Tuesday, March 14, 2017

സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമെതിരെ നടക്കുന്ന പീഢനങ്ങൾക്കും കൊലപാതകങ്ങൾക്കുമെതിരെ നിലവിലുള്ള നിയമവ്യവസ്ഥിതി പൊളിച്ചെഴുതുന്നതിലേക്കായി നടത്തുന്ന സംയോജിത കൂട്ടായ്മ രൂപീകരണത്തിലേയ്ക്ക് നിങ്ങൾ ഓരോരുത്തരെയും ക്ഷണിക്കുകയാണ് .ഇതിൽ നമ്മുടെ തീരുമാനമാണ് നമ്മുടെ സ്ത്രീകളുടെ മുൻപോട്ടുള്ള സുരക്ഷയുടെ കാതൽ എന്ന തീരുമാനത്തോടെ നിങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുകയാണ് .തൃശ്ശൂർ ഡോ വയലാ വാസുദേവൻപിള്ള കൾച്ചറൽ സെന്ററിൽ ഈ വരുന്ന ഞായറാഴ്ച ഉച്ചതിരിഞ്ഞു 3  മണിക്കാണ് നമ്മുടെ കൂട്ടായ്മ നടക്കാൻ പോകുന്നത് .യാതൊരുവിധ പാർട്ടി സ്വാധീനങ്ങളോ വ്യക്തി പ്രസ്ഥാന താത്പര്യങ്ങളോ ഈ കൂട്ടായ്മയ്ക്ക് പിന്നിലില്ല .ഈ ഭൂമിയിൽ അഭിമാനത്തോടെ ജീവിക്കുവാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യത്തിനായിട്ടുള്ള നിയമങ്ങൾ ഇന്ത്യയിൽ നടപ്പിൽ വരുത്തുക എന്നുള്ള നിലപാടുകൾ മാത്രമാണ് ഇതിനു പിന്നിൽ .കർശന നിയമപിന്തുണ ഇല്ലെങ്കിൽ ഒരിക്കലും ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല ,നിർഭയയും ,ജിഷയും ,പാലക്കാടും എന്നുമിവിടെ ആവർത്തിച്ചു കൊണ്ടിരിക്കും .അണിചേരൂ സുഹൃത്തുക്കളെ .ഒന്നായി വരൂ .നിങ്ങളിൽ ഉറപ്പായും എത്തിച്ചേരുന്നവർ ഒന്ന് അറിയിക്കുമല്ലോ .ഇത് തുടർനടപടികളുടെ ഭാഗമായുള്ള ഒരു അന്വേഷണമാണ് ."സപ്പോർട്ട്" എന്ന വാചകമല്ല ചോദിക്കുന്നത് .എത്തിച്ചേരുന്നവരെത്ര എന്ന അന്വേഷണമാണ് .സംഘടിക്കുവിൻ ശക്തരാകുവിൻ .
