Friday, August 14, 2015

ദയയുടെ സഹോദരി

അതെ അവർ വന്നപ്പോൾ ഞാൻ വളഞ്ഞു കൂടി എന്റെ ബെഡ്ഡിൽ കിടക്കുകയായിരുന്നു .ഒരു കഠിനദിവസത്തിന്റെ മുഴുവൻ ക്ഷീണത്തിനും മേൽ അതികഠിനമായ പുറംവേദനയാൽ വലഞ്ഞ് ഭർത്താവ് കോളേജിൽ നിന്നും എത്തിയിട്ട് വേണം എന്തെങ്കിലും മരുന്ന് വാങ്ങാൻ എന്നുള്ള പ്രതീക്ഷയിലേയ്ക്കാണ് അദ്ദേഹത്തിൻറെ ഫോണ്‍വിളി 'ഞങ്ങൾ വരുന്നു ' എന്ന് എത്തിയത് .എപ്പോഴും അപ്രതീക്ഷിതമായി ആരെങ്കിലും കൂടെ ഉണ്ടാകുമെന്നറിയാമെങ്കിലും ഇത്തവണ അതെന്നെ ആവേശം കൊള്ളിച്ചില്ല കാരണം ഞാൻ അത്രമേൽ വേദനയിൽ അമർന്നുപോയിരുന്നു .ആരാണ് കൂടെ എന്ന എന്റെ പതിഞ്ഞ ചോദ്യം ആളും പ്രതീക്ഷിച്ചിരുന്നില്ല .'ദയാ ഭായി ' എന്ന മറുപടി എന്നെ ആകെ മാറ്റിത്തീർത്തു .ഞാൻ കിടക്കയിൽ നിന്നും ഉയർത്തെണീറ്റു .കാരണം ഞാൻ കാണാൻ പോകുന്നത് ഞാൻ കാത്തിരുന്നയാളെ തന്നെയാണ് .ശ്രീയുടെ കൂടെ ഞാൻ ഒരുപാട് പേരെ കണ്ടുമുട്ടിയിട്ടുണ്ട് .ഒരുപാട് പേർക്ക് സന്തോഷത്തോടെ ആതിഥേയ ആയിട്ടുണ്ട് .അത് ആ ഭാര്യാപദവിയിൽ മാത്രം കിട്ടിയിട്ടുള്ള കാര്യമാണ് (ചുരുക്കം ചില മഹാനുഭാവന്മാർ എന്നെയും കാണാൻ വന്നതൊഴിച്ചാൽ !).

