Tuesday, May 30, 2017

സന്തോഷത്തിന്റെ വലിയകടലിൽ പെട്ടുപോയിട്ടുണ്ടോ ? അതിന്റെ ആഴങ്ങളിൽ നമ്മൾ ശ്വാസംമുട്ടി മരിക്കുമോ എന്ന് സംശയിക്കും .അതിന്റെ ചുഴികളുടെ അഗാധത നമ്മെ വട്ടംചുറ്റി വട്ടംചുറ്റി സ്ഥലകാലബോധത്തിന്റെ തരിപോലും അവശേഷിപ്പിക്കാതെ എങ്ങോ എത്തിക്കും ! ഇനിയും അലകൾ ശാന്തമാകുമ്പോൾ അടിത്തട്ടിലെ മുത്തും പവിഴവും സ്വർണ്ണമത്സ്യങ്ങളും കണ്ട് നാം വാപൊളിക്കും ! അതുപോലെയാണ് ഓരോ നല്ല ശിഷ്യരും ഗുരുജനങ്ങൾക്ക് ! ഇതെന്റെ മൂത്തമകൾ പൗർണ്ണമി :) എന്റെ സഹപ്രവർത്തകർ അരുമയോടെ കളിയാക്കിയിരുന്നതാണ് പക്ഷെ അക്ഷരാർത്ഥത്തിൽ അവൾ ചെയ്തുപോരുന്നതും അത് തന്നെ .സ്‌കൂളിൽ നിന്നും പിരിഞ്ഞുപോന്നതിനുശേഷമായിരുന്നു അവരുടെ പന്ത്രണ്ടാംക്ളാസ്സ് പരീക്ഷ .ഒരുദിനം രാത്രി ഇരുളുന്നതേയുള്ളൂ ..പരിചിതമല്ലാത്ത നമ്പറിൽ നിന്നുള്ള വിളി .
'അനിതമിസ്സല്ലേ ..?'
 ' അതേ !'
'ഉം..ആരാണെന്നു പറയൂ ..'
'അതിനെന്താ സംശയം അഞ്ജന തന്നെ '
'ഉം ..ഹും ..അല്ലല്ലോ ..ഒന്നൂടെ ഒന്നോർത്തു നോക്ക് ..'
(-ഏഹ് ! അഞ്ജന അല്ലെ ??! അതെ ഒച്ച ! എന്നെ ഇടയ്ക്കും പിടയ്ക്കും വിളിച്ചു പരിഭവം കൊണ്ട് കൊല്ലുമവൾ !
'ഈ മിസ്സെന്ത് മിസ്സാ മിസ്സ് ..ഈ ലോകത്തു വാട്സ്ആപ് ഇല്ലാത്ത ഒരേ ഒരാളെ ഉള്ളൂ ..മിസ്സ്‌ മാത്രം ! എന്താ മിസ്സ് ..മിസ്സിനെ ഞങ്ങൾക്കെല്ലാം എന്തുമാത്രം മിസ്സാകുന്നുവെന്നോ ..എന്ന് തുടങ്ങി പരാതിയുടെ കെട്ടഴിക്കും .വിളിച്ചാൽ വയ്ക്കാതെ അമ്മയുടെ  കാശുമുഴുവൻ തീർക്കും .അവരുടെ കൊച്ചു ഗ്രുപ്പിൽ എല്ലാവരും ഒന്നിനൊന്നു സ്നേഹം കൊണ്ടെന്നെ തോൽപ്പിക്കാറുണ്ട് .അവരുടെ കൊച്ചുപോക്കറ്റുമണികൾ കൂട്ടിവച്ചു മാലയും കമ്മലും വളയും വാങ്ങി അയച്ചു തരും .ഓരോ രൂപകൾ ഇട്ടു കോയിൻ ബോക്സിൽ നിന്നും മാറിമാറി വിശേഷങ്ങൾ പറയും .എന്റെ കുഞ്ഞു അദ്ധ്യാപക ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങൾ നിങ്ങളാണ് മക്കളെ !)
ആ പറഞ്ഞുവന്നത് മുഴുവനാക്കിയില്ല !
ഈ ഒച്ചയക്കുടമയും എന്നോട് പരിഭവിച്ചു .