ഫേസ്ബുക്കിലുള്ള പ്രമുഖ വ്യക്തിത്വങ്ങളോട് ,നിങ്ങളിൽ ആരെയും പ്രത്യേകമായി ഞങ്ങൾ 19 ലെ മീറ്റിംഗ് ലേക്ക് വിളിച്ചിട്ടില്ല .കാരണം ഞാൻ ആദ്യമേ പറഞ്ഞു ഇതിൽ വലിയവനും ചെറിയവനുമില്ല ,പ്രമുഖരും അപ്രമുഖരുമില്ല ,സമ്പന്നരും  ദരിദ്രരുമില്ല എന്ന് .ഇത് മനുഷ്യത്വമുള്ളവരുടെ കൂടിച്ചേരൽ മാത്രമാണെന്നും .കുറ്റവാളികൾക്ക് മുൻപിൽ വേർതിരിവുകളില്ല .അവർക്കു കൈയിൽ തടയുന്ന പീസുകൾ മാത്രമേ ഉള്ളൂ .വെറും മാംസക്കഷ്ണങ്ങൾ .അതിലൊരുപക്ഷേ നിങ്ങൾ ഉൾപ്പെടാം ! നിങ്ങളുടെ കുഞ്ഞുങ്ങൾ,സഹോദരിമാർ ,അമ്മമാർ ..! നിങ്ങൾക്ക് വേദനിക്കുമോ ? എനിക്കറിയില്ല ! അത് തീർച്ചയായും വ്യക്തിയിൽ ആപേക്ഷികമാണ് .നിങ്ങളിതിനെ " ഓ ..അങ്ങനെ പലതും സംഭവിക്കും അതിനിപ്പോൾ നമുക്കെന്താ " എന്ന് കരുതുന്നുവെങ്കിൽ ഓർക്കുക നിങ്ങളും അവരോടൊപ്പമാണ് .മനുഷ്യരോടൊപ്പമല്ല ! ഇതു ഭാരതമൊട്ടാകെ ആളിപ്പടരണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു .അതെ "ഞങ്ങൾ " ആഗ്രഹിക്കുന്നു . "നിങ്ങളോ " എന്ന ചോദ്യം വേണമോ ??

Monday, March 13, 2017

ഓ എന്തിനാണ് നിയമം മാറ്റിയെഴുതുന്നത് എന്ന് ചിലർ ചോദിക്കും .നിയമം മാറ്റിയെഴുതാനുള്ള നൂലാമാലകളിൽ പെട്ട് മാറ്റിയെഴുതാൻ പറ്റാതെ ഉറച്ചുപോയി നമ്മുടെ നിയമ നിർമ്മാണം എന്ന് വാദിക്കും .ഞാനൊന്ന് ചോദിക്കട്ടെ ? ആരെഴുതിയതാണ് നിയമം ? അലിഖിതമാണോ ഇത് ? അതായത് ഭൂമിയും സൂര്യനും പ്രപഞ്ചവും പോലെ ഒരുനാൾ എന്നോ ഒരുനാൾ ഉയിർത്തു വന്നവ ??! അല്ലല്ലോ ? ഇത് ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ എഴുതപ്പെട്ട ഒന്നല്ലേ ? ഇത് ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ല എന്ന് ഇപ്പോൾ കിറുകൃത്യമായി തെളിയിക്കപ്പെടുകയല്ലേ ? ഇനിയിതിനെന്തു വിലയാണുള്ളത് ? മാറ്റുവിൻ കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ പീഢനം നടത്തുന്ന ആരായാലും അർഹിക്കുന്ന ശിക്ഷ ഉടനടി ഉണ്ടാകണം .എന്തുകൊണ്ടാണ് യൂറോപ്പും അറബ് രാജ്യങ്ങളിലും സ്ത്രീ പീഢനങ്ങൾ കുറവാകുന്നത് ? അവിടെ ആർക്കും പീഢിപ്പിക്കാൻ തോന്നുന്നില്ല അല്ലെ ? എന്തുകൊണ്ട് ? അവിടെ നിയമമാണ് മറുപടി പറയുന്നത് ഇതുപോലെ നിലവിളിക്കുന്ന ജനതതി അല്ല ! നിലവിളിക്കുന്നവർക്കു വീണ്ടും വീണ്ടും അതാകാം .ഒത്തൊരുമിക്കാം ജാഥ നയിക്കാം .കലമ്പലുണ്ടാക്കാം .സമരം ചെയ്യാം ..എത്രനാളുകൾ ? ഒരു മാസം ? ഒരുവർഷം ? അതുകഴിഞ്ഞു എല്ലാവരും പാട്ടുപെട്ടിയും മടക്കി വീട്ടിൽ പോകും .