Tuesday, January 17, 2017

പണ്ട് ..
അതെ പണ്ട്പണ്ട് എന്ന് പറഞ്ഞു പറഞ്ഞു
ഞാൻ പാണ്ടാക്കുകയാണ് !
'നീയില്ലാതെനിക്ക് വയ്യ അനൂ '
എന്ന് കേണ ദുർബലചിത്തയായ
ഒരുകൂട്ടുകാരിയുണ്ടായിരുന്നു എനിക്ക്  ..
അവളുടെ തകർന്ന ചിത്തം നോക്കാനെനിക്ക്
പേടിയായിരുന്നു !
എന്റെ മാന്ത്രികവലയത്തിൽ നിന്നും
മോചനമില്ലാത്ത ആ ചിത്തത്തെ ഞാനുപേക്ഷിച്ചു
കടന്നുകളഞ്ഞു ..
മുറിവേൽക്കുമെന്നറിയാമായിരുന്നു ..
പക്ഷെ അവൾ അതിജീവിക്കണമെന്ന അവബോധം !
ഇന്നവൾ നിറയെ ഉണർവ്വുള്ള
ആരെയും തോൽപ്പിക്കുന്ന
ആരുമില്ലെങ്കിലും അവളായി നിൽക്കുന്ന
വന്മരമാണ് !
ചെറുചില്ലയിൽ വന്നിരുന്നു
നിനക്ക് സുഖമാണോ എന്ന് ചോദിക്കുമ്പോൾ
നീയെന്നെ അപരിചിതയെപ്പോലെ ,
കണ്ണിൽ ചിരിയില്ലാതെ നോക്കരുത്
എനിക്ക് ഒന്നും വേണ്ട !
നമുക്കിടയിലെ അപരിചിതത്വം പേറുന്ന
മണമില്ലാത്തതൊന്നും !

നീ ചിരിക്കുക
ഞാനും ചിരിക്കാം ..
പണ്ടത്തെപ്പോലെ ..
ഞാനവൾ തന്നെയാണ് നീയും അവൾതന്നെയാണ്
നമ്മൾ ആ പഴയ പൊട്ടിച്ചിരികൾ മാത്രമാണ് !

Sunday, January 15, 2017

കേമനായ ആ നായ അഥവാ മനുഷ്യൻ !

വിദ്വേഷം പടർന്നുകത്തുമ്പോൾ,
ജനങ്ങൾ ജനങ്ങളുടെ സ്വന്തം താത്പര്യത്താൽ
പടുത്തുയർത്തിയ ജനാധിപത്യം
അവർക്കു മേൽത്തന്നെ ബോംബ് വർഷിക്കുമ്പോൾ
എരിഞ്ഞു ചാമ്പലായിക്കൊണ്ടുതന്നെ നമുക്കവർക്ക്
ജയഭേരി മുഴക്കാം !
ഹാ ..അന്തസ്സായി മരിക്കാം ..!

ചൂണ്ടു വിരലിൽ കുത്തിയ നീലമഷിയടയാളം
കത്തിപ്പോകാതെ വിരല് മുറിച്ചു
ഫോർമാലിൻ മുക്കി മ്യുസിയങ്ങളിൽ
സൂക്ഷിച്ചു വയ്ക്കാം !
കത്തിപ്പോയ മക്കളുടെ കുഞ്ഞുടലുകളെ
പെറുക്കിയെടുത്തു  താലോലിച്ചു
ഉറക്കെയുറക്കെച്ചിരിക്കാം ..