അവർ വന്നു .കൈയ്യിൽ ഒരുകെട്ട്‌ ചെടികൾ ഉണ്ട് .നടുവാനായി മുറിച്ചെടുത്ത കമ്പുകൾ ആണ് .കഴുത്തിലും കൈയ്യിലും തനതായ ആദിവാസി ആഭരണങ്ങൾ .മധ്യപ്രദേശിന്റെ കൈത്തറി സാരി .ഞാൻ നിർന്നിമേഷയായി നോക്കി നിന്നു .ഞങ്ങൾ കൈകൂപ്പിയതല്ലാതെ ഒന്നും പറഞ്ഞില്ല .പക്ഷെ എന്റെ ഒപ്പം അവർ അകത്തേയ്ക്ക് വന്നു ,കൂടെ ശ്രീയും മണിവർണ്ണനും ഒരു സുഹൃത്തും .എല്ലാവരും ഇരുന്നു .ഞാൻ കുടിക്കാൻ എടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ ചൂടുള്ളതെന്തെങ്കിലും ആവാം എന്ന് പറഞ്ഞു .ഞാൻ വേദനിച്ചു വളഞ്ഞു വളഞ്ഞു നടക്കുകയായിരുന്നു എങ്കിലും അപ്പോൾ ഞാൻ മനസ്സ് നിറഞ്ഞവൾ ആയിരുന്നു!ഒരു കപ്പിൽ ചൂട് പാലുമായി വന്ന എന്നോടവർ പാല് വിഷമാണ് അത് ഞാൻ കുടിക്കില്ല കേട്ടോ എന്ന് പറഞ്ഞു ."ദിവസം മുഴുവൻ പണിതതും പോരാഞ്ഞ് വീണ്ടും കുറെ പേർ അല്ലെ ??" എന്നെന്നോട് ചോദിച്ചു ."ഒരിക്കലുമില്ല മിക്കവാറും ഞങ്ങളുടെ കൂടെ ആരെങ്കിലും കാണും "എന്ന് ഞാൻ തിരികെ ചിരിച്ചു .എന്റെ പ്രിയപ്പെട്ട ഏലക്ക+കറുവ +ചുക്ക് സുലൈമാനി ഞാൻ ഉണ്ടാക്കി അവർക്ക് കൊടുത്തു കൂടെ ഇരുന്ന് ദാ ഞങ്ങളുടെ ഈ പടം പിടിച്ചു .നിലത്തിരുന്ന എന്നോടവർ പറഞ്ഞു "അതുവേണ്ട ഞാൻ ആരെക്കാളും ഉയർന്നവൾ അല്ല " എന്ന് ."നോക്കു ഞാൻ ആരെക്കാളും താഴ്ന്നവളും അല്ല പക്ഷെ ഇവിടെ ദാ ഞാൻ താഴെയേ ഇരിക്കൂ " എന്ന് ഞാനും .അതവരെ ചിരിപ്പിച്ചു ."അല്ല കുട്ടീ ഞാൻ ദാ തറയിലെ ഇരിക്കൂ പക്ഷെ ചില സ്ഥലങ്ങളിൽ ആദിത്യ മര്യാദയുടെ പേരിൽ എനിക്ക് അത് സാധ്യമാവാറില്ല എന്ന് മാത്രം .എന്ന് പറഞ്ഞ് ഞങ്ങൾ മനോഹരമായി ശ്രീയെ നോക്കി ,ക്യാമറയെ നോക്കി പുഞ്ചിരിച്ചു .ക്ലിക്ക് ക്ലിക്ക് ഫോട്ടോകളിൽ ചിലതിൽ എന്റെ പുറംവേദന  മുഖം ചുളിച്ചു ! കാര്യം പറഞ്ഞപ്പോൾ" അയ്യോ എന്നിട്ടാണോ ഇങ്ങനെ എല്ലാം പണിയുന്നത് "എന്ന സ്നേഹത്തോടെ എന്റെയൊപ്പം അടുക്കളയിലേയ്ക്ക് വന്നു .കൂട്ടിയിട്ട കഴുകാനുള്ള പാത്രങ്ങളെല്ലാം ആദ്യമായി എന്നെ നോക്കി പരിഹസിച്ചു !എന്റെ ഒരു അതിഥികളും അവരെ അത്തരത്തിൽ കണ്ടിരിക്കില്ല !എന്നെ അമ്പരപ്പിച്ചുകൊണ്ട് ഒന്നും മിണ്ടാതെ ദയാബായി ആ പാത്രങ്ങൾ കഴുകാൻ തുടങ്ങി .