എല്ലാ വർഷവും മരിച്ചവരെ ആദരിക്കും പൂക്കളിടും കണ്ണീരൊഴുക്കും ! ആർക്കു പോയി ? പറയൂ ആർക്കെങ്കിലും എന്തെങ്കിലും നഷ്ടപ്പെടുമോ മരിച്ചവരുടെ ഉറ്റവർക്കല്ലാതെ ? ഈ നശിച്ച വ്യവസ്ഥിതി മാറണമെങ്കിൽ നിയമം മാറിയേ തീരൂ .എഴുതപ്പെട്ട ഒന്നിനെ വലിച്ചുകീറി ദൂരെക്കളഞ്ഞു മറ്റൊന്ന് അതെ കഠിനമായ മറ്റൊന്ന് എഴുതിച്ചേർക്കണം .നിയമം കണ്ണുമൂടിത്തന്നെയാണ് എടുക്കേണ്ടത് കണ്ണുതുറന്നു കാശുവാങ്ങി ജനങ്ങളെപ്പിഴിഞ്ഞു ..അബലരെ ചൂഷണം ചെയ്തു പേടിപ്പിച്ചു പീഢിപ്പിച്ചല്ല ! ഞാനൊരു സ്ത്രീയാണ് എനിക്ക് സ്ത്രീയായി തന്നെയിരിക്കണം .പുരുഷനെപ്പോലെ ബലം വയ്ക്കുവാൻ കളരിയും കരാട്ടെയും പഠിച്ചു പൊരുതി നേടേണ്ടതല്ല സ്ത്രീത്വം .അത് സ്ത്രീയായി ജന്മനാ ഉള്ള ഒന്നിനെ അതുപോലെ അംഗീകരിക്കലാകണം .എനിക്കും വേണം ഈ പകൽ ഈ രാത്രി ,ഈ ആകാശം .ഈ കടൽ ..ഈ ജീവിതം ! അതിനെ മനോഹരവും ശാന്തവും സൗഹാർദ്ദവുമായ എല്ലാ വശങ്ങളും .എന്തിനാണ് ഞങ്ങൾക്ക് മാത്രം അടച്ച ശരീരം ? അടഞ്ഞ വാതിലുകൾ ? അടച്ചിട്ട ആകാശം ? അടച്ചിട്ട രാത്രികൾ ? അടച്ചിട്ട സന്തോഷങ്ങൾ ? ഒതുക്കിയ ചിരികൾ ? കെട്ടിപ്പൂട്ടിയ ബന്ധങ്ങൾ ? മാറ്റുവിൻ നിയമങ്ങളെ അല്ലെങ്കിൽ ഞങ്ങൾ മാറ്റുവാനായി വരികയാണ് .അതെ വരികയാണ് !

ഭാരതം എന്തുകൊണ്ടാണതിന്റെ മനോഹര മുഖം വെളിപ്പെടുത്താതെ ചീഞ്ഞഴുകുന്നത് ? എന്തുകൊണ്ടാണ് നമ്മുടെ റോഡരികുകൾ മൂത്രവും തുപ്പലും വിസർജ്ജ്യവും കൊണ്ടളിഞ്ഞു നാറുന്നത് ?എന്തുകൊണ്ടാണ് നമ്മുടെ തെളിനീരുറവകളുടെ കേദാരമായ നദികൾ ചീഞ്ഞൊഴുകുന്നത് ? അവ വറ്റി നശിച്ചു മഴയില്ലാ മരുഭൂമിയാകുന്നത് ? നിയമം കർക്കശമാകുന്നില്ല അതുകൊണ്ടുതന്നെ .നദിയിലേക്കു തള്ളാൻ മാലിന്യങ്ങൾ നിങ്ങൾ ഒരുക്കുന്നതിന് കാരണം ഇവിടുള്ള കരുത്തില്ലാത്ത നിയമവ്യവസ്ഥിതിയാണ് .എന്നിട്ട് പറയും സ്വച്ഛന്ദ ഭാരതം എന്ന് ! വേണ്ടാത്ത നിയമങ്ങളെ അള്ളിപ്പിടിക്കുന്നവർ അവിടിരിക്കട്ടെ കൂട്ടുകാരെ സിരകളിൽ ഭാരതത്തിന്റെ കരുത്തുറ്റ രക്തം പതയുന്നവരെ ഇത് നിങ്ങൾക്കുള്ള വിളിയാണ് ..കടന്നു വരിക .ഒന്നിച്ചു നിൽക്കാം പറയാം : "മാറ്റുവിൻ നിയമങ്ങളെ ..അല്ലെങ്കിൽ മാറ്റുന്നത് ഭാരതത്തെ ,നമ്മുടെ മതേതരത്വത്തെ ..ജനാധിപത്യത്തെ ..മനുഷ്യത്വത്തെ !" വരൂ ഈ മാർച്ച് 19 ന് ഉച്ചതിരിഞ്ഞു 3 മണിക്ക് ഡോ വയലാ വാസുദേവൻപിള്ള കൾച്ചറൽ സെന്റർ അയ്യന്തോൾ തൃശ്ശൂരിലേയ്ക്ക് .നമുക്കവിടെ ഒന്നിച്ചുകൂടി മുന്പോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കാം .സു സ്വാഗതം !
