Thursday, January 17, 2013

എന്‍റെ വയനാട് !


മലകയറിയ കാറ്റിനു പറയാന്‍
മനമുരുകിയ കഥയുണ്ട് ..
കുടമുല്ലകള്‍ പൂത്ത നിലാവിന്
മണമുള്ളോരു ചിരിയുണ്ട്‌!
കാട്ടാറുകള്‍ ഒഴുകും വഴിയില്‍
കാപ്പിപ്പൂച്ചിരിയുണ്ട് ..
 അറിയാതത്‌ കാണും കണ്ണില്‍
തുമ്പപ്പൂ നിറമുണ്ട് !
പുള്ളിപ്പുലി മറയും വഴിയില്‍
പുല്മേടിന്‍ മറവുണ്ട്..
കാട്ടാനകള്‍ മേവും മഞ്ഞില്‍
ഈറക്കുഴല്‍ വിളിയുണ്ട് ..
മുളയരികള്‍ വാരും കൈയ്യിന്
കൂരിരുളിന്‍ നിറമുണ്ട്
കാട്ടുതേന്‍ ഏറ്റും കൈയ്യില്‍
ഒരു വീര്‍പ്പിനു നീരുണ്ട് !
കൈക്കോട്ടുകള്‍ താളം കൊത്തും
കൈതോലക്കാടുണ്ട്
കാടതിനുള്ളില്‍പ്പോലും
കഥചൊല്ലും കളിയുണ്ട്!
തുടിപാട്ടില്‍ ഉയിരും നിനവും
പറയുന്നൊരു പാട്ടുണ്ട്
പാട്ടില്‍ നീ കരുതുന്നതിലും
പറയാത്തൊരു പൊരുളുണ്ട് !
കല്ലതിലും കോറിപ്പറയും
ഐതിഹ്യ പൊരുളുണ്ട്‌..
മനസ്സിന്നൊരു മായും മുറിവായ്‌
നീലപ്പൊന്മാനുണ്ട്!
നാളെത്രകഴിഞ്ഞെന്നാലും
നാവേറിന്‍ പാട്ടുണ്ട്
നാടെത്ര മുറിഞ്ഞെന്നാലും
നാടോടിപ്പൊരുളുണ്ട് !
കാടെത്ര കൊഴിഞ്ഞെന്നാലും
വീണുണരാന്‍ വിത്തുണ്ട്
കൊക്കുണ്ടത് കൊത്തിവിതയക്കാന്‍
നീയതിനെ തിന്നരുതെ  !



Monday, January 14, 2013


രാത്രീല് ഓടില്‍ നിന്നും ഇറയത്തെയ്ക്കൂര്‌ന്നു വീഴുന്ന മഴവെള്ളത്തിന്റെ നേര്‍ത്ത ഉര്ര്ര്ര്‍ ഒച്ചയില്‍ പഞ്ഞിമെത്തയില്‍ കമ്പിളിപ്പുതപ്പിനുള്ളില്‍ നൂണ്ടു തലയിണയില്‍ തല ആഴ്ത്തി ലോകത്തെ ഒരാധി വ്യാധികളും അലട്ടാതെ സുഖദമായുറങ്ങുമായിരുന്ന ആ ഓര്‍മകളാണ് ജീവിതത്തിലെ നിധി ..കൈമോശം വന്നുപോയ എന്നത്തെയും നിധി !

Saturday, January 12, 2013

പവിഴമുത്ത് !


