ഇത്കുമാറിന്റെ കുട്ടിക്കാല സ്മൃതിയാണ്. എനിക്ക് വളരെയേറെ കൌതുകവും എന്നാല്‍ എന്തോ ഒരു ശൂന്യതയും തോന്നിയ കുട്ടിക്കാല ഓര്മ!
1980 കളുടെ ആദ്യ പകുതി..കൊല്ലം ചവറയില്‍ പള്ളത്താല്‍ കുടുംബത്തിലെ ഇളമുറക്കാരനായിരുന്നു കുമാര്‍ അന്ന്, ഏകദേശം ആറു വയസുള്ളപ്പോള്‍ അമ്മ വീട്ടില്‍ നിന്നാണ് പഠിപ്പ്..ചവറ തോട്ടിന് വടക്ക് ആയിട്ടാണ് പള്ളത്താല്‍ വീട്. നേരെ മുന്പിലായിട്ടാണ് നമ്മുടെ സുഗുണന് മേസ്തിരിയുടെ വീട്. മേസ്തിരിയുടെ വീടിനടുത്തായി നല്ലൊരു കാവുമുണ്ട്! സുഗുണന് മേസ്തിരി അസ്സലൊരു കലാകാരന് ആയിരുന്നു..അദ്ദേഹത്തിന്റെ കരവിരുതിനാല്‍ വിരിഞ്ഞ ഒട്ടനേകം ഗൃഹോപകരണങ്ങള്‍ ചവറയിലെ പല വീടിനെയും അലങ്കരിച്ചിരുന്നു..രണ്ടു പെണ്മക്കളും (സിന്ധുവും ബിന്ദുവും ) ഒരു ആണ്‍കുട്ടിയും (സുവര്‍ണ്ണന്‍ ) ആയിരുന്നു നമ്മുടെ സുഗുണന് മേസ്ത്രിയ്ക്ക് .ഭാര്യ പൊന്നമ്മ ! സന്തുഷ്ട കുടുംബം.
അങ്ങനെയിരിക്കെ നമ്മുടെ സുഗുണന് മേസ്തിരി കാവിലെയ്ക്കുള്ള ദൈവങ്ങളുടെ പണിത്തിരക്കിലായി..രാവും പകലും പണിതുപണിത് അദ്ദേഹം സുന്ദരന്മാരും സുന്ദരികളുമായ ഒട്ടനവധി ദൈവങ്ങളെ മെനഞ്ഞു! അതീവ മനോഹാരിതകൊണ്ട് അവര്‍ കാവിനെ അലങ്കരിച്ചിരുന്നു!
അങ്ങനെ ഒരുദിവസം പൊടുന്നനെ സുഗുണന് മേസ്തിരിയ്ക്ക് ഭ്രാന്തായി! ആകെ ഭീകരാന്തരീക്ഷം എല്ലാവരും പറഞ്ഞു നടന്നു അയാള്‍ക്ക് ദൈവ ശാപം കിട്ടീതാവും! എന്തിനായിരിക്കാം ദൈവങ്ങള്‍ ശപിക്കുന്നത്! ഇനിയാര്ക്കുമാ സൗന്ദര്യം കൊടുക്കാതിരിക്കാനോ !
കാവിലെ ദൈവങ്ങളുടെ സൗന്ദര്യം കാണാന്‍ പോകുമ്പോള്‍ കുമാര്‍ എന്നും രഹസ്യമായി സുഗുണന് മേസ്തിരിയെ ശ്രദ്ധിച്ചു പോന്നു..അയാള്‍ക്ക് ഭ്രാന്തിളകുമ്പോള്‍ മുറ്റത്തുള്ള കിണറിനടുത്തായി അയാള്‍ കുളിക്കുവാനായി ഒറ്റ തോര്‍ത്ത് മുണ്ടും ഉടുത്തു മണിക്കൂറുകളോളം കണ്ണടച്ച് നില്ക്കും!
സുഗുണന് മേസ്തിരിയുടെ വീടിനടുത്തായി ഒരു വലിയ പെരുമരം ഉണ്ടായിരുന്നു..വളരെ വലിയ ഈ മരത്തില്‍ നിന്നും കായുകള്‍ അന്തരീക്ഷത്തിലൂടെ കറങ്ങി കറങ്ങി താഴേയ്ക്ക് വരുന്നതും നോക്കി കുമാര്‍ നില്ക്കും! എന്തൊരു കൌതുകമാണതിന്റ വരവ്..!! ഇടയ്ക്ക് തിരിഞ്ഞു നോക്കുമ്പോഴും സുഗുണന് മേസ്ത്രി ഒരേ ധ്യാനത്തിലാവും !
