Wednesday, July 22, 2015

ഞാൻ എന്തെല്ലാമോ ആണെന്ന തോന്നലിന്റെ അയഥാർത്ഥത്തിൽ നിന്നും ഞാൻ ആരുമല്ല എന്ന തിരിച്ചറിവിന്റെ ആരംഭത്തിലാണ്‌ യഥാർത്ഥ ജീവിതം ആരംഭിക്കുന്നത് !

Tuesday, July 14, 2015

മനോനില തെറ്റുന്നിടത്താണ് ക്രിയാത്മകത ഉയിർകൊള്ളുന്നത് എന്നെനിക്ക് ഇപ്പോഴും എപ്പോഴും തോന്നാറുണ്ട് !

Monday, July 13, 2015

ചില സ്നേഹങ്ങളുടെ നാൾവഴികളിൽ കുത്തിയൊലിച്ചു പോയൊരു ഞാൻ ഉണ്ട് .നീർത്തുള്ളികൾ താഴെക്കൂർന്നു പോയി നനഞ്ഞ മണ്ണ് പോലെ ചില നേരങ്ങളിൽ ഞാൻ !കാണാ സങ്കടങ്ങളിൽ കേൾക്കാ സങ്കടങ്ങളിൽ പറയാസങ്കടങ്ങളിൽ ഇനിയും പൊട്ടിത്തകരാത്ത ഈ ഞാൻ !! ഒഴുകിപ്പോകുന്ന നിമിഷസൂചികളിൽ ഒന്നിൽ ