ഓർക്കുന്നുണ്ടോ പണ്ട് മുള്ളുവേലിക്കു പുറമെ പൂത്തുലഞ്ഞു കിടക്കുന്ന കടും നീല കോളാമ്പിപ്പൂക്കളെ ? ആ വേലിയും കുതിച്ചു ചാടിക്കടന്ന് പാഞ്ഞോടിക്കളിക്കുന്ന പശുക്കിടാവിനെ.. അതിനെപ്പിടിക്കാൻ അന്തം മറഞ്ഞു പാഞ്ഞു വരുന്ന മൈമുനയെ ..മൈമൂനെക്കാണാൻ വേലിപ്പടർപ്പുകൾക്കിടയിലൂടെ കഷ്ടപ്പെടുന്ന രാമൻകുട്ടിയെ ?രാമൻകുട്ടിയെ കൈയ്യോടെ പിടിക്കുന്ന അമ്മയെ.. അമ്മയോട് വേലിക്കൽ നിന്നും "ഇച്ചിരെ തീകൊണ്ടാ കമലോപ്പുവേ "എന്ന് നീട്ടിപ്പറയുന്ന കള്ളുചെത്തുകാരൻ ശിവദാസിനെ .." ദാ നെന്റെ തീയ്യ് "എന്ന് ചിറി കോട്ടി കളിയാക്കി അതുകൊണ്ട് കൊടുക്കുന്ന കമലേടത്തിയെ ?? വേലിയിൽക്കൂടി പാഞ്ഞോടി നിറയെ മത്തങ്ങ കായ്ക്കുന്ന മത്തവള്ളിയെ അന്നാർക്കും വലിയ മതിപ്പൊന്നുമുണ്ടാകില്ല .മത്തപോലെ കുമ്പളവും വെള്ളരിയും ചതുരപ്പയറും എല്ലാം കയറിയിറങ്ങി കോലാഹലമില്ലാതെ വിളഞ്ഞു തൂങ്ങി കിടക്കുന്ന എത്ര വേലികളും കൈയ്യാലകളും മാത്രമായിരുന്നു നമ്മുടെ വീടിന്റെ അതിരുകളെ തിരിച്ചിരുന്നത് ! ഭൂമി എത്ര ആശ്വാസത്തോടെ സ്നേഹത്തോടെ ആയിരുന്നിരിക്കാം ഈ വേലിക്കെട്ടുകളുടെ ഭാരം വഹിച്ചിരുന്നത് ? മഴക്കാലത്തു തോരാനിടുന്ന തുണികൾ പോലെ ഇടനേരങ്ങളിൽ ആരും കാണാതെ കൈമാറുന്ന പ്രണയലേഖനങ്ങൾ പോലെ ചില ഒളികൺപാർക്കലുകളുടെ നൂറു നൂറു കഥകൾ പറയാൻ ഈ വേലികൾക്കുണ്ടായിരുന്നു .അയല്പക്കത്തൊരു കുട്ടി മറിഞ്ഞുവീണാൽ ഓടിയെത്തി എഴുനേൽപ്പിക്കുന്നത് ഇപ്പുറത്തുള്ളവരാകാം .മരണം നടന്നാൽ വിളിക്കാതെ തന്നെ ഓടിയെത്തി സങ്കടങ്ങളിൽ പങ്കാളിയാകാൻ മതിലുകളില്ലാത്തൊരു കാലം നമുക്കുണ്ടായിരുന്നു !കൈതയും കുറ്റിമൈലാഞ്ചിയും കയ്യാലകളും കഥപറഞ്ഞിരുന്ന അടുക്കളരഹസ്യങ്ങൾ എന്നോ നമുക്കന്യം വന്നിരിക്കുന്നു ! മതിലുകൾ കെട്ടിത്തിരിച്ച വീടകങ്ങൾ വെന്തു വെണ്ണീറാടിഞ്ഞാലും ആരും കേൾക്കാതെ കാണാതെ കണ്ണീരൊഴുക്കാതെ മതിലുകൾക്കുള്ളിൽ തന്നെ വേറൊരു ലോകമുള്ളതിൽ വീണടിയുന്നു !അരയാൾ പൊക്കത്തിൽ നിന്നും അത് ഉയർന്നുയർന്നു മാനം മുട്ടുന്നു അതിനിടയിലെ സൗധങ്ങൾ മൗനത്തിന്റെ വാത്മീകം പുതച്ചു മുനികളാകുന്നു .ആരോരും തമ്മിലറിയാതെ ഒരു ഭൂമിയിൽത്തന്നെ പലഭൂമികകൾ ഉയരുന്നു .