ഇനിവേണമെങ്കിൽ,
ദളിതരേ ദളിതരേ ..എന്നുറക്കെവിളിച്ച്
നമുക്ക് നമ്മുടെ രാഷ്ട്രീയം കൂടുതൽ
ശക്തമാക്കാം ! അതും പോരായെങ്കിൽ ,
മറ്റൊരു ഹിറ്റ്ലറെ നിർമ്മിച്ചെടുത്തു
കൂട്ടം ചേർന്ന് ഗ്യാസ്‌ചേമ്പറിൽ കേറാം !
ഗോഡ്‌സെ ചമഞ്ഞു പുതിയ പേരുകേട്ട
രാഷ്ട്രപതിയെ (പിതാവൊരാളല്ലേയുള്ളൂ  )
വെടിവച്ചു കൊല്ലാം ..
പന്തീരാണ്ടുകൊല്ലം ജയിലിൽക്കിടന്നു
പള്ളവീർപ്പിച്ചു സുഖമായി വാണശേഷം
ഒരുപക്ഷെ വീണ്ടുമൊരു വിധിക്കായി
കാത്തിരിക്കാം ! "നമ്മുടെ വേഗം
തീർപ്പാക്കുന്ന നിയമവിധികൾ "എന്നൊരു
പുസ്തകം രചിച്ചു അവാർഡുകൾ വാങ്ങിക്കൂട്ടി
പിന്നീടെപ്പോഴെങ്കിലും
കേമനായി മരിക്കാം ..!
(ശ്യോ അതിനും മുൻപ് കിട്ടിയ അവാർഡുകൾ
തിരികെ കൊടുത്ത് നമുക്കാ ബുക്കുകൾ
കൂട്ടിയിട്ടു കത്തിക്കാം ..മരിക്കും മുൻപ്
തീവ്രവാദികൂടിയാകണം എന്നാലേ ഒരിത്‌ കിട്ടൂ ..
ആ..അതുതന്നെ !!)

ഓ ..മനുഷ്യനായാൽ മാത്രം മതിയായിരുന്നു
എന്ന് നായയെക്കൊണ്ട് വരെ നമുക്ക്
തോന്നിപ്പിക്കണം കൂട്ടുകാരാ ..
അതെ അന്തസ്സുള്ള ആ നായയെക്കൊണ്ടുവരെ !

Friday, January 13, 2017

മാധവിക്കുട്ടിയാകാൻ ഓരോ എഴുത്തുകാരികളും മത്സരിക്കുന്നു
ഇപ്പോൾ അഭിനയിക്കാനും ..! ചിരിക്കാതെന്തു ചെയ്യും ഗോവിന്ദാ അല്ല കമലാസനാ !
പച്ചരക്തം തുടിക്കുന്ന ധമനികൾ ..
കാവ്യ ഭംഗിയിൽ നീലിച്ച കവിതകൾ ..
കോടി കാവ്യം ചമയക്കുന്ന കൈയ്യുകൾ
മണ്ണിൽ നിന്നും ഉയരുന്ന ധന്യത !

Thursday, January 12, 2017

എഴുത്തുകാരിൽ ഞാൻ കാണാൻ കൊതിച്ച ആദ്യ ആൾക്ക് ..വന്നു കണ്ടോട്ടെ എന്ന് ചോദിച്ചപ്പോൾ കണ്ണുരുട്ടി വേണ്ടാ എന്നുപറഞ്ഞെന്നെ കരച്ചിലിൻ വക്കിലെത്തിച്ചയാൾക്ക്  വീടിനു തൊട്ടടുത്ത് അക്കാദമിയിൽ സ്വന്തം പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ വന്നു കാണണം എന്ന് സ്നേഹപൂർവ്വം എന്നെ ക്ഷണിച്ചന്തം വിടുവിച്ചയാൾക്ക് പനിച്ചൂടിൽ നിന്നുമിറങ്ങിയോടി ഞാൻ കൺനിറയെക്കണ്ട സൂര്യതേജസ്സിന് എന്റെ എന്നെത്തെയും ദുനിയാവോളം ഞാനാദരിക്കുന്ന സ്നേഹിക്കുന്ന സുൽത്താന്റെ അവാർഡ് ലഭിക്കുമ്പോൾ ഞാൻ കടുകുമണിയോളം ചെറുതായി നിന്ന് നോക്കൂ മാനത്തേക്ക് നോക്കൂ ..ദാ അത്രയോളം മിന്നുംനക്ഷത്രങ്ങൾ വാരിയെറിഞ്ഞു സന്തോഷിച്ചുകൊണ്ടു പ്രണമിക്കുന്നു ..കോടിയാശംസകൾ ..അഷിത ടീച്ചർക്ക് ന്റെ പ്രിയ എഴുത്തുകാരിക്ക് നിറഞ്ഞ സ്നേഹം !

