സാഹിത്യമെന്നത് എന്നും മനുഷ്യനെ പരിലസിപ്പിക്കുന്ന ഒരു ശാഖയാണ്.എന്നാൽ ഭാഷ പോലെ തന്നെ സാഹിത്യത്തെയും മനുഷ്യന്റെ ചരിത്രപരമായ മുന്നേറ്റങ്ങളെയും പരിണാമ വികാസങ്ങളെയും കുറിക്കുന്ന നേർക്കാഴ്ച എന്നുകൂടി പറയേണ്ടിയിരിക്കുന്ന!മലയാള ഭാഷാ സാഹിത്യത്തിനു ഏകദേശം എണ്ണൂറിൽപ്പരം വര്ഷത്തെ പഴക്കം ആണ് പറയപ്പെടുന്നത് .പക്ഷെ അത്രകണ്ട് ഭീമമായൊരു സംഭാവന ഈ കാലയളവിൽ മലയാള സാഹിത്യത്തിനു നല്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നത് ചിന്തനീയമാണ് !
സാഹിത്യത്തിൽ ഇന്നുള്ള അവസ്ഥയെ അവലോകനം ചെയ്യുമ്പോൾ ശബ്ദശുദ്ധിക്ക് പ്രസക്തി ഉണ്ടോ ഇല്ലയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.ഭാഷാശാസ്ത്രപരമല്ലാത്ത വെറും പ്രാദേശികവും ഗ്രാമ്യവുമായ ഭാഷയിലാണ് ഇന്നുള്ള രചനകൾ എണ്‍പത് ശതമാനവും രൂപം കൊള്ളുന്നത്.ഇന്നത്തെ സാഹിത്യത്തിൽ നിന്നും നല്ല ഭാഷയും വ്യാകരണവും മാറി നില്ക്കുന്നു എന്ന് പറയുന്നതാവും ഉചിതം !അപശബ്ദങ്ങളും വാമൊഴികളും മുഴച്ചു നില്ക്കുകയും ചെയ്യുന്നു .മലയാളം ദക്ഷിണ ദ്രാവിഡ ഭാഷയിൽ നിന്നും ഒന്പതാം ശതകത്തിലാണ് വേർപിരിഞ്ഞു സ്വതന്ത്ര ഭാഷയായി വികാസം പ്രാപിക്കുന്നത് .അവിടെ നിന്നും പതിമൂന്നാം ശതകത്തിലാണ് ലിപി രൂപം കൊള്ളുന്നത് .ഒന്പതാം ശതകത്തിൽ പുതുതായി ഉരുത്തിരിഞ്ഞു വന്ന ഭാഷയും തങ്ങളുടെ ഭാഷയും കൂട്ടിക്കലർത്തി അന്നുള്ള നമ്പൂതിരിമാർ മണിപ്രവാള ഭാഷ രൂപപ്പെടുത്തിയതായി പറയപ്പെടുന്നു .കൂടാതെ അവരുടെതായ രീതിയിൽ പാട്ടുകളും .ഈ രണ്ടു തരത്തിൽക്കൂടിയാണ് അന്ന് ഭാഷ മുൻപോട്ടു വന്നത് .
ഭാഷയുടെ നിബന്ധനയായ വ്യാകരണം ഗ്രഹിച്ചിരുന്നതിനു ശേഷം എഴുതുന്ന എഴുത്തുകാർ എത്ര പേരുണ്ടാകും ഇന്ന് ?വാമോഴിയെക്കാൾ വരമൊഴിയിൽ ശ്രദ്ധിക്കണമെന്ന് സാരം . കേരള പാണിനി ,ശ്രി കെ സി കേശവപിള്ളയ്ക്കെഴുതിയ ഒരു കത്തിൽ നിന്നും :
'ശബ്ദാർത്ഥജ്ഞാനം സമ്പാദിക്കാതെ പലവിധ ശബ്ദങ്ങൾ ഉച്ചരിച്ചു തൃപ്തിപ്പെടുന്ന പക്ഷിമൃഗാധികളിൽ നിന്നും മനുഷ്യൻ വ്യത്യസ്തനാണല്ലൊ.അതിനാൽ നാം ശബ്ദങ്ങളുടെ അർത്ഥം ശരിയായി ഗ്രഹിച്ച് സുശബ്ദങ്ങൾ മാത്രം പ്രയോഗിക്കെണ്ടാതാണെന്നും വന്നുകൂടുന്നു .'