കൈതോലയും മുരിക്കിൻമുള്ളുകളും വേലിക്കലെ കൊച്ചുവാർത്തമാനങ്ങളും പ്രണയങ്ങളും നിലവാരത്തകർച്ചയിൽ പെട്ട് കാലഹരണപ്പെട്ടിരിക്കുന്നു .അത്തരം കഥകളുടെ വിഡ്ഢിപ്പെട്ടി- സീരിയലുകളിൽ വീട്ടമ്മമാരും മുത്തശ്ശിമാരും സന്ധ്യാനാമം ചൊല്ലാൻപോലുമറിയാതെ വീണടിയുന്നു ! മതിലുകളുടെ ഗതികിട്ടാത്ത ശാപവചനങ്ങളുടെ ചൂടിൽ വീടകങ്ങൾ ചുട്ടുപൊള്ളുന്നു .കോൺക്രീറ്റ് മുറ്റങ്ങൾക്കിടയിൽ ഒരുതരി ഭൂമികാണാതെ പെയ്യുന്ന മഴകൾ വിങ്ങിപ്പൊട്ടി പുറത്തേക്കൊഴുകുന്നു .ജനമാലിന്യങ്ങൾ അടിഞ്ഞുകൂടിയ ഓടകൾക്കിടയിലെ വിഷവെള്ളം കുടിച്ചവർ ആത്മാഹുതി ചെയ്യുന്നു !മരിച്ച ജലങ്ങളുടെ തിരുശേഷിപ്പുകളും വഹിച്ചു നദികളും പുഴകളും കറുത്തു മരച്ചു മലീമസമാകുന്നു .കുളിനീർ പ്രവാഹം തൊട്ടുരുമ്മുന്ന മനോഹരസ്വപ്നം കാണുവാനായി അവർ കണ്ണടയ്ക്കുന്നു ..കണ്ണുകൾ തുറക്കാനാകാതെ ദുർബലരായി ഉറവ നശിച്ച് എന്നേയ്ക്കുമായി അവർ വറ്റിവരണ്ടുപോകുന്നു !
മതിലുകൾ എന്താണ് നമുക്ക് നൽകുന്നത് സുരക്ഷ ? സ്വകാര്യത ? അന്തസ്സ് ? സുരക്ഷയാണെങ്കിൽ അതിന്ന് ഒരു മതിലുകെട്ടിത്തിരിച്ചതുകൊണ്ട് ആർക്കും ലഭിക്കുന്നില്ല .പിന്നെ സ്വകാര്യത അതെ അത് എല്ലാവര്ക്കും വേണ്ട ഒന്ന് തന്നെയാണ് .അതിനു നമ്മുടെ മതിലുകളുടെ സ്വഭാവം പഠിക്കുകയാണെങ്കിൽ മാറി മാറി വരുന്ന വിപണികൾക്കനുസരിച്ചു മെറ്റീരിയലുകളുടെ ലഭ്യത അനുസരിച്ച് ഒരുവന്റെ വരുമാനം അനുസരിച്ചു മാറിയും തിരിഞ്ഞും ഇരിക്കും .പക്ഷെ വളരെ അപൂർവ്വം ആളുകൾ മാത്രം അത് മണ്ണിനെ ദോഷകരമായി ബാധിക്കാത്ത തരത്തിൽ കൂടുതൽ ജൈവീകമായി നിർമ്മിക്കും. .വീട്ടുമുറ്റത്തെ മുഴുവൻ കോൺക്രീറ്റു തേച്ചു വെടിപ്പാക്കി കാലടികളിൽ പറ്റുന്ന മണ്ണിനെ അകറ്റുന്ന കൂടെ നാം ഭൂമിയോടുള്ള അടുപ്പമാണ് അകറ്റുന്നത് .നാലുചുറ്റും പടുകൂറ്റൻ മതിലുകളും നിലമാകെ കോൺക്രീറ്റും പൂശി നാം വേനൽക്കാലങ്ങളിൽ ചൂട് ചൂട് എന്താണീ ചൂട് എന്നലമുറ ഇടുന്നു .എസി വാങ്ങുന്നു, സ്വിമ്മിങ് പൂള് കെട്ടുന്നു ,കടൽത്തീരം തേടി സുഖവാസത്തിനായി പരക്കം പായുന്നു ! പക്ഷെ ചൂട് മാറുന്നില്ല .എങ്ങനെ മാറും ? മാറേണ്ടത് നമ്മുടെ സ്വഭാവമല്ലേ ?ഇന്നത്തെ യന്ത്രവത്കൃത യുഗത്തിൽ അതിനൂതന സുരക്ഷാലോകത്തിൽ ഇത്തരം മതിലുകളെപ്പറ്റി ചിന്തിക്കുന്നവർ തന്നെ അപൂർവ്വമായിരിക്കും .