ഞാൻ കഞ്ഞിയും ചമ്മന്തിയും പപ്പടവും ആകാം അല്ലെ എന്ന് ചോദിച്ചത് മുഴുവൻ സമ്മതത്തോടെയും എല്ലാവരും കൈയ്യടിച്ചു പാസാക്കിയിരുന്നു .ഞാൻ വേണ്ട എന്ന് പിടിച്ചകറ്റിയതിനെ അവർ സ്നേഹപൂർവ്വം നിരാകരിച്ചു .എനിക്ക് അതൊന്നും വയ്ക്കാനറിയില്ല .പക്ഷെ ഇത് ചെയ്യാനറിയാം .എന്ന മറുപടിയോടെ എന്നെ അകറ്റി മാറ്റി .അവിടെ ഇരിക്കൂ എന്നുപറഞ്ഞു ദീപുവും മണിയും എത്തി .തേങ്ങ ചുരണ്ടിയെത്തി ക്കഴിഞ്ഞു ,ഞാൻ പാൽക്കഞ്ഞിയും പപ്പടവും ചമ്മന്തിയും മത്തിവറുത്തതും തയ്യാറാക്കുംവരെ ക്ഷമയോടെ കാത്തിരുന്നു അവരെല്ലാം .വേവ് കൂടിയ അരി റൈസ്കുക്കറിൽ ഇടാമായിരുന്നു എന്ന എന്റെ പരിദേവനം ഭായി കേട്ട് നിന്നു ,പിന്നെ അരി നേരത്തെ വെള്ളത്തിൽ ഇട്ടു കുതിർക്കുവാൻ ഉപദേശിച്ചു .ഞാൻ ഇറുത്തുകൊണ്ട് വച്ചിരുന്ന വലിയ വെളുത്ത ചീനി മുളക് കൌതുകത്തോടെ എടുത്തു നോക്കി .കുറച്ചെടുത്തു സൂക്ഷിച്ചു വച്ചു കൊണ്ടുപോയി നട്ടുനനച്ചു വലുതാക്കാൻ !എന്നോട് റസ്റ്റ്‌ എടുക്കൂ എന്ന് കൂടെക്കൂടെ ഉപദേശിച്ചു സ്നേഹപൂർവ്വം ശകാരിച്ചു .ഞാൻ അവരെ പഠിക്കുകയായിരുന്നു .അവരെന്നെയും .ഞങ്ങൾ ഒരു ആക്ടിവിസവും സംസാരിച്ചില്ല .(ഞാനും ഭായിയും )ഞങ്ങൾ ഒരു അടുക്കള രഹസ്യവും പങ്കുവച്ചതെയില്ല !പകരം എനിക്കവരെയും അവർക്കെന്നെയും നന്നായി മനസ്സിലായിരുന്നു .ഞാൻ അവർ കുതിരപ്പുറത്തു പാഞ്ഞു പൊയ്ക്കൊണ്ടിരുന്ന അവരുടെ സുധീര യൗവ്വനം ഉൾപ്പുളകത്തോടെ ഓർത്ത് നോക്കി.പക്ഷേ ഒന്നും ചോദിച്ചില്ല .വർഷങ്ങളായി ഞാൻ വായിക്കുന്നു എന്ന് മാത്രം പറഞ്ഞു .എന്റെ തോളോട് ചേർന്ന് നിന്ന് കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചു നോക്കി എന്നോടവർ ചോദിച്ചു :"കുട്ടീടെ പേര് പറഞ്ഞില്ല !!" ആദിവാസികളെ നന്നാക്കാൻ ഇറങ്ങുന്നവരെ നിങ്ങൾക്കറിയുമോ അല്ല നിങ്ങൾക്കാകുമോ സ്വയം ഒരാദിവാസി ആയിത്തീരാൻ എന്നിട്ട് അവരുടെ ഉൾത്തളങ്ങളിലെ അന്തസംഘർഷങ്ങൾ അളക്കുകയും അറിയുകയും അവർക്ക് വേണ്ടി പടപൊരുതുവാൻ??അവരെപ്പോലെ ചാണകം മെഴുകിയ തറയുടെ തണുപ്പിൽ ഉറങ്ങുവാൻ ?അതും ഏറ്റവും സമ്പന്നമായ പട്ടുമെത്തയിൽ നിന്നും ഇറങ്ങി വന്നതിനു ശേഷം ??