സുഹൃത്തുക്കളെ സ്നേഹിതരെ സ്ത്രീകളെയും കുട്ടികളെയും അതിഭീകരമായി പീഢിപ്പിക്കുകയും,തട്ടിക്കൊണ്ടു പോവുകയും ബലാത്‌സംഗം ചെയ്തു കൊന്നുകളയുകയും ചെയ്യുന്നതിനെതിരെയുള്ള നിയമം അതി കർശനമായി മാറ്റിയെഴുതുന്നതിലേക്കായി നാം ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി (ഇവിടെ കേരളത്തിൽ മാത്രമിതു മാറ്റിയെഴുതാനല്ല ആവശ്യപ്പെടുന്നത് ഭാരതമൊട്ടാകെയാണ് ) ഒരു തീപ്പൊരിയിൽ നിന്നും പടർന്നുകയറുന്ന കാട്ടുതീയാകാൻ താത്പര്യമുള്ള അഭിമാനമുള്ള ചങ്കൂറ്റമുള്ള ഓരോ വ്യക്തിയെയും അതിനുള്ള ആദ്യപടിയായ മീറ്റിങ്ങിലേയ്ക്ക് സഹർഷം സ്വാഗതം ചെയ്യുകയാണ് .ഇവിടെ നമ്മൾ  ഓരോരുത്തർക്കും നമ്മുടേതായ ആത്മാഭിമാനമുണ്ട് അതാണ് നമ്മൾ മുൻപോട്ടു വയ്ക്കുന്ന മുദ്രാവാക്യം .അല്ലാതെ ഇതൊരു ഫെമിനിസ്റ്റ് പ്രസ്ഥാനമോ പ്രവർത്തനമോ അല്ല .യാതൊരു പാർട്ടി അജണ്ടകളുമില്ല .ജാതിയോ മതമോ വർഗ്ഗമോ ലിംഗമോ പ്രസ്ഥാനമോ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നില്ല .ഞങ്ങൾ മനുഷ്യരാണ് ഏതൊരു മനുഷ്യനും വേണ്ട സ്വാതന്ത്ര്യത്തോടെ അഭിമാനത്തോടെ സ്വന്തം നാട്ടിൽ വീട്ടിൽ സമൂഹത്തിൽ കഴിയാനുള്ള അവസ്ഥ സംജാതമാക്കുവാനുള്ള ഒന്നിച്ചുള്ള മനുഷ്യത്വ പ്രവർത്തനം മാത്രമാണിത് .ഇതിലേക്കായി നിങ്ങൾ താത്പര്യപ്പെടുന്നുവെങ്കിൽ ഈ വരുന്ന ഞായറാഴ്ച ഉച്ച തിരിഞ്ഞു മൂന്ന് മണിക്ക് ,തൃശ്ശൂർ അയ്യന്തോളിലുള്ള വയലാ കൾച്ചറൽ സെന്ററിൽ എത്തിച്ചേരുക .അവിടെ വച്ച് നടക്കുന്ന ലളിതമായൊരു ഒത്തുകൂടലിൽ നാം പരസ്പരം അറിയുകയും നമ്മുടെ മുന്പോട്ടുള്ള പ്രവർത്തനങ്ങൾ തീരുമാനിക്കുന്നതും ആയിരിക്കും .