അഥവാ ചിന്തിക്കുന്നവർ പ്രവർത്തിച്ചാൽ തന്നെ അവരെ ഒന്നുകിൽ ഭ്രാന്തുള്ളവരാക്കും അല്ലെങ്കിൽ പിശുക്കരായി മുദ്രകുത്തും .പ്രകൃതിയിലെ അതിജീവനം നമുക്ക് ഈ കാലത്തിലേക്ക് മാത്രമായി ഒതുക്കുകയാണെങ്കിൽ ശരിയാണ് നാം ജീവിച്ചുപോകും പക്ഷെ നമുക്ക് മുൻപിൽ തലമുറകൾ രൂപം കൊണ്ടേ ഇരിക്കുകയാണ് .
"അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം"
എന്ന് അറിവുള്ള മഹത്തുക്കൾ എത്രയോ മുൻപ് പറഞ്ഞത് തന്നെയാണ്! അത് നാം തിരിച്ചറിയണം എന്ന് മാത്രം !ആൽബ്രെട് ഐൻസ്റ്റീൻ പറഞ്ഞതുപോലെ
"
If we look at this tree outside whose roots search beneath the pavement
for water, or a flower which sends its sweet smell to the pollinating
bees, or even our own selves and the inner forces that drive us to act,
we can see that we all dance to a mysterious tune, and the piper who
plays this melody from an inscrutable distance—whatever name we give
him—Creative Force, or God—escapes all book knowledge."
ഒരറിവ് നാം പകരുന്നതിലൂടെ ഒരാളെങ്കിലും പ്രകൃതിയുടെ മഹത്തരമായ സാന്നിദ്ധ്യം അനുഭവിച്ചറിഞ്ഞാൽ അത് ഒരു വിജയം തന്നെയാണ് .നാളെയ്ക്കുള്ള ഒരു കാൽവയ്പ്പ് തന്നെയാണ് !
മതിലുകളെപ്പറ്റി പറയുന്നതിന് കാരണം വേറൊന്നുമല്ല അതൊരു കാലികമായ മനുഷ്യസ്നേഹത്തിന്റെ പ്രകൃതിസ്നേഹത്തിന്റെ അടയാളമായതിനാൽ തന്നെയാണ് .നമ്മുടെ മുള നല്ല ഒരു മതിലാക്കാൻ സാധിക്കുന്ന ചെടിയാണ് .വളരെ വേഗത്തിൽ വളരുന്ന ഈ ചെടി ഒരു ദിവസം ഒരടി വരെ വളരാറുണ്ട് അവയുടെ വർഗ്ഗത്തിന്റെ സ്വഭാവം അനുസരിച്ച് .(depending on the species) ഇവയെ നിരത്തി നട്ട് വെട്ടിയൊതുക്കി അസ്സൽ മതിലാക്കാവുന്നതാണ് .അതുപോലെ പ്രകൃതിയിലെത്തന്നെ കല്ലുകൾ കൊണ്ട് (പണ്ട് കൈയ്യാല കെട്ടിയിരുന്നത് ) ആലങ്കാരികമായി കലാഭാവനയോടെ മതിലുകൾ പണിയാം ഇതിനു പുറമെ പൂക്കുന്ന വള്ളിച്ചെടികൾ കൂടിയിട്ടാൽ വീടൊരു പൂങ്കാവനമാക്കാം .