അവർ ഭൂമിയിലേയ്ക്ക് പിറന്നത്‌ മെർസി മാത്യു എന്ന പേരിൽ ആയതിൽ എന്തത്ഭുതം ?ഒന്നുമില്ല !! ചിലർ പിറക്കുന്നത്‌ ദൈവത്തിന്റെ കണ്ണും കരളും തലച്ചോറും കൊണ്ട് ആകുന്നതിൽ എന്തിനത്ഭുതപ്പെടാൻ !!അവർ ദൈവം തന്നെയാകുന്നു എന്നതിൽ എന്തത്ഭുതപ്പെടാൻ !!അത്ഭുതപ്പെടണം, ദൈവങ്ങൾ നമ്മളെപ്പോലുള്ളവരെ കാണാൻ നമ്മുടെ കുടിലിലേയ്ക്ക്‌ കടന്നു വരികയും സ്നേഹപൂർവ്വം ആശ്ലേഷിക്കുകയും മിന്നിമായുകയും ചെയ്യുമ്പോൾ !

Monday, August 10, 2015

ആഗ്രഹിക്കാൻ പോലും കഴിയാതെ  ,കിട്ടാതെപോയ
അന്നത്തെ എത്രയോ കുപ്പിവളകൾക്കും കല്ലുമാലകൾക്കും
പകരം വയ്ക്കാൻ ഇന്നത്തെ ഏതു വൈഡൂര്യത്തിനാണാവുക !! പകരം വയ്ക്കാനാകാത്ത അന്നത്തെ ഓട്ടുവിളക്കിലെ മണ്ണെണ്ണ വെളിച്ചത്തിനെ  വെല്ലാൻ ഇന്നത്തെ ഏതു വൈദ്യുതി വെട്ടത്തിനാണാകുക !!കാരണം മനസ്സിലെ ആ ഓർമ്മകളുടെ പുനരാവർത്തനം ഒരിക്കലും സാധ്യമാകാത്തത് തന്നെ ! കാപ്പിപ്പൂ മണത്തിൽ മുങ്ങി മഞ്ഞുതുള്ളി അണിഞ്ഞ് അവ എന്നും മനസ്സിൽ ഒളിച്ചിരിക്കുമായിരിക്കും അല്ലെ ?

Monday, August 3, 2015

ഉൾപ്പിടച്ചിലുകൾ

കൂട്ടുകാരാ ,
നിരാലംബമായൊരു വസന്തകാലത്തു നിന്നുമാണ് 
ഞാൻ നിന്നിലേയ്ക്കു പടർന്നു വളർന്നത്‌ !
അവിടപ്പോൾ ഓക്കുമരങ്ങൾ പൂക്കുന്നില്ലായിരുന്നു
വരണ്ടുണങ്ങിയ മണ്ണിലേയ്ക്കു വീഴാൻ
കാത്തിരിക്കുന്ന എന്റെ തന്നെ
ഉടലിലെ ഒറ്റപ്പൂവ് മാത്രം ബാക്കി !

ഋതുക്കൾ കൊഴിയുംതോറും ഉണങ്ങാൻ
വെമ്പുന്ന എന്റെ ഉടലിലെ പച്ചകൾ
ഒന്നിനുവേണ്ടിയും ആർത്തലയ്ക്കുന്നതെയില്ലായിരുന്നു !
ഒരുതാങ്ങു കിട്ടിയാൽ വീഴാതിരിക്കാം
എന്നൊരാർദ്രമായൊരാന്തലിൽ
ഏങ്ങി നില്ക്കുന്നൊരു വള്ളിച്ചെടി !