'മിസ്സ് മറന്നു അല്ലെ ?'
ഞാൻ സത്യത്തിൽ പരിഭ്രമിച്ചു !മറന്നു എന്ന് പറയാൻ വയ്യ .ഇല്ല എന്ന് പറയാൻ ആളെ മനസ്സിലാകുന്നുമില്ല !
'സോറി മോളെ ..മിസ്സിന് ശബ്ദം മനസ്സിലാകുന്നില്ല !'
പക്ഷെ അവൾ സീരിയസ്സായി സംസാരിക്കുന്നതു എന്തുകൊണ്ടാണ് ഞാൻ തിരിച്ചറിയാൻ വൈകിയതെന്നറിയില്ല ..പ്രായത്തിന്റെ പക്വതയിലുപരി ഞാൻ അവളിൽ നിന്നും അറിഞ്ഞിട്ടുണ്ട് .ചില വൈകാരിക ക്ഷോഭങ്ങളിൽ എന്നെക്കാളുപരി പക്വതയോടെ എന്നെ സംനയിപ്പിച്ചിട്ടുണ്ടവൾ .അവളോട്‌ മാത്രമായി പങ്കുവച്ച ചില നന്മ നിമിഷങ്ങളുമുണ്ടെനിക്ക് .എന്നിട്ടും എനിക്കവളുടെ ശബ്ദത്തെ തിരിച്ചറിയാനായില്ല എന്നതെന്നെ തെല്ലല്ല വിഷമിപ്പിച്ചത് !
'ഞാൻ പൗർണ്ണമി '
'ഒഹ് ..മൈഡിയർ ..! '
എന്നാണാദ്യം വിളിച്ചത് !അങ്ങനെയാണ് തോന്നിയതും .എന്നെ ഒരുപാട് വിളിച്ചുവെന്നും റിങ് ചെയ്താലും ഞാൻ എടുക്കില്ല എന്നും പരാതി പറഞ്ഞു .(അതെന്റെ പഴഞ്ചൻ സാംസങിന്റെ വികൃതിയാണെന്ന് ഞാനവളോട് പറഞ്ഞു അവൾ വിശ്വസിച്ചു കാണില്ല ! സത്യമാണ് .ഇപ്പോഴും അതെ അറുപഴഞ്ചനുമായി ലോഹ്യം പറഞ്ഞിരിക്കുന്ന ഒരു പാവം മിസ്സാണവളുടേതെന്നു അവൾക്കറിയില്ലായിരിക്കാം .അവളും ഫോണും തമ്മിൽ ബന്ധമേതുമില്ലല്ലോ !)