നിങ്ങളുടെ തീരുമാനമാണ് നമ്മുടെ തീരുമാനമായി വളരുന്നത്. അതാണ് നമ്മുടെ ഭാവിയെ മാറ്റിയെഴുതുന്നതും .ഇവിടെ വലിയവനും ചെറിയവനുമില്ല .ദരിദ്രനും സമ്പന്നനുമില്ല .നമ്മൾ മനുഷ്യർ മാത്രമാണുള്ളത് .വരിക സഹകരിക്കുക നമുക്ക് തരികയില്ലെങ്കിൽ പോരാടി നേടിയെടുക്കേണ്ടതുണ്ട് നമ്മുടെ സുരക്ഷ സ്വാതന്ത്ര്യം ആത്മാഭിമാനം ! ( ദയവായി വാക്കുകൾ മറ്റുള്ളവരിലേയ്ക്ക് എത്തിക്കുക നമ്മൾ ഒന്നാണെന്ന് തിരിച്ചറിയുക )

Saturday, March 11, 2017

ജീവിതത്തിൽ കിട്ടിയതിൽ വച്ചേറ്റവും സുന്ദരമായ പിറന്നാൾ സമ്മാനമാണ് എനിക്കിത് ! എന്റെ ആറുവയസ്സുകാരി അവളെക്കൊണ്ട് പറ്റുന്നതിൽ വച്ചേറ്റവും ഹൃദ്യമായി തന്ന സമ്മാനം .ഇരുപുറവും വരച്ച ചിത്രങ്ങൾ ! അവളുടെ പപ്പയ്ക്ക് മൊമെന്റോ കിട്ടിയ പെട്ടി എടുത്ത് അതിൽ രണ്ടു റോസാപ്പൂക്കൾ സംഘടിപ്പിച്ചു വച്ച് അതിൽ ഈ ചിത്രങ്ങളും വച്ച് ഇന്ന് രാവിലെയാകാൻ കാത്തിരിക്കാൻ വയ്യാതെ ഇന്നലെ രാത്രിയിലേ കൈയ്യിൽ തന്നു .എന്നിട്ടൊരു പറച്ചിൽ : "'അമ്മ ഇപ്പൊ കണ്ടോ പക്ഷെ രാവിലെ വിചാരിക്കണം ഇത് കണ്ടിട്ടേയില്ല ഇപ്പോഴാണ് കാണുന്നതെന്ന് " എന്ന് ! പൊട്ടിച്ചിരിച്ചുപോയ എനിക്ക് അതില്പരം എന്ത് സന്തോഷം കിട്ടാൻ !! പപ്പ അടുത്തില്ലാത്തതിന്റെ വിഷമം ഒന്നും വേണ്ട എന്ന് ഒരുപദേശവും .പാപ്പയ്ക്കിന്നു വയനാട്ടിൽ ഒരു കോളേജിൽ സെമിനാർ ആണ് .അമ്മയ്ക്ക് പകരം അമ്മമ്മയെ കാണട്ടെ എന്ന് ഞാനും പറഞ്ഞു ..കുംഭമാസത്തിലെ 28 നു പൂരം പിറന്ന പെണ്ണാണ് ഞാൻ .അന്നൊരു പൗർണ്ണമി ..ഇന്നുമൊരു പൗർണ്ണമി ..ജനനങ്ങൾ അത്ഭുതങ്ങളാണല്ലേ !!?


