Thursday, April 8, 2010

നിനക്ക് സ്നേഹപൂര്‍വ്വം.


പ്രിയപ്പെട്ട..
മറുപടി ഞാന്‍ ഇവിടുന്നെഴുതുന്നു.ഇല്ലെങ്കില്‍ ഞാന്‍ അവിടെത്തുംബോഴെയ്കും പലതും ഓര്‍മയില്‍ നിന്നും നഷ്ടമായി പോകുമെന്നുറപ്പാണ്.ഞാന്‍ അവിടെ നിന്നും പറിച്ചു മാറ്റപ്പെടുമ്പോള്‍ ഒന്നര വര്‍ഷം വീണ്ടും ആ കോളേജില്‍ ബാക്കിയായിരുന്നല്ലോ..? വളരെ പ്രതീക്ഷയോടെയാണ് ഞാന്‍ തലസ്ഥാന നഗരിയിലെ എന്‍റെ പുതിയ സങ്കെതത്തിലെത്തിയതെന്നു ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ?നനന്ഞ കണ്ണോടെ ഞാനവിടെ നിന്നും പിരിഞ്ഞപ്പോള്‍ നിങ്ങള്‍ കൂട്ടുകാര്‍ കുങ്കുമം ചാര്‍ത്തി എന്നെ പറഞ്ഞയച്ചു! പോയ്‌ വരൂ..

അവിടെത്തിയപ്പോള്‍ പ്രതീക്ഷകള്‍ പൂവണിയുന്നു! എങ്ങും സൌഹൃദത്തിന്റെ തെളിഞ്ഞ മുഖങ്ങള്‍.. ! നിറയെ മഞ്ചാടി മരങ്ങള്‍! കുനിഞ്ഞിരുന്നു മഞ്ചാടി പെറുക്കിക്കൂട്ടുന്ന എന്നെ നോക്കി അവര്‍ പറഞ്ഞു:

ശിശു! മഞ്ചാടിക്കുരുവിനു പിറകെ നടക്കാന്‍ നാണമില്ലേ?

അവരപ്പോള്‍ ടാറ്റാ സിയെറ വാങ്ങിയാലുള്ള ലാഭത്തെ ക്കുറിച്ച് പറയുകയായിരുന്നു!

ഒരിക്കല്‍ ഞാന്‍ നിന്നോട് പറഞ്ഞതാണോ എന്നറിയില്ല..ഞാന്‍ നിലാവിനെക്കുറിച്ചവരോട് പറഞ്ഞു..പൊടുന്നനെ അവരെന്നോട് പറഞ്ഞു തുടങ്ങി :

M tv യിലെ tuesday യിലെ പ്രോഗ്രാം കണ്ടിരുന്നോ?? എന്ത് രസമായിരുന്നു!

ഞാന്‍ അന്ന് രാത്രി തലയില്ലാത്ത എന്നെ സ്വപ്നം കണ്ടു..അത് എവിടെയോ ഒളിച്ചിരുന്നു എന്നെ നോക്കും പോലെ..!കണ്ണ് തുറന്നപ്പോള്‍ ഹോസ്റ്റല്‍ മുറി ഒരു പ്രേതാലയം പോലെ എന്നെ വളഞ്ഞു നിന്നു..!

എനിക്ക് സഹി കേട്ടപ്പോള്‍ ഞാന്‍ അവരോടു ഖലീല്‍ ജിബ്രാന്‍ നെക്കുറിച്ചവരോട് സംസാരിച്ചു തുടങ്ങി!

പ്രവാചകന്‍റെ വെളിപാടുകള്‍..നിങ്ങള്‍ ദുഃഖത്തോടെയിരിക്കുമ്പോള്‍ ചിന്തിക്കുക,നിങ്ങള്‍ എന്തിനെപ്പറ്റി ദുഖിക്കുന്നുവോ അത് നിങ്ങള്‍ക്ക് ആനന്ദം ..

ആരാണിയാള്‍? നിന്‍റെ വുഡ്ബിയാണോ??

മിണ്ടരുത്..! ശബ്ദമുയര്‍ന്നത് എന്‍റെ തന്നെയോ!!ഞാന്‍ പകച്ചു പോയിരുന്നു..!

പിന്നീടീ അവധിക്കാലത്ത്‌ ഒരുത്തനെഴുതി ചോദിച്ചിരിക്കുന്നു..

who is your bloody khaleel Gibran?

വായനയുടെ സ്വര്‍ഗം എന്നേ മരിച്ചിരിക്കുന്നു!!എനിക്ക് ചിരിക്കാന്‍ തോന്നി..നിനക്കോ?

നീ എഴുതിയത് ഞാന്‍ വീണ്ടുമോര്‍ക്കുന്നു:

വാക്കുകള്‍ ധ്വനിപ്പിക്കുന്ന അര്‍ത്ഥതലങ്ങളില്‍ക്കൂടി സ്നേഹം ഒഴുകിത്തീരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല;ആത്മാര്‍ത്ഥ സ്നേഹം ഉള്ളിന്‍റെയുള്ളില്‍ കൊളുത്തി വച്ച ജീവ ജ്വാലയാണ്..! അതൊരിക്കലും അണയില്ല! അതണഞ്ഞാല്‍ അതിനെ ആത്മാര്‍ത്ഥ സ്നേഹം എന്ന് വിളിക്കാനാവില്ല.

ആ വെളിച്ചം കെടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കയാണ് ഞാന്‍.നഷ്ടങ്ങള്‍ എനിക്ക് സഹിക്കാനാകില്ല!ഒന്നാം ക്ലാസ്സിലെ മയില്‍പ്പീലിത്തുണ്ടും കല്ല്‌ പെന്‍സിലും ഞാന്‍ കാത്തു വച്ചത് ആ നഷ്ടം സഹിക്കാനാകാതെയാണ്!എപ്പോഴെങ്കിലും ഈ സൌഹൃദം മടുത്താല്‍ അറുത്തു മാറ്റുക.പക്ഷെ നഷ്ടപ്പെടുത്തലാകരുത്.

പിന്നെ നീ ചോദിച്ചില്ലേ പരിഭവം പാതിയെങ്കിലും പോയോ എന്ന്..? അതിനെനിക്കു പരിഭവം ഇല്ലെങ്കിലോ!? അല്ലെങ്കില്‍ വേണ്ട ..പരിഭവമുണ്ട്..നിറയെ..

മറുപടി എഴുതണമെന്നൊക്കെ പറയേണ്ട ആവശ്യമുണ്ടോ?ഒന്നോര്‍ത്തെയ്ക്കണം നിമിഷങ്ങള്‍ക്ക് ശരവേഗമാണ്..

ഒരുപാട് സ്നേഹത്തോടെ..

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...