അന്ന് 12 ന്റെ ഫൈനൽ പരീക്ഷ കഴിയുകയായിരുന്നു .എന്റെ വിഷയത്തിൽ അഥവാ ആർട്സിൽ അവളുടെ മൂന്നു പേപ്പറുകളും അവൾക്ക് നന്നായിരുന്നു എന്നും ബാക്കി വിശേഷങ്ങളും പറഞ്ഞു .ഞാൻ സ്‌കൂളിൽനിന്നും പിരിഞ്ഞപ്പോൾ 'മിസ്സിന്റെ മനസ്സിന്റെ സന്തോഷമാണെന്റെ സന്തോഷം .പോകുന്നതിൽ വിഷമമുണ്ട് എങ്കിലും ' എന്ന് എന്നോട് പറഞ്ഞ ഒരേയൊരു കുട്ടിയാണവൾ .ബാക്കിയെല്ലാവർക്കും കുട്ടിത്തത്തിന്റെ സ്നേഹവും പരാതിയും സങ്കടവും മുന്നിട്ടു നിന്നപ്പോൾ എനിക്കീ കുട്ടി ഹൃദയത്തിലൊരു ഒപ്പായിരുന്നു !
ഇന്നിതാ ആർട്സിൽ 90 ശതമാനം മാർക്കുവാങ്ങി ബാക്കി എല്ലാത്തിലും ഉന്നതമായ മാർക്കോടെ അവളെന്നെ വിളിച്ചു .എനിക്കറിയാം മാർക്കല്ലിവിടെ പ്രാധാന്യം .പഠിപ്പിച്ച ഒരു കുഞ്ഞുങ്ങളെയും എന്റെ സ്വന്തം കുഞ്ഞിനേയും ഞാൻ അങ്ങനെയല്ല കാണുന്നത് .അവർ ഓരോരുത്തരും ഓരോ വ്യക്തികളാണ് .നാളെയുടെ പൂക്കളാണ് .നിങ്ങൾ വിടർന്നു പരിലസിക്കുക .അതിൽ ആ നറുമണത്തിൽ ലോകമാകെ നിറഞ്ഞു തുളുമ്പട്ടെ . പൗർണ്ണമീ മോൾക്കും ബാക്കി എല്ലാ കുഞ്ഞുങ്ങൾക്കും ഭാഗ്യം കൂടെയുണ്ടാകട്ടെ .ദിശാബോധത്തോടെ തലയുയർത്തി ധൈര്യമായി ജീവിതത്തെ നേരിടുക .തിരികെ ജീവിതംതരുന്ന മൂല്യങ്ങൾ കളയാതെ സൂക്ഷിക്കുക .ലോകത്തിൽ അടയാളങ്ങൾ ആയിത്തീരുക .സ്നേഹം .നന്മകൾ !

Wednesday, May 10, 2017

ഉലയാത്ത ഉൾത്തടംകൊണ്ട് എന്റെ അമ്മ വരച്ചിട്ട ജീവിതം പോലൊന്ന് എനിക്കൊരിക്കലും വരയ്ക്കാനാകില്ല ..എഴുതാനും .എന്റെ ആദ്യ നോവൽ എന്റെ അമ്മയ്ക്കാണ് ! എന്റെയും ചേച്ചിയുടെയും അമ്മയ്ക്ക് ..ഇഷാന്റെയും അക്ഷതിന്റെയും കനിഷ്‌കയുടെയും അമ്മമ്മയ്ക്ക് ..ഞങ്ങളുടെ അമ്മിണിക്കുട്ടിക്ക് !

Tuesday, May 9, 2017

പിറവി !


ചില സ്വപ്നങ്ങൾ വിരിയിക്കാൻ
ഒരു പൂമ്പാറ്റയുണ്ടാകുന്നതുപോലെ
അത്രതന്നെ സൂക്ഷ്മതവേണം ..

ഏതോ മുള്ളിലകൾക്കും താഴെ
ആരുംകാണാതെ സൂക്ഷിച്ചു
സൂക്ഷിച്ചിരുന്ന് മുട്ടകളിടണം

അത് ഉറുമ്പുതിന്നാതെ കിളികൾ
കാണാതെയൊരു യോഗം
അവർക്കുമുകളിൽ കാവൽവേണം

വിരിഞ്ഞുവരുമ്പോൾ പുളച്ചുതിന്നാൻ
പച്ചിലകളുടെ കൂമ്പാരം വേണം
തിന്നുതിന്നുതിന്നു മടുക്കുമ്പോൾ
കയറിക്കിടക്കാൻ കുംഭകർണ്ണനെ-
പ്പോലുറങ്ങാൻ പ്യൂപ്പപോലൊരു
കൊട്ടാരം കെട്ടണം

അതിനുള്ളിലിരുന്നു ലോകത്തുള്ള
സകല നിറങ്ങളെയും മനമുരുകി
ധ്യാനിച്ചുണർത്തണം

ആ ധ്യാനസ്ഥലികളിൽ ചിറകുകളിൽ
വർണ്ണം വരയ്ക്കാൻ നിയതിതന്നെ
തൂലികയുമായെത്തണം

പിന്നെ ഉള്ളിലെ അടരുകൾ തള്ളിമാറ്റി
വെളിച്ചത്തിന്റെ ആദിരൂപത്തിലേക്ക്
ഇതുവരെ ആരും കാണാത്തൊരു
മായാജാലം പോലെ നിറങ്ങളുടെ
മായികമായ വർണ്ണചിറകുകൾ വിടർത്തി
സ്വപ്നമേ നീ സത്യമായിത്തീരണം !Thursday, May 4, 2017