Thursday, March 9, 2017

ഒരു സാധാരണ വിവാഹ നിശ്ചയം എന്നതിൽക്കവിഞ്ഞു നിങ്ങൾ നൽകുന്ന ഓരോ ആശംസകളും ഓരോ സർകാസങ്ങളാണ് ! ആപത്ഘട്ടങ്ങളിൽ കൂടെനിന്നും ഓടിപ്പോകുന്ന ഭീരുവായ മനുഷ്യന്റെ സർകാസങ്ങൾ ! നട്ടെല്ലുള്ള ഒരുവനും ഒരുവളും ഒന്നിച്ചിരുന്നാൽ അതൊരു കേവലമായ ഒന്നിച്ചുചേരൽ മാത്രമേ ആകുന്നുള്ളൂ .അതിലെന്തു പ്രത്യേകത ! ആശംസിക്കണോ ? 'മംഗളാശംസകൾ 'എന്ന് സ്നേഹപൂർവ്വം ആശംസിക്കുക ! മറിച്ച് "ധീരനായ പുരുഷൻ ..അഭിവന്ദ്യനായ മഹാൻ ! ആദരപൂർവ്വം നിന്നെ നമിക്കട്ടെ ..എനിക്കഭിമാനം കൊണ്ട് ഇക്കിളി വരുന്നു .."എന്നെല്ലാം കേൾക്കുമ്പോൾ സത്യത്തിൽ ആ ചെറുക്കനിറങ്ങിയോടിപ്പോകും ! അയാൾക്ക് സ്വയം തോന്നിപ്പോകും അയാളെന്തോ മഹത്തായ കാര്യമാണ് ചെയ്യുന്നതെന്ന് ! അതിനവൾക്കെന്താണ് സംഭവിച്ചത് !!? ഡെറ്റോളിട്ടു കഴുകിയാൽ പോകാത്ത കാര്യമല്ല ഇതൊന്നും എന്ന് പണ്ടേ മാധവിക്കുട്ടി പറഞ്ഞതാരും മറക്കേണ്ട .ഈ മനുഷ്യന്മാർക്കു ചിന്താശേഷി കൊടുത്ത ആ അദ്ദേഹത്തെ കിട്ടിയാൽ ആ കാലുപിടിച്ചു പറയാമായിരുന്നു : "വേണ്ട പ്രഭോ അതങ്ങു തിരിച്ചെടുത്തു മൃഗമാക്കൂ " എന്ന് !

Wednesday, March 8, 2017

kiss of love നടത്തുകയോ ഇല്ലാതിരിക്കുകയോ ആവാം പക്ഷെ ഇവിടെ നടക്കുന്ന കൊടിയ ക്രൂരതകൾക്കുവേണ്ടി നിങ്ങൾ ഒരു പ്രതിക്ഷേധക്കൂട്ടായ്മയും നടത്താതെ ചുംബിച്ചു പ്രതിക്ഷേധിക്കുമ്പോൾ  ഉള്ള അശ്ലീലത്തെ എനിക്ക് സഹിക്കാനാവുന്നില്ല .പരസ്യമായ ചുംബനം നൈസർഗീഗമായി നടത്തുന്ന ഒരു സംസ്കാരത്തിലേക്ക് കടന്നു വരുത്താനാണ് നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ ഒരു കാര്യം ഓർക്കേണ്ടതുണ്ട് .അണമുട്ടി നിൽക്കുന്ന മനുഷ്യവികാരങ്ങളെ തടഞ്ഞു നിർത്തുന്ന കേരളീയ സാഹചര്യങ്ങളിൽ ഇത് വിലപ്പോവുകയില്ല .