ഞാനോ നീയോ പരസ്പരം ക്ഷണിച്ചതേയില്ല !
പക്ഷെ ,
നിമിത്തങ്ങളിൽ നമ്മൾ ഒന്നുചേരേണ്ടവർ
എങ്കിലും പറിച്ചു മാറ്റാനാകാത്ത എന്റെ വേരുകൾ
ഇപ്പോഴും ആഴ്ന്നു നില്ക്കുന്നത് ഞാൻ മുളച്ച
മണ്ണിലാണ് ..എന്റെ തായ് വേരുകൾ ഊർന്നു
കുടിക്കുന്നത് ഇപ്പോഴും ആതേ മുലപ്പാലു തന്നെ !
ആ ലവണങ്ങളിൽ നിന്നും ഊറ്റി ഉണർന്നതാണെന്റെ
പച്ച രക്തം !
ആമണ്ണിലേയ്ക്കിപ്പോൾ നീ കൂടി ആഴ്ന്നിറങ്ങുക !
പതിയെ വളരെപ്പതിയെ നിന്നിലേയ്ക്ക്
പുതിയ ധമനികൾ മുളപൊട്ടും !
അവയിലൂടെ അനുകമ്പയുടെ
സ്നേഹത്തിന്റെ സഹാനുഭൂതിയുടെ
ജലകണങ്ങൾ പരന്നൊഴുകും !
നിന്നിൽ പച്ച പൊട്ടി മുളച്ചു പൂത്തുലയും
അതിന്റെ പൂമണത്തിൽ
നിനക്ക് നിന്റെ ദാർഷ്ട്യം വെടിയാനാകും !
പകയുടെ പകരം വയ്ക്കലിന്റെ
കിട്ടിയാൽ മാത്രം തിരിച്ചു നല്കുന്നതിന്റെ
അർത്ഥശൂന്യതയിൽ നിന്നും നിനക്ക്
എന്നെയ്ക്കുമായൊരു മുക്തിയുദിക്കും !

പുതലിച്ചു പോകുന്ന ഉൾത്തടത്തിനെ
പൂത്തുലയാൻ വിടുകയാണെന്റെ കുരുന്നിലകൾ
മടുപ്പിന്റെ ശൂന്യ വഴികളിലേയ്ക്ക്
തിരികെപ്പോയി പച്ചകെട്ടുപോകാതിരിക്കാൻ
എവിടെയോ ഓടിമറയാൻ
കുതറുകയാണെന്റെ ഓരോ ഇലകളും !
കാണുന്നില്ലേ അവയുടെ പിടച്ചിലുകൾ !!? 

Wednesday, July 22, 2015

ഞാൻ എന്തെല്ലാമോ ആണെന്ന തോന്നലിന്റെ അയഥാർത്ഥത്തിൽ നിന്നും ഞാൻ ആരുമല്ല എന്ന തിരിച്ചറിവിന്റെ ആരംഭത്തിലാണ്‌ യഥാർത്ഥ ജീവിതം ആരംഭിക്കുന്നത് !

Tuesday, July 14, 2015

മനോനില തെറ്റുന്നിടത്താണ് ക്രിയാത്മകത ഉയിർകൊള്ളുന്നത് എന്നെനിക്ക് ഇപ്പോഴും എപ്പോഴും തോന്നാറുണ്ട് !

