ടിതമാണ്,വിശ്വാസി അല്ലാത്തവനെ സംബന്ധിച്ചു ഈ നിറ സങ്കല്പങ്ങള്‍ നിരത്തു വക്കിലെ കാഴ്ച്ച പ്പൂരങ്ങള്‍ മാത്രമാണ്.നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനു  നിറങ്ങളെക്കാളുപരി നിറം പിടിപ്പിച്ച കോടികളാണ് എല്ലാവരുടെയും ലക്ഷ്യമെന്നിരിക്കെ നമുക്ക് നിറങ്ങളെ അവയുടെ പാട്ടിനു വിടുന്നതല്ലേ നന്ന് ?
നമ്മുടെ വിശ്വാസത്തിനും അഭിമാനത്തിനും ഒരുമയ്ക്കും മതങ്ങളും രാഷ്ട്രീയങ്ങളും ഒരു പരിധി വരെ നല്ലതാണ് ,ഓരോന്നിനും കാലങ്ങള്‍ക്ക് മുന്‍പേ പതിച്ചു കിട്ടിയ അല്ലെങ്കില്‍ പതിച്ചെടുത്ത നിറങ്ങളും സ്വന്തമായുണ്ട് .അതിനു വേറെ മുഖങ്ങള്‍ വരാതിരിക്കട്ടെ !നമ്മുടെ ഉത്സവങ്ങളും പെരുന്നാളുകളും നമ്മുടെ കുട്ടികളെ കൂട്ടി നമുക്കെല്ലാവര്‍ക്കും ഒന്നിച്ചു കൂടാനുള്ള ഒരു മാധ്യമം ആകട്ടെ ..അവിടെയെന്തു സ്പര്‍ദ്ധ !!

നീലയും പച്ചയും പിങ്കും എല്ലാം കൂടിക്കലര്‍ന്നു നിറങ്ങളില്ലാത്ത അവസ്ഥയിലാണ് അഥവാ വെളുത്ത നിറത്തിലാണ് എല്ലാവരും വെള്ളരി പ്രാവിനെ പറത്തുന്ന പരമ സമാധാനം കാംഷിക്കുന്നത് ! എന്നിട്ട് ഞാന്‍ പച്ച നീ നീല അവര്‍ പിങ്ക് എന്നെല്ലാം പറഞ്ഞു കൊടി ഉയര്‍ത്തുകയും അതിനു ചുവപ്പ് നിറമടിക്കയും പിന്നെ അതിനെച്ചൊല്ലി ചങ്ക് കുത്തി പുറത്തിട്ടു വിപ്ലവം പ്രസംഗിക്കുകയും ചെയ്യുന്നതില്‍ എന്ത് സത്യമാണ്ഉള്ളത് ?

ഭൂമിശാസ്ത്രപരമായ നിറഭേദങ്ങള്‍ ലോകത്തെമ്പാടുമുണ്ട് .അത് മനുഷ്യരിലും മൃഗങ്ങളിലും പ്രകൃതിയിലും പല തരത്തില്‍ നിറയുന്നു ..കൊണ്ടാടപ്പെടുന്നു.ഒരു വിവാഹിത അവളുടെ തിരുനെറ്റിയിലണിയുന്ന ചുമന്ന കുങ്കുമം അവളുടെ കടപ്പാടിനെയും പരിപാവനതെയുമാണ് ഹിന്ദു വിശ്വാസത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് ഇവിടെ ചുവപ്പ് വിപ്ലവം അല്ല അവളുടെ ശരീരപരമായ സാധൂകരണത്തിന്റെ , പ്രത്യുല്പാതനതിന്റെ അവളുടെ പങ്കാളിത്തത്തിന്റെ ചിഹ്നമാണ് .ഇതേ സിന്ദൂരം തിലകക്കുറി ആയി അണിഞ്ഞു ആളുകള്‍ സെമിനാര്‍ നടത്തുന്നു ,മാര്‍ച്ചു ചെയ്യുന്നു,മുദ്രാവാക്യം മുഴക്കുന്നു ,പോരടിക്കുന്നു !! അവിടെ ചുവപ്പിനു മൂല്യങ്ങള്‍ക്കതീതമായി അര്‍ത്ഥം കൈവന്നിരിക്കുന്നു ..അതിനു സഘടിക്കുവാനും ശക്തരാകുവാനും കഴിവ് വന്നിരിക്കുന്നു ..നോക്കൂ നിറങ്ങളുടെ അര്‍ത്ഥം പോകുന്ന വഴികള്‍..!