എന്തൊരു നിപ്പാ എന്റെ സുഗുണാ ഇത്..?!!
വടക്കേലെ അക്ക ചോദിക്കുന്നതൊന്നും സുഗുണനെ ബാധിക്കാറേയില്ല ! കുമാര്‍ പെരുമരത്തിന്റെ കായ് പെറുക്കിക്കൂട്ടി കളി തുടങ്ങി.
രാജന് മാമന് ഓഫീസ് വിട്ടു വീട്ടിലെത്തി.മാമന്റെ ഹെര്കുലിസ് സൈക്കിള്‍ മിനുങ്ങി തിളങ്ങി വരന്തയോട് ചേര്‍ന്നിരുന്നു..അപ്പോഴും സുഗുണന് മേസ്ത്രി ഒരേ ധ്യാനത്തില്‍ തന്നെ !
അയ്യോ എന്റെ സൈക്കിളെവിടെ? കുമാറെ ഡാ കുമാറേ ...
എന്താ മാമാ?
നീ സൈക്കിള്‍ കണ്ടോടാ..?? ഇവിടെ ഞാന്‍ ഇപ്പൊ വച്ചതാ..
ഇല്ല മാമാ.. കുമാറിന്റെ മറുപടി!
അയ്യോതെവിടെപ്പോയീ..?!!
മ്മടെ സുഗുണ അണ്ണനെങ്ങാനും പൊക്കി കൊണ്ടായോ ? ശശികലക്കുഞ്ഞമ്മ അങ്കലാപ്പോടെ കിണട്ടിങ്കരെലേക്ക് നോക്കി.
'ഹേ അയാളവിടെ കുന്തം വിഴുങ്ങി നിക്കണ കണ്ടില്ലേ..'രാജമ്മാമന്‍!
എന്നാലുമൊരു സംശയം..!
ആള് കൂടി.എല്ലാരും കൂടി തിരച്ചിലായി ഒടുവില്‍ സൈക്കിള്‍ കണ്ടെത്തി!!
സുഗുണന് മേസ്ത്രിയുടെ ലൊട്ടുലൊടുക്ക് സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ ഹെര്‍ക്കുലിസ് സൈക്കിള്‍ രാജന് മാമനെ കാണാഞ്ഞു ആധിപിടിച്ചു ഇരിപ്പുണ്ടായിരുന്നു!
ആര്‍ക്കും ഇതെങ്ങനെ നടന്നു എന്ന് പിടിയില്ല! കുമാര്‍ പലവുരു ആവര്‍ത്തിച്ചു..
ഇല്ല മാമാ ഞാന്‍ കണ്ടതെ ഇല്ല..ഞാന്‍ അവിടിരുപ്പുണ്ടാരുന്നു!
അന്ന് രാത്രി സുഗുണന് മേസ്ത്രിയെ ചില അകന്ന ബന്ധുക്കള്‍ തല്ലിച്ചതയ്ക്കുന്ന ഒച്ച കേട്ട് കുമാറിന്റെ ചങ്ക് പടപടെ ഇടിച്ചു..!
പിറ്റേന്ന് രാവിലെ കുമാര്‍ സ്കൂളില്‍ പോകാന്‍ പുറപ്പെടുമ്പോള്‍ സുഗുണന് മേസ്ത്രി കുളിച്ചൊരുങ്ങി അവനു മുന്പില് പുറപ്പെട്ടു..! ആറടി അടുത്തുവരുന്ന രൂപത്തിന് ആ പുതിയ തേച്ചു മിനുങ്ങിയ ഷര്‍ട്ട് അതി ഗന്ഭീരമായി ചേര്‍ന്നിരുന്നു! ഇന്സേര്ട്ട് ചെയ്ത ഷര്‍ട്ടിനു മുകളില്‍ തിളങ്ങുന്ന ബെല്‍റ്റ്..തേച്ചു മിനുക്കിയ ഷൂ !! കൈയില്‍ ഒരു ചെറിയ ഭംഗിയുള്ള സൂട്ട് കേസ് ! ആളെ കണ്ടാല്‍ പത്തര മാറ്റ്! കുമാറിന് മുന്പില് നടന്ന സുഗുണന് മേസ്ത്രി നാല്ക്കവലയില് നിന്നും ഒരു ടാക്സി കാര്‍ വിളിച്ചു.. കുമാര്‍ സ്കൂളിലെയ്ക്കു തിരിഞ്ഞു , സുഗുണന് മേസ്ത്രി വേറെങ്ങോട്ടെയ്ക്കോ യാത്രയായി!