നിന്‍റെ പാവാടത്തുംബുലഞ്ഞ
കാറ്റില്‍പ്പെട്ട് പോയതാണവന്‍..!
കാത്തിരുന്നിട്ടും കാണാതെ
പോയവന്‍!
കേള്‍ക്കാന്‍ കൊതിച്ചിട്ടും
പറയാതെ പോയവന്‍!
നിന്‍റെ മോഹങ്ങള്‍
കട്ടുറുംബുകള്‍ കട്ടുകൊണ്ടുപോയ
കല്‍ക്കണ്ടക്കനികള്‍..
തിരികെക്കിട്ടാത്തത് !
ഒരു നക്ഷത്ര മഴയില്‍
ഊര്‍ന്നിറങ്ങിവന്നൊരു നക്ഷത്രം
പറഞ്ഞ കഥയുണ്ട് :
അവന്‍ അറബിക്കടലിന്‍റെ
നാഥനായെന്നും
അവനു തോഴിമാരായി
ഒന്പതുകോടി മത്സ്യ കന്യകമാരുണ്ടെന്നും..
അതില്‍ അമരത്തിരിക്കുന്നവള്‍ക്ക്,
നിന്‍റെ മുഖമാണെന്നും!
അന്നുമുതല്‍ നീ
നിന്‍റെ കണ്ണ് നനച്ച്
ഉപ്പുനീര്‍ കുടിച്ചു തുടങ്ങി !
കുടിച്ചു കുടിച്ചു വീര്‍ത്തുപോയ
നിന്‍റെ വയറു കീറി
അവര്‍ ഒരുണ്ണിയെ എടുത്തു !
ഒരു കാണാക്കിനാവ് പോലെ
കറുത്തവന്‍ !
നീ വാര്‍ത്തു വെച്ചപ്പോള്‍
ഉരുണ്ടു പോയൊരു മുത്ത് !
അവന്‍ കൈയും കാലും
മെയ്യും വളര്‍ന്നൊരു
മണിമുത്തായപ്പോള്‍..
നീയറിഞ്ഞതോ !!?
അവനുമേതോ ഒരു തൂവെള്ളപ്പാവാട-
ച്ചരടില്‍ കുരുങ്ങിപ്പോയെന്ന് !
അവനുമൊരുനാള്‍ ,
കടലിലേയ്ക്കുരുണ്ട്
പോകാതിരിക്കാന്‍
നീ കെട്ടിയ മണല്‍ഭിത്തികളില്‍ 
മത്സ്യകന്യകകള്‍ ഉടലിട്ടടിച്ചതും
അതൊഴുകിക്കടലില്‍പ്പോയ്..
കൂടെയവനും !
കരയില്‍ നീ തിരതല്ലിയൊഴുകി ..
കടല്‍ നിന്നോട് പറഞ്ഞു,
അവന്‍ അറബിക്കടലിന്‍റെ 
മുത്തുച്ചിപ്പിക്കൊട്ടാരത്തിലെ,
പവിഴ മുത്താണെന്ന്!
അവനു കടലിന്‍റെ നാഥന്‍റെ
മുഖമാണിന്നെന്ന്!





    
 

Friday, January 11, 2013

പേരറിയാത്തൊരു മരണം
എന്നെ ഞെരിച്ചു കൊല്ലുന്നു !
എനിക്ക് പേടിയാകുന്നു ..

ടേക്ക് ഓഫ്‌


ഒന്നാം യന്ത്രത്തിന്‍റെ സൂചിക
അഴിച്ചു പണിയുന്നതെങ്ങനെയെന്നു
ഞാന്‍ അയാള്‍ക്ക്‌ പഠിപ്പിക്കുകയായിരുന്നു ..
അയാളുടെ ഒടിഞ്ഞു തൂങ്ങിയ
നീളന്‍ റ്റൈ യുടെ വാല്
അയാളെ തലകീഴായി തൂക്കിക്കൊന്നു !
ഇനി വിമാനം പറപ്പിക്കൂ ..
ഫ്ലൈറ്റ് നമ്പര്‍365 ..
ഞാന്‍ അയാളോട് പറഞ്ഞു !

