Thursday, March 28, 2013

ഒരു സാന്ത്വനത്തിനൂതി വിട്ട പുക!


ശവം നാറിപ്പൂക്കൾ വിടർന്ന
സെമിത്തേരി വഴികളിലൂടെ ..
കാലം പതുങ്ങി പോവുകയാണ് ..
കാൽ വഴുതിയാൽ പെട്ടിയിൽ മൂടി
അടക്കം ചെയ്യുമെന്നു പേടിച്ച് !

പുളിയുറുബുകളെ  മാവിൻ ചുവട്ടിൽ
കുഴിച്ചിട്ട് പാടുകയാണിന്നും ഞങ്ങൾ ..
കാറ്റേ വാ കടലേ പോ ..
ഒരു കുന്നു മാമ്പഴം തന്നേ പോ..

തെളിനീർ ചാലുകളിലൂടെ
പരൽമീനും മാനത്തുകണ്ണിയും
ഇളകിക്കളിക്കുന്നതിലെയ്ക്ക്
ഉറ്റു നോക്കിയിരിക്കയാണ്
സർവ്വതും മറന്നെൻ ബാല്യം !

മാർക്കറ്റ് അനലയ്സിസും
ക്വാളിറ്റി കണ്ട്രോളും കൂടിക്കുഴഞ്ഞ
എന്റെ പകലുകൾ .. !
അതിലേയ്ക്ക് ചാഞ്ഞു പെയ്യാത്തൊരു
മഴയും തേടി എന്റെ മനസ്സെന്ന
വേഴാമ്പൽ !

പൊട്ടിത്തെറിയുടെ ഇങ്ങേത്തലയ്ക്കൽ
കടം കൊടുത്തതാണ് എന്റെ
കുട്ടികളെ !ഒപ്പിട്ടു പിരിയുമ്പോൾ
അയാളുടെതും കൂടിയായ
രക്തവും മാംസവും രൂപം വച്ച്
ഉരുവായി ആത്മാവൂതി നിറച്ച
ഞങ്ങളുടെ കണ്മനികളെ   !

ഈ ഇരുണ്ട മുറികൾക്ക്
തെളിവുള്ളോരു  നിറം
കൊടുക്കാൻ ഞാൻ കൈ മുറിച്ചു
നിറം കലക്കി അടിച്ചതിനെ അവർ
മരണക്കുറിപ്പെന്നു  കരുതി ,
എന്നെ വിലങ്ങണിയിച്ചു കൊണ്ട് പോകുന്നു !

ആത്മഹത്യ എന്ന പേര് കേൾക്കുമ്പോഴേ
അവർ കുഴിവെട്ടാൻ മണ്‍വെട്ടി തിരയുന്നു !
പറഞ്ഞിട്ടാണോ ആത്മഹത്യ
ചെയ്യുന്നതെന്ന് ഞാൻ !!

ഒരു സാന്ത്വനത്തിനൂതി വിട്ട പുകയാണിതെന്നവൾ !
സാന്ത്വനം പുകപോലാണല്ലോ
എന്നോർത്തു നോക്കുന്നിടത്തെല്ലാം പുക !
പുഞ്ചിരി പൊഴിച്ചുകൊണ്ട്‌
ഇതുകേട്ടൊരു രാജമല്ലി
ചുവപ്പിൽ മഞ്ഞ കലർന്നൊരു
ചിരി അടർത്തുന്നു !
 


No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...