വൈകിട്ട് സ്കൂളില്‍ നിന്നും തിരിച്ചെത്തിയ കുമാറിനെ എതിരേറ്റത് കുറെ പോലീസുകാരും ചോര പുരണ്ടു കീറിപ്പറിഞ്ഞ വേഷത്തോടെ സുഗുണന് മേസ്ത്രി യും ആണ്.സുഗുണന് മെസ്ത്രിയുടെ പെട്ടി നിറയെ കാശു വലിപ്പത്തില്‍ വെട്ടിയോരുക്കിയ പത്രക്കഷണങ്ങള്! വണ്ടി വിളിച്ച സുഗുണന് വണ്ടി നിര്‍ത്തിയപ്പോള്‍ പെട്ടി തുറന്നു നാല് പത്രക്കഷ്ണങ്ങള്‍ എടുത്തു ഡ്രൈവര്‍ക്ക് നീട്ടിയത്രേ! അയാള്‍ സുഗുണനെ അടിച്ചു പപ്പടമാക്കി പോലീസിലേല്‍പ്പിച്ചു!
പാവം സുഗുണന് ഒരു പരാതിയും കൂടാതെ അതേറ്റു വാങ്ങി വീട്ടിലെത്തി ധ്യാന നിരതനായിരുന്നു!
ഇതുപോലുള്ള പല ദിവസങ്ങളും ആവര്‍ത്തിക്കപ്പെട്ടു..പലവുരു മൃഗീയമായ മര്‍ദ്ദനം സുഗുണന് മേസ്ത്രി സ്വന്തം ആള്‍ക്കാരില്‍ നിന്ന് തന്നെ ഏല്‍ക്കേണ്ടി വന്നു..!
ഒരു ദിവസം പാട്ട് കേട്ടിരിക്കെ റേഡിയോ എടുത്തു ശാന്തനായി തന്റെ വീടിനടുത്തുള്ള കൊച്ചു കുളം ലക്ഷ്യമാക്കി സുഗുണന് നടപ്പ് തുടങ്ങി..ഒന്നും സംഭവിക്കാത്തത് പോലെ റേഡിയൊ കുളത്തിലെക്കിട്ടു അയാള്‍ തിരിച്ചു പോന്നു..!
ചില നേരത്ത് അയാള്‍ തന്റെ വീടിന്റെ അനേകം ദ്വാരങ്ങളില്‍ ഒന്നില്ക്കൂടി അയല്‍വീടുകളെ വീക്ഷിച്ചുകൊണ്ടേ ഇരിക്കും..! അയാളുടെ വീട് ഒരുപാട് കിളിവാതിലുകളും ഓട്ടകളും കൊണ്ട് അയാള്‍ മോടി പിടിപ്പിച്ചിരുന്നു!
നാട്ടുകാര്‍ക്കൊരു തമാശ നിറഞ്ഞ ഭയമായിരുന്നു സുഗുണന് മേസ്ത്രി നല്കികൊണ്ടിരുന്നത്..
ഒരു ദിവസം രാവിലെ കുമാര്‍ ഉറക്കമുണരുന്നത് ഒരു ആര്‍ത്തനാദവും അതിനു മേമ്പൊടിയായി പലതരം ശബ്ദങ്ങളും കേട്ടാണ്!
അയ്യോ എന്നെ രക്ഷിക്കണേ..ആരെന്കിലുമൊന്നോടി വരണേ..
എല്ലാരുമോടി കൂടെ കുമാറും ..!
കിണറ്റിന് കരയില്‍ സുഗുണന് മേസ്ത്രി കൈയും കെട്ടി നില്‍പ്പുണ്ട് !കിണറ്റിനു ചുറ്റും കുറെപേര് !
'കയറെടുക്കു..നീളമുള്ള കോല് കൊടുക്ക് അവര്‍ പിടിച്ചു നില്ക്കട്ടെ..'
കിണറിന്റെ അരമതിലില്‍ പിടിച്ചു പൊന്തി നോക്കുമ്പോള്‍ പൊന്നമ്മ ചേച്ചി ഏകദേശം മരിക്കാറായ അവസ്ഥയില്‍ കിണറില്‍ നനഞ്ഞു കുഴഞ്ഞു കിടന്ന് കിട്ടുന്ന ശ്വാസത്തില്‍ എല്ലാരേം നോക്കി നിലവിളിക്കുന്നു..