ഈ മൂന്നാം നിലയില്‍ നിന്നോ ??
നമുക്ക് മുകളിലേയ്ക്ക് പോകാം
പാരപ്പറ്റില്‍ നിന്നും
പറപ്പിക്കാം ..അയാള്‍ !
അല്ലാ ..നിങ്ങള്ക്ക് ഭ്രാന്തായോ ??
ഞാന്‍ പറഞ്ഞത്,
ഈ കംബ്യുടെര്‍ വഴി
പറപ്പിക്കുവാനാണ്

എന്‍റെ അന്ധാളിപ്പിലെയ്ക്കു
ഉയര്‍ന്നു വന്ന അയാളുടെ
നീളന്‍ റ്റൈ !
അയാള്‍ അലറി :
ഇല്ല ഞാന്‍ നിനക്ക് പറഞ്ഞു തരാം
ആമാശയം കത്തുമ്പോള്‍
ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ചെയ്യുന്നതെങ്ങനെയെന്ന് !

പറയാതെപോയത് !

 പറയാതെപോയ ഒരുപാട്
കാര്യങ്ങള്‍ ഓര്‍ത്ത്‌
ഒന്നും പറയാതെ അവരിരുന്നു !
കുന്നിന്‍ പുറത്തുകൂടി
കിതച്ചോടിയ ബസ്സിപ്പോള്‍
ചുരമിറങ്ങി സ്വാന്തനിക്കുന്നു ..!
അപ്പുറവുമിപ്പുറവും, 
അവള്‍ ഭാര്യ അയാള്‍ ഭര്‍ത്താവ്
പക്ഷെ അവരുടേതല്ലാത്തവര്‍!
അയാള്‍ പറയാനാഞ്ഞപ്പോള്‍
അവളുടെ ഒന്നാമത്തെ പ്രസവത്തിനു
 പേറ്റുനോവ് തുടങ്ങിയിരുന്നു !
അയാളുടെ കലങ്ങിയ ഒച്ച
അവളുടെ നിലവിളിയില്‍
മുങ്ങിപ്പോയ്‌ !
എന്നിട്ടും കുഞ്ഞിന്‍റെ
മൂത്രത്തുണി കുത്തിക്കഴുകുന്ന
ഈറന്‍ സന്ധ്യയില്‍
അവള്‍ക്കയാളെ ഓര്‍മ വന്നു!
നാലുമണി പൂവ് പോലെ
വാടിയ അയാളുടെ കണ്ണുകള്‍ ..
പറയാതെപോയതെന്തോ
കേട്ടപോലെ അവളുടെ ഉടല്‍ വിറച്ചു !
 ത്രിസന്ധ്യയില്‍ കഴുകാനിറങ്ങരുതെന്നു
അമ്മ ഒച്ചയിട്ടു !
വിറയല്‍ അടങ്ങാത്ത അവള്‍..
മറുപടി തേടുന്ന വാക്കുകള്‍..!
കൈക്കുഞ്ഞും ഉരുളന്‍ പെട്ടിയുമായി
അവള്‍ കുന്നിറങ്ങുന്നു..
അടുത്ത സീറ്റില്‍  രണ്ടു
നാലുമണിപൂവുകള്‍
മിഴി തുറക്കുന്നു !
കേള്‍ക്കാതെ പോയതെന്തോ
കാതില്‍
വീണ്ടും വീണ്ടും ആര്‍ത്തലയ്ക്കുന്നു !