ഈ സുശബ്ദം എന്നത് നല്ല ഭാഷയാണ് .വാമൊഴിയും വരമൊഴിയും പരക്കെ പലതായിരിക്കെ തന്നെ ,ഈ വ്യത്യാസങ്ങൾക്കുപരിയായിത്തന്നെ ഒരു ഭാഷയുണ്ട് -മാനകഭാഷ .അതായത് ഭരണഭാഷ,ബോധനഭാഷ ,മാധ്യമ ഭാഷ എന്നൊക്കെ പറയുന്ന ഇതിനെയാണ് പരക്കെ ഇന്ന് അന്ഗീകരിക്കപ്പെട്ടിരിക്കുന്നതും .
പക്ഷെ മാനക ഭാഷയിൽ സാഹിത്യം വികസിക്കുന്നു എന്ന് പറയാൻ കഴിയുമോ ? ഇന്നുള്ള കഥകൾ,കവിതകൾ തുടങ്ങിയവയിൽ മാനകഭാഷ കൂടുതലായില്ല ,വാമൊഴിയിൽ തന്നെയാണ് ഇവിടെ സാഹിത്യം മാറിക്കൊണ്ടിരിക്കുന്നത് ,ഇതൊരു തെറ്റല്ല എന്ന് പറയാമെങ്കിലും പുതിയ തലമുറ മലയാളത്തിന്റെ അടിത്തറ അറിയാതെ മുകളിൽ പൊന്തിക്കിടക്കുന്ന പായൽ മാത്രമാവുകയാണ് ! കുട്ടികളിൽ അടിസ്ഥാനപരമായി മലയാള ഭാഷയുടെ യഥാർത്ഥ ശൈലി ,പദം,വ്യാകരണം എന്നിവ ഉറപ്പിച്ചു പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്തുകൊണ്ടും അഭിലഷണീയമാണ്. കാരണം ഭാഷ ഉപയോഗിക്കുമ്പോൾ അതിന്റെ ശരിയായ പദം അറിഞ്ഞതിനു ശേഷം വാമൊഴി ഉപയോഗിക്കുന്നവർക്ക് ശുദ്ധമായ ഭാഷ ഉള്ളിലുണ്ടാകുന്നു .അവരെ നമുക്കറിവുള്ളവർ (ഭാഷയിൽ)എന്ന് വേർതിരിച്ചെടുക്കാം.
മറ്റു ഭാഷകളിൽ നിന്നും പദങ്ങൾ ധാരാളമായി സ്വീകരിച്ചു കൊണ്ടാണ് നിലവിൽ മലയാളം മുൻപോട്ടു പോയിക്കൊണ്ടിരിക്കുന്നത് .എങ്കിലും ഭാഷ നന്നാകണമെങ്കിൽ പദം തിരഞ്ഞെടുക്കുന്നതിൽ സൂക്ഷ്മമായി ശ്രദ്ധിക്കെണ്ടുന്നതുണ്ട്.പ്രയോഗം വൈകല്യമായാൽ ഭാഷ മലിനവും സൌന്ദര്യമില്ലാത്തതും ആയിത്തീരും .പതിവ്രത യും പതിവൃതയും തമ്മിലെന്നപോലെയാണ് അത് .പതിയെ സംബന്ധിച്ച് വ്രതമുള്ളവളാണ് പതിവ്രത .പതികളാൽ ചുറ്റപ്പെട്ടവൾ ആണ് പതിവൃത ! അർത്ഥത്തിൽ വരുന്ന മാറ്റം മുഴുവൻ ഘടനയെയും ചരിത്രത്തെ വരെ മാറ്റി മറിക്കും.
സഗ്ഗാത്മക സാഹിത്യത്തിൽ സ്വാതന്ത്ര്യം ഉണ്ടെന്നു ശരിയെന്നിരിക്കെ തന്നെ വൈജ്ഞാനിക സാഹിത്യത്തിൽ തെറ്റിനെ തെറ്റായി ഉൾക്കൊണ്ടു കൊണ്ട് അവ തിരുത്താൻ ഇന്നുള്ള എഴുത്തുകാർ മുൻപോട്ടു വരേണ്ടതാണ് .
ഒരാൾ എഴുതുന്നത് അത് വായിക്കുന്നവരിൽ ഉണര്ത്തുന്ന ശ്രേഷ്ഠത എഴുതുന്നയാളുടെ ഭാഷ മാത്രമല്ലെങ്കിലും ആ ഘടന, പദങ്ങളുടെ ഉപയോഗം ,വ്യക്തത എന്നിവ തീർച്ചയായും വെളിപ്പെടുത്തുന്നത് ഭാഷയിലാണ് വലിയ കാര്യമെന്നത് തന്നെ !