എന്നെ ..രക്ഷിക്കൂ..ഞാനിപ്പ ചാ..കും..!
മക്കള്‍ ഏങ്ങലടിച്ചു പറഞ്ഞു :
അച്ഛന് അമ്മയെ പൊക്കിയെടുത്തു കിണറ്റിലിട്ടു..അമ്മ ചുമ്മാ ഇവിടിരിക്കയാരുന്നു..!
എല്ലാരും കൂടി ധ്യാനിച്ച് നില്ക്കുന്ന സുഗുണന് മേസ്ത്രി യെ കൈയ്യോടെ പിടിച്ചു കെട്ടി അകത്തുള്ള തൂണില്‍! പൊന്നമ്മ ചേച്ചിയെ നാട്ടുകാര്‍ രക്ഷിച്ചു ആശുപത്രീലാക്കി.അന്ന് രാത്രി സുഗുണന് മേസ്ത്രിയെ സ്വന്തക്കാര് കൂടി കെട്ടിയിട്ടു തല്ലിച്ചതച്ചു..പിറ്റേന്ന് അതിരാവിലെ മക്കളും ഭാര്യയും സുഗുണനെ വിട്ട് എന്നേയ്ക്കുമായി ഓടിപ്പോയി !
പിന്നീടുള്ള മൂന്ന് ദിനങ്ങള്‍ ആരും സുഗുണന് മേസ്ത്രിയെ കണ്ടതേയില്ല..പെരു മരത്തിലെ കായുകള്‍ പതിവ് പോലെ പൊഴിഞ്ഞു അയാളുടെ മുറ്റമാകെ അലങ്കരിച്ചു ..
കുമാര്‍ എല്ലാ ദിവസവും സ്കൂള്‍ വിട്ട് വന്ന ശേഷം പെരുമരത്തിനു ചോട്ടില് കായ് പെറുക്കി കളിച്ചു..
അന്നൊരു മാര്‍ച്ച് 31 ആയിരുന്നു.പതിവ് പോലെ കുമാര്‍ പെരുമരത്തിന്റെ ചുവട്ടിലിരുന്നു കളിക്കയാരുന്നു..അമ്മമ്മ അയ്യത്തു നില്‍പ്പുണ്ട്...സുഗുണന് മേസ്ത്രി യുടെ ഒരകന്ന ബന്ധു മെസ്ത്രിയുടെ പുരയുടെ ഒരു വശം ചുറ്റി കടന്നു വന്നു..
എന്താ സുരേ ഈ വഴി ? അമ്മാമ്മ
സുഗുണന് അണ്ണനെ കണ്ടിട്ട് മൂന്ന് ദിവസായീല്ലേ അക്കെ ..ഞാന്‍ ഈ ജനലൊന്ന് തുറന്നു നോക്കട്ടെ..
ഈ ജനലിനു തൊട്ടു താഴെയാണ്കുമാറിരുന്നു കളിക്കുന്നത്..
സുര ജനല്‍ ഊക്കോടെ തള്ളിത്തുറന്നു ..കുമാര്‍ കളി നിര്‍ത്തി എഴുന്നേറ്റ് ജനലിനകത്തേയ്ക്കെത്തി നോക്കി. കനത്ത ഇരുട്ടിലേയ്ക്കു സുര കൈയിലിരുന്ന ടോര്‍ച്ചു തെളിച്ചു..
അഴുകാന്‍ തുടങ്ങിയ സുഗുണന് മെസ്ത്രിയുടെ ശവശരീരം മുകളില്‍ നിന്ന് താഴേക്കു തൂങ്ങി നിന്നിരുന്നു..!!
കൊച്ചു കുമാറിന്റെ കണ്ണില്‍ അയാളുടെ മാന്തിപ്പറിച്ച തുടയില്‍ നിന്നുള്ള ഒരു കഷ്ണം മാംസം മാത്രമേ വ്യക്തമായി ടോര്‍ച്ചു വെട്ടത്തില്‍ കാണാന്‍ കഴിഞ്ഞുള്ളൂ.
അവന്റെ തല ശക്തിയില്‍ പിന്നോട്ട് തള്ളിമാറ്റി സുരയണ്ണന്‍ പിറുപിറുത്തു..അടുത്ത മാരണം! ഇനിയിതിന്റെ പിറകെ നടക്കണം!
ഡാ മോനെ.. നീയങ്ങോട്ടു പോയ്ക്കെ ഇവിടെ നിക്കേണ്ട !
