Friday, September 14, 2018

നവ മാനവ ഗീതം

കരുത്തരെ കറുത്തതായ് പടച്ചുവിട്ട നീതിയെ
സഹസ്രകൈകൾ കൂപ്പിഞാൻ വണങ്ങിടുന്നു സാദരം !
അടിമയാക്കി മാറ്റുവാൻ പടച്ച നീതിയെങ്കിലും
പടം പൊഴിച്ചു മാറ്റി നീ ഉയർന്നുവന്നു സത്യമേ !

കനം പിടിച്ച മാനവമനസ്സിനുള്ളിൽ നിന്നുമേ
ദുഷിച്ച ചിന്തയൊക്കെയും  തുടച്ചുനീക്കി മാറ്റിയാൽ
ഒരുമയാൽ  ജ്വലിക്കുമീ ജനിച്ചഭൂമിയൊക്കെയും
അതാണു വേണ്ടതെന്നുനാം അറിഞ്ഞിടേണമെന്നുമേ

അഹോ കറുപ്പ് താനെടോ വെളുത്ത കണ്ണിനുൾത്തടം
കറുത്ത മണ്ണ് താനെടോ വിളഞ്ഞനെല്ല് നിന്നിടം
കറുപ്പ് വീണ കൈകളെ അകറ്റിമാറ്റി നിർത്തുവോർ
അറിഞ്ഞതില്ല നിയതിതൻ കടുത്ത നീതിയൊന്നതും  !

സവർണ്ണനീതി എന്തിനായ് പടച്ചുകൂട്ടി മാനവാ
കറുത്ത രാത്രി നീന്തിടാതുദിക്കയില്ല സൂര്യനും !
സവർണ്ണനായി സൂര്യനില്ല അവർണ്ണനായി ചന്ദ്രനും
സവർണ്ണ മാമരങ്ങളില്ല അവർണ്ണനാഴിയെന്നതും !

സമത്വ സ്വത്വമൊന്നതേ നമുക്കുവേണ്ടതെന്നുമേ
മറന്നുപോയി എങ്കിൽ നീ മനുഷ്യനാകതെങ്ങനെ ?
കറുത്തതോ വെളുത്തതോ തൊലിപ്പുറങ്ങളല്ലയോ
തൊലിക്കകത്തു നമ്മളിൽ ഒരുമയാർന്ന ചെന്നിണം !

ഉയർന്നെണീക്ക മാനവാ ചേർന്നു നിൽക്ക സാദരം
സവർണ്ണജാതി വേണ്ടെടോ അവർണ്ണഭ്രഷ്ട് മാറ്റുവാൻ
മനുഷ്യജാതിയെന്നു നാം മനസ്സുകൊണ്ട് മാറണം
പുതിയ വംശമായത് കുതികുതിച്ചുയരണം !


ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...