ഇവിടുള്ള വളർന്നുവരുന്ന തലമുറയ്ക്ക് വേണ്ടുന്ന ലൈംഗിക വിദ്യാഭ്യാസവും അവരുടെ തൃഷ്ണയെ അടക്കുവാനുള്ള സാഹചര്യങ്ങളായ വിവാഹം ,ഇഷ്ടമുള്ളവരുടെ കൂടെയുള്ള ജീവിതം തുടങ്ങി മനുഷ്യവികാര ശമന പ്രക്രിയകൾക്കു മുൻ‌തൂക്കം നൽകണം. അപ്പോൾ തന്നെ മനുഷ്യന് എതിർലിംഗത്തോടുള്ള അമിതമായ ഭോഗാസക്തി ശമിക്കുകയും പീഢനങ്ങൾ കുറയുകയും സദാചാര പൊലീസിന്റെ ആവശ്യം ഇല്ലാതാവുകയും ചെയ്യും .മറിച്ച് കുറേപേർ ചുംബിക്കുന്നു ..കുറേപ്പേർ അടിച്ചോടിക്കുന്നു, പോലീസ് കൂടെയോടുന്നു ,വീഴുന്നു തള്ളുന്നു കൊല്ലുന്നു മാധ്യമങ്ങൾ ചൂടപ്പമാകുന്നു .ആക്ടിവിസ്റ്റുകൾ മാറിമാറിച്ചുംബിക്കുന്നു! എന്നിട്ടെന്തു സംഭവിക്കും ?? വീണ്ടും വീണ്ടും ഒന്നിച്ചിരിക്കുന്ന പ്രണയികൾക്കു മേൽ സദാചാരത്തിന്റെ വാൾ തൂങ്ങി നിൽക്കും  ! അവർക്കുമേൽ ശിവസേന ഓടിക്കേറുന്നു  പോലീസ് ചാടിക്കേറുന്നു വീട്ടുകാർ അടച്ചുവെക്കുന്നു .കുട്ടികൾ ഓടിപ്പോവുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നു ! സഹതപിക്കാതെ എന്ത് ചെയ്യും!

 പ്രണയം മനുഷ്യവികാരങ്ങളിൽ ഏറ്റവും ഉദാത്തവും ജൈവീകവുമാണ് നിങ്ങളുടെ കുട്ടികൾ പ്രണയിക്കുവാനുള്ള ത്വര ഇല്ലാത്തവരല്ല ആണെങ്കിൽ അവർക്കു കാര്യമായ പ്രശ്നങ്ങളുണ്ട് എന്ന് നാമോരോത്തരും മനസ്സിലാക്കുക .ശരീരത്തിന്റെ ഉന്മാദവിളികളിൽ മുങ്ങിപ്പോകുവാൻ അവരെ അനുവദിക്കുക എന്നത് ,വ്യക്തികളുടെയും കുടുംബങ്ങളുടെയും ഒക്കെ നാനാതരം കടുംകെട്ടുകളിൽ ചുറ്റപ്പെട്ട ഒന്നാണ് (നമ്മുടെ സദാചാര പരിധികൾക്കുള്ളിൽ !) പറ്റുമെങ്കിൽ സകലരും ഒന്നിച്ചു കൂടി എല്ലാ ജില്ലയിലും ഒന്നിച്ച് ഒരേ സമയം ഈ കാടൻ വെറിപിടിച്ച ലൈംഗിക അതിക്രമങ്ങളിൽ പെട്ടുപോയവർക്കായി വൻ പ്രതിക്ഷേധ മാർച്ചുകൾ ഉയരട്ടെ .എല്ലാ നിയമപ്രസ്ഥാനങ്ങളും സ്തംഭിപ്പിക്കണം ആകുമോ ? ഇവിടെ തൃശ്ശൂരിൽ ഞാനുമുണ്ടാകും. നിങ്ങള്ക്ക് ചങ്കുറപ്പുണ്ടെങ്കിൽ അതുപോലൊന്നു ചെയ്യിൻ കൂട്ടരേ ..! എവിടേ? ചുംബനം പോലല്ലോ മാധവാ ഇപ്പറഞ്ഞതൊന്നും ! 

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...