'അക്കേ ..അയാള്‍ ദാ തൂങ്ങി നിക്കണ് ..രണ്ടു ധെവസമായീന്നു തോന്നണ്..മണം വരനിണ്ട്..!
'ദെ ഈ കൊച്ചിനെയങ്ങു പിടിച്ചോണ്ട് പോ ,കാണിക്കേം മറ്റും വേണ്ട..'
അമ്മമ്മ ഒരുതരം വിളര്‍ന്ന വേവലാതിയോടെ കുമാറിനെ വലിച്ചു കൊണ്ടോടി വീട്ടിലെത്തി. ചുറ്റുവട്ടത്തുള്ളവര്‍ കൂടി.ആര്‍ക്കുമറിയില്ല സംഭവം നടന്നതെന്നെന്ന്..!
ചിലര്‍ പറഞ്ഞു :
' കൊന്നതാ അവര്‍ കൊന്നത് തന്നെയാ..അയാളെക്കൊണ്ട് മടുത്തതല്ലിയോ..! ആരായാലും ചെയ്യും കേട്ടാ..'
'ഹേയ്... തുടയോക്കെ മാന്തി പോളിച്ചേക്കണ്.. ആത്മഹത്യ തന്നെ..'
കൊച്ചുകുമാര് ഈ സംഭാഷണം നടക്കുമ്പോള്‍ അകത്തു കിടക്കയില്‍ പേടിച്ചരണ്ടു നില്‍ക്കുകയായിരുന്നു ..ഓര്‍മയില്‍ ആ മംസക്കഷ്ണം മാത്രം!
അര്‍ദ്ധരാത്രി പന്ത്രണ്ടു മണിയോടെ ആള്ക്കാര് പോലീസിനെ വിളിച്ചു.
'ഹലോ പോലീസ് സ്റ്റേഷന് അല്ലെ?'
'അതെ..എന്ത് വേണം ?'
'സര് ചവറയില്‍ നിന്നുമാണ്..ഇവിടൊരു മരണം..'
'ഭ! വച്ചിട്ട് പോടാ പോലീസ്നോടാണോ കളി..അവന്റമ്മേടെ ഏപ്രില്‍ ഫൂള്‍ !!
നിന്നെയൊക്കെ കിട്ടിയാ നായിന്റെ മോനെ...ഞാന്‍..'
പിറ്റേന്ന് നേരം വെളുത്തപ്പോള്‍ നാട്ടുകാര്‍ക്കൊക്കെ ചിരിയോ ചിരി !
'ഡേയ് ..നമ്മടെ സുഗുണന് അണ്ണന് മരിച്ചെന്നൊരു ഏപ്രില്‍ ഫൂള്‍! ഹ ..'
അതെ ആരും വിശ്വസിച്ചില്ല ! കുമാറിന്റെ അയല്ക്കരോഴികെ! ആരും ആ വീട്ടിലേയ്ക്ക് വന്നതേയില്ല അയാളെ അഴിച്ചു മാറ്റാന്‍ പോലും..!!
പള്ളത്താല്‍ വീട്ടില്‍ എല്ലാവരും ഒരു ദിവസംകൂടി വീര്‍പ്പുമുട്ടിക്കഴിഞ്ഞു കൂടി..തൊട്ടുമുന്പിലെ വീട്ടില്‍ ഒരു ശവം തൂങ്ങി നില്ക്കുന്നു!
കുമാര്‍ ഓര്‍ത്തു..ഇന്നലെയും അതിനു മുന്‍പും ഞാന്‍ അവിടിരുന്നു കളിക്കുമ്പോ..അയാളവിടെ തൂങ്ങി..!
'ചിറ്റമ്മേ ...എനിക്ക് തന്നെ കെടക്കാന്‍ പേടിയാ..'
പിറ്റേന്ന് ആള്ക്കാര് സംഭവം സത്യമെന്നറിഞ്ഞു ഒത്തു കൂടി..ഒരുപാട് ധൂപക്കുറ്റികളെരിയുമ്പോള്..സുഗുണന് മെസ്ത്രിയുടെ അഴുകിയ ജഡം അവര്‍ നിലത്തിറക്കി.. അയാള്‍ സന്തുഷ്ടിയുടെ നിത്യ ധ്യാനത്തിലായിരുന്നു!
(
ഈ ഓര്‍മക്കുറിപ്പിലെ കുമാര്‍ , ശ്രീജിത്ത് രമണന് എന്ന എന്റെ ഭര്‍ത്താവാണ് )
(തുടരും)