വേദന കീറിക്കുടഞ്ഞ
പകലുകളിലൊന്നാണ്
പടച്ചവന്റെ മുറിയിൽ നിന്നും
ഞാനിറങ്ങിപ്പോന്നത്
അപ്പോൾ വർഷ കാലം
കുതിച്ചു പെയ്യുന്നുണ്ടായിരുന്നു
തൂവെള്ള മുണ്ടുടുത്ത ദൈവമപ്പോൾ
പകലിനെ ആലിംഗനം ചെയ്യാനായി
വെമ്പൽ പൂണ്ടു നിൽക്കയായിരുന്നു
സൂര്യനതറിയാവുന്നത് കൊണ്ട്
മുറിയടച്ചു കിടന്നുറങ്ങാൻ തുടങ്ങി
ഇരുണ്ട് ആകെയിരുണ്ട്
ഭൂലോകമങ്ങനെ കൊതികുത്തി നിന്നു !
അവർ പതിന്നാലുപേരും ബ്രാണ്ടി അടിച്ചുകൊണ്ടിരുന്നു
അവരെല്ലാവരും പടച്ചവന്റെ മക്കളല്ലായിരുന്നു
രണ്ടുപേർ അയ്യപ്പന്റെ
മൂന്നു പേർ ശ്രീബുദ്ധന്റെ
ഇനിയൊരാൾ വിശുദ്ധ
സെബാസ്റ്റ്യനോസിന്റെയും.
വർഷകാല മേഘമൊന്ന്
ആയാസപ്പെട്ട് മുടന്തിനീങ്ങിയ
പള്ളി മഹല്ലിന് സമീപമായിരുന്നു
പടച്ചവന്റെ കുടുസ്സുമുറി
അവിടമാകെ എന്റെ
ചോരയും നീരും കുപ്പായക്കഷണങ്ങളും
അവസാനത്തവൻ നിസാരമായി
എന്റെ കഴുത്ത് ചെരിച്ചൊടിച്ചു കളയും മുമ്പ്
എന്റെ അരക്കെട്ടിൽ അവന്റെയാനന്ദം
തള്ളി നിറച്ചു
ആഹാ! ആനന്ദമാനന്ദം
ആ .. മരണമാണാനന്ദം !
പുറത്തപ്പോഴും നാമജപഘോഷയാത്ര
കുടചൂടി ഒഴുകിപ്പോകുന്നു
സ്വാമിയേ ,അയ്യപ്പോ
മുദ്രാവാക്യങ്ങളുടെ സ്വരാവലികൾ
മുറവിളികളോടെ കുറെ പെണ്ണുങ്ങൾ !
'ടിക് 'ചെറിയൊരൊച്ച
എന്റെ കഴുത്ത് ഒടിഞ്ഞതാണ്
ഓ! ഞാൻ പടച്ചവന്റെ മുറിയിൽ
നിന്നും പുച്ഛത്തോടെ ചിറി കോട്ടി
താഴെ കിഴക്കേ കോവിലിൽ
ദീപാരാധന സമയം മണിയടി
അങ്ങോട്ടു നോക്കി
'ത്ഫൂ '
എന്നൊരാട്ടോടെ പടച്ചവനെ വിട്ട്
എന്നേക്കുമായി
ഞാനിറങ്ങിപ്പോന്നു
മരണത്തിനും വേണ്ടേ
ആത്മാഭിമാനം?
മഹല്ലിനപ്പുറം സൂര്യൻ
കതക് തുറന്ന് പുറത്തിറങ്ങിയപ്പോൾ
പകലു വീണ് നനഞ്ഞ വഴികൾ
തിളങ്ങിക്കിടന്നു
ആളില്ലാത്ത പീടിക മുറികളും
അവിടെ തൂങ്ങിക്കിടന്ന പരസ്യങ്ങളും
എല്ലാമെല്ലാം അതുപോലെ
ഭദ്രമായിരുന്നു
പടച്ചവൻ മാത്രം കിഴക്കേകോവിലിലെ
ദേവ്യോടു പറഞ്ഞു:
'ന്നാലും കിഴക്കേടത്തമ്മേ
ഞമ്മളങ്ങ് ചമ്മിപ്പോയി
ഓളൊരു ഇബലീസ് തന്നെ !'
....................... ഇബലീസ് അനിത