വിപ്ലവോന്മുഖ കല എന്നത് രാജ്യത്തിന്റെ പരിവർത്തനമാകുന്നു _അനിത ഉവാച :

Sunday, April 30, 2017

'നിങ്ങൾ ആശാനേയും വള്ളത്തോളിനെയും വായിച്ചിട്ടില്ലേ' എന്ന് ഞാൻ ചോദിച്ചപ്പോൾ ഞാൻ അൺഫ്രണ്ട് ചെയ്ത മഹാനുഭാവൻ എന്നോട് തിരിച്ചു പറഞ്ഞത് .'നിങ്ങൾ ആശാനെയും വള്ളത്തോളിനെയും നിങ്ങളോടു താരതമ്യം ചെയ്തത് ബഹുകേമമായിട്ടുണ്ടല്ലോ' എന്നാണ് ! ഞാൻ സാഹിത്യത്തിലെ അവരെയാണ് ഉദ്ദേശിച്ചത് അല്ലാതെ അവരെപ്പോലെ ഉള്ള ഞാൻ എന്നല്ല !!.അവരുടെ കൃതികളിലെ ഭാഷാ ഉപമകളെയും ! എന്നോട് ആരോപണങ്ങൾ ഉന്നയിക്കുന്ന സുഹൃത്തുക്കളോട്, ഞാൻ ആശാനും വള്ളത്തോളും എന്നല്ല ഈ ഭൂമിമലയാളത്തിലെ ഒരു വ്യക്തിയുടെയും പകർപ്പാകാനോ അവരെപ്പോലെ ആകാനോ  ഇഷ്ടപ്പെടുന്നില്ല ! ഏതൊരു മഹോന്നതവ്യക്തിയെയും പോലെ ഏതൊരു സാധാരണക്കാരനെപ്പോലെയും അവനവന്റെ വ്യക്തിത്വത്തിൽ സന്തോഷവാൻ ആകുന്നവനേ  സ്വയം എന്തെങ്കിലും ആയിത്തീരാൻ കഴിയൂ .എനിക്ക് എന്റെ പ്രവർത്തികളിൽ ജീവിതത്തിൽ, ചിത്രരചനയിൽ, എഴുത്തിൽ, ഭാര്യയും, അമ്മയും സഹോദരിയും മകളും എന്ന നിലയിൽ എന്റേതായ നിലപാടുകൾ ഉണ്ട് .ഞാൻ ഇന്നുവരെയും ആരുടേയും കോപ്പി അല്ല .ആകാൻ തെല്ലുപോലും ആഗ്രഹമില്ല .എനിക്ക് ലഭിച്ച നിമിഷങ്ങളെ എങ്ങനെ എന്റെ രീതിയിൽ മുൻപോട്ടുകൊണ്ടുപോകാം എന്ന് ചിന്തിക്കുന്ന വ്യക്തിത്വമാണ് ഞാൻ .എനിക്ക് അടിച്ചേൽപ്പിക്കുന്ന അച്ചടക്കത്തിൽ വിശ്വാസമില്ല .ധിഷണാബോധത്തിൽ നിന്നും എന്റെ ചിന്തയിൽനിന്നും ഉരുവാക്കപ്പെടുന്ന അച്ചടക്കത്തിലെ വിശ്വാസമുള്ളൂ .മറ്റൊരാളെപ്പോലെ ആക്കിത്തീർക്കാൻ ആരുനോക്കിയാലും നടപ്പില്ല എന്നർത്ഥം !ഒരാളും മറ്റൊരാളെ അച്ചടക്കം പഠിപ്പിക്കാതിരുന്നാൽ തന്നെ ഇവിടെ അച്ചടക്കം ഉണ്ടായിവരും.  എന്നെ ഞാനായിത്തീരാൻ അനുവദിക്കുക .മറ്റൊരാളാവണമെന്ന് ശഠിക്കുന്നവർ ദയവുചെയ്ത് സുഹൃത്തുപട്ടികയിൽ നിന്നും പൊയ്ക്കോളുക .എന്റെ ചിന്തകൾ നിങ്ങളുടേതുമായി സമരസപ്പെടാൻ സാധ്യതയില്ല പക്ഷെ നിങ്ങൾക്കെന്നെ അതിലൂടെ മനസിലാക്കാം .സിനിമയിലെ അസോസിയേറ്റ് ഡയറക്ടർ ആയ ആ സുഹൃത്തിനോട് താങ്കളുടെ സിനിമയിലെ മുഴുവൻ ഡയലോഗുകളും നേരായി ചിന്തനീയമായി മുഴുവൻ ജനങ്ങളെയും പ്രബുദ്ധരാക്കിമാറ്റിയ ഒന്നാണോ എന്ന് ഞാൻ ചോദിച്ചില്ല !അതുപോലെ എല്ലാഗാനങ്ങളും ഒന്നിനൊന്നു മികച്ച വരികളാൽ സമ്പുഷ്ടമാണോ എന്നും ! അതിനുമാത്രം വിഡ്ഢിയല്ല ഞാൻ .സ്വന്തം തട്ടകത്തിലെ തെറ്റ് തിരുത്താതെ തെറ്റില്ലാത്തവനെ തെറ്റുകാരാക്കാൻ ആഞ്ഞു ശ്രമിക്കുന്ന ജീവികൾ മനുഷ്യരിൽ മാത്രമേയുള്ളൂ ..കപടവിജ്ഞാനത്തെ സ്വീകരിക്കാൻ എനിക്ക് മനസ്സില്ല .കാലം എന്തെങ്കിലും എനിക്കായി വച്ചിട്ടുണ്ടെങ്കിൽ സമയം കഴിഞ്ഞിട്ടില്ല എങ്കിൽ ഞാൻ എന്നിലൂടെ അതിലെത്തിയിരിക്കും .ചിന്തയുടെ, ധിഷണയുടെ, തുറന്നിട്ട എന്നിലൂടെ മാത്രം !