കുറ്റിമൈലാഞ്ചി എന്ന് നാട്ടിൻപുറത്ത് പറയുന്ന മൈലാഞ്ചി ചെടി നല്ല ഒരു മതിലാക്കാവുന്ന ചെടിയാണ് Scientific name:Eclipta alba/eclipta prostrata ഏതുരൂപത്തിലും വെട്ടിയൊതുക്കാവുന്ന ഇത് നല്ലൊരു മരുന്നുചെടി കൂടിയാണെന്ന് ഏവർക്കും അറിയാം .ഒന്നും വേണ്ട ഉരുളൻ കമ്പിക്കഷ്ണങ്ങൾ നീളത്തിൽ കുത്തിനിരത്തി കോൺക്രീറ്റ് ഇട്ടാൽ നല്ല വായുസഞ്ചാരമുള്ള എന്നാൽ നായ കോഴി മുതലായവ വീട്ടുവളപ്പിലേക്കെത്താതെ തടയാൻ കഴിയുന്ന നല്ല മതിലായി .അതുപോലെ പണ്ടുണ്ടായിരുന്ന മുള്ളുചെടികൾ പതിപ്പിച്ച മതിലുകൾ കാഴചയ്ക്കും സുരക്ഷയ്ക്കും ഒരുപോലെ നന്നായിരുന്നു .മതിലുകളുടെ അനാവശ്യ ധൂർത്ത് ഒഴിവാക്കിയാൽ തന്നെ ഭൂമിയിലെ ഭാരം പകുതി കുറയും .നമ്മളെപ്പോലെ തന്നെ ഭൂമിയും ശ്വസിക്കും .ആ ശ്വസനം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് നല്ല നാളെ എന്നൊന്ന് ഉണ്ടാകൂ എന്ന് നാം ഓരോരുത്തരും തിരിച്ചറിയണം .നമ്മുടെ അയൽവീടുകളുമായി തെല്ലു സൗഹൃദം നമുക്കെന്നും വേണം .ഒരു കൊച്ചുവർത്തമാനം .ലോഹ്യം പറച്ചിൽ അവിടെ വിരിഞ്ഞ പൂക്കളെ നോക്കി തെല്ലു കുശുമ്പ് (എങ്കിലല്ലേ നിങ്ങൾക്കും അതിലും നല്ലൊരു ചെടി നടാൻ തോന്നൂ ) അതുപോലെ കല്ലുപാകിയ നടവഴികൾ പോരെ ബാക്കി ഭാഗം ഭൂമിയായി വിട്ടുകൂടെ ?അഥവാ പുല്ലുകയറിയാൽ അത് കളയുവാനുള്ള സമയം നിങ്ങൾക്കില്ല എന്നുണ്ടെങ്കിൽ അവിടെ വളർത്തുന്ന പുല്ലുതന്നെ വച്ച് പിടിപ്പിക്കൂ .അന്തസ്സുമാകും അലങ്കാരവുമാകും ഭൂമിയ്ക്ക് ആശ്വാസവുമാകും .പെയ്യുന്ന മഴ ഭൂമിയിലേക്കിറങ്ങിയാലല്ലേ നാളെ നമുക്ക് വെള്ളം കുടിക്കുവാൻ ഉണ്ടാകൂ ? അന്നം ഉണ്ടായെങ്കിലല്ലേ നമ്മൾ ഭക്ഷണം കഴിക്കൂ .ശുദ്ധവായു ഉണ്ടെങ്കിലല്ലേ ശ്വസിക്കൂ .ഡൽഹിയിലെ സ്ഥിതി നമ്മൾ വായിക്കുകയല്ലേ അല്ലെങ്കിൽ കാണുകയും അനുഭവിക്കുകയുമല്ലേ ? അതുപോലെ എത്രയെത്ര സ്ഥലങ്ങൾ ?ഇതിനൊക്കെ കാരണം വർദ്ധിച്ച ജനസംഖ്യയും വർദ്ധനവില്ലാത്ത മൂല്യങ്ങളുമാണ് .Good
fences make good neighbors." a proverb quoted by Robert Frost in the
poem "Mending Wall" അതെ നല്ല മതിലുകൾ നല്ല അയൽക്കാരെ തരും !ആ നല്ല
അയൽക്കാർ നാം കൂടിയാകണം എന്നുമാത്രം . നമ്മുടെ രാജ്യത്തിന്റെ നമ്മുടെ നാടിന്റെ നമ്മുടെ വീടിന്റെ നല്ല അയൽക്കാർ .അതിനൊക്കെ ഉപരി നമ്മുടെ ഭൂമിയാകുന്ന വീടിന്റെ നല്ല താമസക്കാർ !