Tuesday, January 10, 2017

ഒരാളുടെ മുഴുവൻ സർഗാത്മകതയെയും തകർത്തുകളയാൻ ചില വാക്കുകൾക്കു കഴിയുമോ ? ചില ഒടുങ്ങാത്ത മുറിവുകൾക്ക് നമ്മളെ ആകെ തകർത്തുകളയാൻ കഴിയുമോ ? ചില ആരോപണങ്ങൾക്ക് അതിൽ അൽപ്പം പോലും കഴമ്പില്ലെങ്കിലും ആരോപിക്കുന്ന ആൾ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടൊരാൾ ആയിരുന്നാൽ നിങ്ങൾ ജഡമായി പോകുന്നതിൽ അത്ഭുതമില്ല അല്ലെ ??!പിന്നീടയാളെ പഴയതുപോലെ സ്നേഹിക്കാൻ ഈ 'മനോരോഗി'കൾക്കു കഴിയണമെന്നേ ഇല്ല കാരണം അവർ അത്രയ്ക്കും ലോലഹൃദയർ ആയിരിക്കാം! ഒരാളെ മനോരോഗി ആക്കുന്നത് അയാളുടെ മുഴുവൻ ചുറ്റുപാടും ആണെന്നത്  സത്യം തന്നെയാണ് ..ഇത്തരം ഒരവസ്ഥയിലൂടെ കടന്നു പോകുന്നവർ ആത്മഹത്യ ചെയ്യുമ്പോൾ അതിനുത്തരവാദികളായതിനെ തച്ചുടയ്ക്കുക അല്ല ചെയ്യേണ്ടത് ! ആണോ ?ചുറ്റുപാടുകൾ തകർക്കുന്നതിലൂടെയോ അവരെത്തന്നെ തകർക്കുന്നതിലൂടെയോ എന്ത് നേടാൻ ?? നേടേണ്ടത് മനുഷ്യന്റെ ഉള്ളിലൂടെയുള്ള പരിവർത്തനം മാത്രമാണ് .

Wednesday, January 4, 2017

സ്നേഹിക്കുക എന്നാൽ കുറേ സൗകര്യങ്ങൾ
ഒരുക്കുക എന്നതാണെന്ന് തെറ്റിദ്ധരിക്കരുതാരും !
സ്നേഹിക്കുക എന്നാൽ അവിടെ ശരീരമില്ലാതിരിക്കുക
എന്നതിലാണ് കാര്യം ..
സ്നേഹം അനുഭവിക്കുന്നത് ആത്മാവുകൊണ്ടാണ്
ശരീരംകൊണ്ടു സ്നേഹിക്കപ്പെടുന്നതിനേക്കാൾ
നൂറിരട്ടി അനുഭൂതി നിങ്ങൾ സ്നേഹിക്കപ്പെടുന്നയാളിന്റെ /
സ്നേഹിക്കുന്നയാളിന്റെ മനസ്സിലുണ്ട് എന്നറിയുമ്പോഴാണ്
ലഭിക്കുന്നത് !നിസ്വാർത്ഥത മനസിലുണ്ടാകുക എളുപ്പമല്ല
അത് മനസ്സിലുള്ളവന് സ്നേഹം കെട്ടുപാടുകളിൽ
ബന്ധിതമായ ഒന്നായിത്തീരുന്നില്ല ..!
അതിന് ആയിരം ചിറകുകൾ ഉണ്ടാകും
ആരും കാണാതെ പറന്നണയാൻ ..പറന്നു പോകാനും !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...