Thursday, April 20, 2017

വീട്ടിലെ വിഷു എന്നാൽ എനിക്ക് അമ്മയുടെ സ്നേഹത്തിന്റെ ഊഷ്മളതയും ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കുള്ള നേർത്ത ദൂര വ്യത്യാസവുമാണ് ..നിറയെ മിന്നാമിനുങ്ങുകളുള്ള സന്ധ്യകളാണ് ..ഒന്നിച്ചിരുന്നുള്ള സ്നേഹ സായന്തനങ്ങളാണ് ..! വയനാടിന് മാത്രം നല്കാനാകുന്ന തണുത്ത പൊതിഞ്ഞു പിടിക്കലുകളാണ് ..

Tuesday, April 18, 2017

എന്റെ ആദ്യ സ്‌കൂളിൽ നിന്നുമുള്ള സ്നേഹാദരങ്ങൾ എഴുത്തുകാരി എന്ന നിലയിൽ കഴിഞ്ഞ ഏപ്രിൽ 8 നു ഹൃദയപൂർവ്വം സ്വീകരിച്ചപ്പോൾ .സ്‌കൂളിന്റെ 36 മത് വാർഷികാഘോഷത്തിൽ വച്ചായിരുന്നു ചടങ്ങ് .എന്റെ അദ്ധ്യാപകനും കൂടിയായിരുന്ന ഇപ്പോൾ പിരിഞ്ഞു പോകുന്ന ഹെഡ്മാസ്റ്റർ ശ്രീ ദാമോദരൻ മാസ്റ്ററിൽ നിന്നുമാണ് ആദരവ് ഏറ്റുവാങ്ങിയതെന്നതിൽ അഭിമാനിക്കുന്നു . ഞാൻ പഠിക്കുമ്പോൾ കാപ്പിസെറ്റ് ഗവ യുപി സ്‌കൂൾ. ഇപ്പോൾ മുതലിമാരൻ മെമ്മോറിയൽ എച്ച്  എസ് കാപ്പിസെറ്റ് ,പുൽപ്പള്ളി വയനാട് .