Monday, July 13, 2015

ചില സ്നേഹങ്ങളുടെ നാൾവഴികളിൽ കുത്തിയൊലിച്ചു പോയൊരു ഞാൻ ഉണ്ട് .നീർത്തുള്ളികൾ താഴെക്കൂർന്നു പോയി നനഞ്ഞ മണ്ണ് പോലെ ചില നേരങ്ങളിൽ ഞാൻ !കാണാ സങ്കടങ്ങളിൽ കേൾക്കാ സങ്കടങ്ങളിൽ പറയാസങ്കടങ്ങളിൽ ഇനിയും പൊട്ടിത്തകരാത്ത ഈ ഞാൻ !! ഒഴുകിപ്പോകുന്ന നിമിഷസൂചികളിൽ ഒന്നിൽ ഒഴുകാതാകും വരെ മിടിച്ചുകൊണ്ടേ ഇരിക്കുന്ന രക്തവും മാംസവും കൂടിച്ചേർന്ന വെറുമൊരു ഹൃദയം എന്നെ ജീവിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു !ചുക്കിച്ചുളിഞ്ഞു കറുത്തു മെലിഞ്ഞ എന്റെ കൈവിരലുകൾ നെഞ്ഞിലേറ്റി 'നിങ്ങളാണമ്മേ ഈ ലോകത്തിൽ ഏറ്റവും സുന്ദരിയായ സ്ത്രീ ' എന്ന് കേൾക്കാൻ ഞാൻ കാത്തിരിക്കുന്ന ആ നരവീണ ഒരു വാർദ്ധക്യം ഇനി എനിക്ക് വേണ്ട ..!ജന്മങ്ങൾ സംഭവിക്കുന്നത്‌ ഒരു വിത്ത്‌ വീണു മരംപോലും അറിയാതെ മുളയ്ക്കുന്ന തൈ പോലെ ആകണമല്ലേ !എനിക്കിനിയും ജനിക്കണം .ഉൾവനങ്ങളിൽ ആരോരുമറിയാതെ ഒരു വന്മാരമായി മാറണം .എന്റെ ചില്ലയിൽ പതിനായിരം കിളികൾ പാട്ട് പാടണം .എന്റെ തണലിൽ വർണ്ണശലഭങ്ങൾ പാറിപ്പറക്കണം.എന്റെ നിഴലിൽ വാമൊഴികളിലെ രക്തരക്ഷസ്സുകൾ മുടിയഴിച്ചാടണം .മദം പൊട്ടിയ കൊമ്പന്മാർ ഇണകളിൽ രമിക്കുന്നത്‌ സൂചിയിലച്ചാർത്തിലൂടെ പതിഞ്ഞുകാണണം .ഹിമശൃംഗങ്ങളിൽ പോക്കുവെയിൽ പൊട്ടിയൊഴുകുന്നത് നോക്കി നിൽക്കണം .ഇനിയും പറയാത്ത കാക്കത്തൊള്ളായിരം കഥകൾ ഓരോ ഇലകളുടെ ഞരമ്പുകളിലൂടെ ഭൂമിയിലേയ്ക്ക് പറഞ്ഞു പതിക്കണം ..അവയെല്ലാം ചേർത്തു ഭൂമിയിൽ ഉയിർക്കുന്ന ഏറ്റവും വലിയ അരുവിയാകണം എന്റെ ജീവിതം !

Friday, July 10, 2015

പെണ്ണിറക്കങ്ങളിൽ ആന്തലോടെ
കണ്ണടയ്ക്കാതിരിക്കുന്നവർക്ക്
തെളിഞ്ഞ നീലാകാശവും
ഒളിഞ്ഞ ചന്ദ്രാകാശവും കടന്നവളുകൾ
പുറത്തേയ്ക്ക് പോകും !
ഒരുപക്ഷെ ഈ 'ഠ' വട്ടവും കടന്ന് ..
കാസറഗോഡും തൃശ്ശൂരും തിരുവനന്തപുരവും കടന്ന്
ഗോദാവരിയും യമുനയും നൈലും കടന്ന്
ഈ വഴിതുറക്കാത്ത ഗോളാന്തര ഗോളവും കടന്ന്
ഒരുപക്ഷെ ഒരു പെണ്‍ലോകം ചമച്ചു കൂടാതെയില്ല !
ഇനി അച്ഛന്മാർക്കും അമ്മാവന്മാർക്കും ആങ്ങളമാർക്കും
മാത്രമല്ലാത്തൊരു ശബ്ദം തുറക്കാത്ത അമ്മത്തൊണ്ടയിൽ
കൂടി ഇഴഞ്ഞു കടന്ന് മകൾ ആർത്തു വിളിക്കും
ഉറപ്പു ..ഇവിടെ ഒരു പെണ്ണുറപ്പ് !!

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...