അതുപോലെ പച്ച ,അത് പ്രകൃതിയാണ്..കൃഷിയാണ് ..പരിപൂര്‍ണ്ണതയാണ് അതുകൊണ്ട് തന്നെ അത് സന്തോഷവുമാണ് വേറെന്തു വേണം അതിനു ദൈവീക പരിവേഷം വരാന്‍!അതിനെ ഉള്‍ക്കൊണ്ടു കൊണ്ട് എത്രപേര്‍ പോര്‍ വിളിക്കാന്‍ ഉണ്ടാകും ? ആ നന്മയെ സ്തുതിക്കുന്നവര്‍ക്ക് എങ്ങനെ നാവു പൊന്തും അതൊരു നിറമല്ല മതമാണ്‌ എന്ന് പറയാന്‍ ?അത് മതമല്ല ജീവിതത്തിന്‍റെ പച്ചപ്പാണ് എന്ന് കാണുന്നവരെ, മതമാണ്‌ പച്ചപ്പല്ല  എന്ന് ഓതിപ്പഠിപ്പിക്കുന്നതാകരുത് നമ്മുടെ സംസ്കാരം ,വിദ്ധ്യാഭ്യാസവും !


Monday, November 5, 2012

കുരങ്ങ്


ദു:ഖങ്ങളുടെയും ദുരിതങ്ങളുടെയും
കുരിശുമല  താണ്ടിയ ശേഷമാണ്
എനിക്കീ പുല്‍മേട്‌ കിട്ടിയത്..
ഞാനതിലിരുന്നൊന്ന്  ആനന്ദിക്കുന്നതിന്
നിനക്കെന്ത് ചേതം ?!!

ഞാന്‍ തിരിച്ചു പോയി
കരച്ചില്‍ തീരാത്ത ആ
പള്ളിമണിയുടെ കയററ്റത്ത്
മണിമുഴക്കിപ്പിടയണമെന്ന്
നിനക്കെന്താണിത്ര  നിര്‍ബന്ധം !!?

വെറും ചില്ലറപ്പണത്തിന്റെ
 പേരില്‍ എനിക്ക് 
കുരിശു മരണം വിധിച്ചവനാണ് നീ !
ഞാന്‍ തൂങ്ങിപ്പിടഞ്ഞപ്പോള്‍
നീ കാഴ്ച്ചക്കാരന്‍ !

അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും
പേരില്‍ നീ ഉമിത്തീയിലെരിയുക..
മണിമാളികയുടെ ഇരുട്ടില്‍
നീ തപ്പിത്തടയുക
എനിക്കെന്തു ചേതം ?!!

എനിക്കീ പുല്‍വീട് മതി
ചാണകം മെഴുകിയ സുഗന്ധം മതി
ഓലക്കീറിലെ സൂര്യന്‍ മതി ..
ഞാനിവിടെ സന്തുഷ്ടയാകുന്നതില്‍
നിനക്കെന്തു ചേതം !!?

കുഞ്ജനെ തൊട്ടു നമിച്ചു
ഞാന്‍ ചൊല്ലട്ടെ :
മാറെടാ-മാനുഷാ..
മാറിക്കിടാ ശ്ശടാ !
മാര്‍ഗ്ഗേ കിടക്കുന്ന
പീറക്കുരങ്ങു നീ !! 










Sunday, November 4, 2012

ദയ


ഹൃദയമുള്ളവര്‍ 
നിങ്ങള്‍ പ്രാര്‍ത്ഥിക്കണം
എന്‍റെ ഹൃദയമൊന്ന-
ടയണേ   എന്ന് !
ചോറു പാത്രം മോറുവാന്‍ വരും
കുഞ്ഞു കൈയ്യിനെ ഞെരിച്ചുടച്ച,
കുന്തന്‍ കല്ലു കിളച്ചു മറിച്ചു
വെടിപ്പാക്കി നിരത്തി;
വെള്ളം പാര്‍ന്നു കൃഷി-
യുയര്‍ത്തിയ; നീര് വറ്റി
മെലിഞ്ഞ ഉടലിനു
ബാക്കിയായ കൊഴുപ്പതും
കാര്‍ന്നുതൂങ്ങിയ എന്‍റെ
ഹൃദയ ധമനികള്‍..!
ഹോ..!എന്‍റെ ഹൃദയം
അടഞ്ഞു വരണേ എന്ന്..
നിങ്ങള്‍ പ്രാര്‍ത്ഥിക്കണം ..!

ചാഞ്ഞു തൂങ്ങിയ ചാക്കു
കീറിയ ഭിത്തി കെട്ടി
മറച്ച വീടിന്‍റെ ഉമ്മറം
നിരങ്ങി ഞാന്‍ വാങ്ങിയ
വോട്ടു കൊണ്ട് പടുത്ത,
ഈ പള പള മേനി കീറി
തുറന്നു വെച്ചൊരീ-
ചോര തുറിച്ച ഹൃദയം
അടഞ്ഞു മുറിവായ മൂടി
അടഞ്ഞു വരണേ എന്ന്‍..

കള്ളു കോരി നിറച്ചു
വച്ചോരീ പള്ള വീര്‍ത്തു
പതഞ്ഞു പൊങ്ങിയ ;
കള്ള നാണയമായോരീ
നുണ പൊന്തുമെന്റെ
ഹൃദയം തുറന്നൊരു
കീറലുണ്ടിന്നാശുപത്രിയില്‍..!
ഏറുമെന്‍റെ ഹൃദയ വ്യഥ-
ഏറ്റെടുത്തു നീ കേഴുക
ദയവായിനി , ഹൃദയ-
മൊന്നടയണേ എന്‍ കീറി
വച്ചൊരീ ഹൃദയം!