Thursday, January 10, 2013

കാട്ടുപക്ഷി


ഞാന്‍ കാത്തുവച്ച ഈ
ആറടി വലിപ്പത്തിലേയ്ക്കെത്താന്‍
എനിക്ക് ഒരു യുഗം പണിയേണ്ടി വന്നു ..!
ഒരു കുന്നു മുഴുവന്‍ വെട്ടിക്കിളച്ച് 
നിരത്തി വെടിപ്പാക്കി
അതില്‍ കാട്ടു ചെമ്പകവും
കറുകയും പിടിപ്പിച്ച്
പേരറിയാത്ത ഒരുകുന്നു
കുഞ്ഞന്‍ ചെടികളുടെ വേരുകള്‍
പൊട്ടിക്കിളിര്‍പ്പിച്ച്..
അവയുടെ സ്നിഗ്ദ്ധ
സൗന്ദര്യത്തിലെയ്ക്കു കാറ്റൂതി
നിറച്ചു പൂമ്പാറ്റയെ വിളിച്ച്..
കിളികളെ പാട്ടിലാക്കി കൂടുകെട്ടി
അറിയാവള്ളിയുടെ അങ്ങേയറ്റത്തൊരു
ഊഞ്ഞാലുകെട്ടി ..
നിന്നെ വിളിച്ച്  ഉഞ്ഞാലാട്ടി പ്രണയിച്ചു-
പുഷ്പിച്ചതിലോരുണ്ണിയുണ്ടായതും,
അവനു നനയാത്തൊരു
വീടുകെട്ടിയതും,
അവന്‍ വളര്‍ന്നു നാട് വിട്ടതും-
കഴിഞ്ഞ്..
നീ നിന്നെ മടുത്ത്
ആ പുഴയോരത്തൊരോളമായ്
പോയതും പിന്നിട്ട്  ..
ഈ ആറടിയിലേയ്ക്കെത്തുവാന്‍
ഞാന്‍ എത്ര നടന്നു !
എത്ര ഭംഗിയായിട്ടാണീ
ആറടി ഞാന്‍ രൂപ്കല്പിച്ചതെന്നോ !
ഒരു പെട്ടകവുമില്ലാതെ
നനുനനുത്ത കറുത്ത
കുഴമണ്ണ്‍..
അഞ്ചര അടികഴിഞ്ഞും
എനിക്ക് തിരിയാം മറിയാം
കമിഴ്ന്നു നൂര്‍ന്നുറങ്ങാം..
എനിക്ക് ചിന്തിക്കാം
മഴ നനയാം.. !
വളര്‍ന്നു വരുന്ന
വേരുകളുടെ ആത്മാവുകള്‍
എന്‍റെ ഹൃദയം തിന്നു
കൊഴുക്കുമ്പോള്‍
അവയുടെ ഇലകളില്‍
എന്‍റെ മിടിപ്പുണരും..
എന്‍റെ ഹൃദയ സംഗീതം
തുടിപ്പാട്ടോടെ അവര്‍ പാടും ..
കൊഴിഞ്ഞു വീഴുന്ന ഓരോ
ഇലയും എന്‍റെ കഥ പറയും..
എന്‍റെ തലച്ചോറ് പോലെ
ആ മരം പൂക്കും
വെളുവെളുത്ത ഒരു കുടന്നപ്പൂക്കള്‍ !
അതിലെ തേനുണ്ട
ഒരു കിളിയായി ഞാന്‍ പാറിപ്പോകും
സ്വതന്ത്ര്യയായ ഓരോ
കാട്ടുമരങ്ങള്‍ക്കിടയില്‍ നിന്നും ഞാന്‍
പാടുന്നത് നീ കേള്‍ക്കുന്നില്ലേ ?
വന്യമായ ആ പച്ചത്തുടിപ്പിനുള്ളില്‍
ഊളിയിട്ടൊളിക്കുന്ന  കാട്ടുപക്ഷി !
കാട്ടുമുല്ല നിന്നോട് പറയുമ്പോള്‍
അടിവയറില്‍ കുഞ്ഞിളം  ചുവപ്പ്
തൂവല്‍പ്പടര്‍ത്തി എനിക്ക്
പ്രായം തികഞ്ഞിരുന്നു ..!
ഞാനെത്ര സുന്ദരിയെന്നു
കാട്ടാറ് നിന്നോട് മൊഴിയുമ്പോള്‍
ഞാന്‍ നിന്‍റെ വരവിനായ്
ചൂളംകുത്തി ചിരിച്ചു ..
നീയൊന്നു തൊടും മുന്‍പേ
കാടുമുഴക്കിയൊരു
നിലവിളിയാല്‍ ഞാന്‍
കുറെ കടും ചുവപ്പ്
തൂവലുകളായിപ്പോയി-
യെന്നൊരു കാറ്റ്
ഇട നെഞ്ചുപൊട്ടി നിന്നെ-
ത്തൊട്ടു കടന്നു പോകുന്നു!
ഇവിടെ ഈ ആറടി മണ്ണ്
ഞാനില്ലാതെ അനാഥമാകുന്നു !






    

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...