കീറുവാനിനി ഏറെയുണ്ടതിനോര്‍-
ക്കണം പല ജീവിതങ്ങള്‍..
അതിനായി നിങ്ങളില്‍
ഹൃദയമുള്ളവര്‍
ഓര്‍ത്തു വിളിക്കണം
കരുണാമയാ..ഹൃദയമൊന്നു
അടഞ്ഞു വേണമെന്‍
കീറി വച്ചൊരീ ഹൃദയം! 




Friday, November 2, 2012

നിഴല്‍


നീ നര്‍ത്തകന്‍,കവി ,
പാട്ടുകാരന്‍..നടന്‍,
നാട്യക്കാരന്‍ !
നിന്‍റെ  നൃത്തത്തിന്‍റെ
ചുവടുകള്‍ തുടങ്ങിയത്
നിലയ്ക്കാത്ത ആഗ്രഹത്തിന്‍റെ
കൂര്‍ത്ത വേരുകളില്‍ നിന്ന്..!
ഞാന്‍ ആ വേരിനു വെള്ളമൊഴിച്ച്
ഇല വരുവാന്‍ കാത്തിരുന്നവള്‍..!

നീ ഗുരുവില്ലാത്ത ഏകലവ്യന്‍ !
ഗുരുവിനെത്തേടിയലഞ്ഞ
സന്ധ്യയില്‍ കൈപിടിച്ചു
ബലം നല്‍കിയവള്‍ ..
ചാഞ്ഞിരുന്നു വിയര്‍പ്പൂതി
ഉമ്മകൊടുത്തവള്‍..
 രാവേറെ ചെല്ലും വരെ
നിന്‍റെ  നൃത്ത സപര്യയ്ക്കു
കൂട്ടിരുന്നവള്‍ ..
കൂടണയാന്‍ വൈകുമ്പോള്‍
കാത്തിരുന്നു നെഞ്ച് കഴച്ചവള്‍
ഞാന്‍ ..!

നീ പൂത്തിറങ്ങിയ
നൃത്ത സന്ധ്യയില്‍
പൂത്തുലഞ്ഞവള്‍..
പറക്കുന്ന നിന്‍റെ
കാലടിയില്‍ ചിലങ്കയാകാനായ് 
ഉറക്കത്തിനോട് 
കലംബിയെഴുനേറ്റവള്‍..
നീ  തെറ്റിയപ്പോള്‍
താളം തെറ്റിയവള്‍ ഞാന്‍ !

നീ തൊട്ടു നമിച്ചത് !
പൊലിഞ്ഞു പോയ നിന്നമ്മയെ..
അകലത്തകായിലുറങ്ങുന്ന അച്ഛനെ ..
കാലില്‍ ചിലംബുറഞ്ഞ ഗുരുവിനെ ..
എല്ലാം പുശ്ചിക്കുന്ന സാഹോദര്യത്തെ..
ഇന്നലെ വന്ന സുഹൃത്തിനെ ..
പിന്നെ നിന്നെയുറപ്പിച്ച മണ്ണിനെ ..
നന്ന് നന്നെല്ലാം നന്ന് !
ഒന്ന് മാത്രം  ഞാനറിഞ്ഞമ്ബരന്നു  !
നീ ഞാന്‍ തെല്ലുമറിയാത്ത
എന്‍റെ നിഴലായിരുന്നുവെന്ന് !!


 
  



ചില നേരുകള്‍ നോവുപാട്ടുകളാണ് ..
ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..!
ഏതു കണ്ണിലും നീര്‍ പടര്ത്തുന്നവ..
എപ്പോള്‍ വേണമെങ്കിലും
അടര്‍ന്നു വീഴുന്നവ ..!
അടര്‍ന്നു പോയാലും
പോറല്‍ വീഴ്ത്തുന്നവ ..!
അതുകൊണ്ട് ആ നേര് ഞാന്‍
വേണ്ടെന്നു  വെച്ചു..

Thursday, November 1, 2012

ഞാന്‍ ഓര്‍മകള്‍ക്ക് പിറകില്‍
ഊറ്റം കൊള്ളുന്നവള്‍ ..
നിന്നെ സ്നേഹിച്ചു കൊല്ലുന്നവള്‍ ..
നിനക്ക് ഓര്‍മയുണ്ടാക്കിത്തരികയാണെന്‍റെ
ഓര്‍മ്മപ്പെടുത്തലുകള്‍..!
ഇന്നലെ കത്തിപ്പോയ
കമ്മ്യുണിസ്റ്റ് പച്ചയില്‍ പെട്ട്
കത്തിപ്പോയോ ഒളിച്ചിരുന്ന
നിന്‍റെ വിപ്ലവ വീര്യം !
അതോ ഭീരുവെപ്പോലെ
എന്‍റെ കുറിപ്പുകളുടെ
താളില്‍ നിന്നും ഇറങ്ങി
ഓടിപ്പോയോ ??
 

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...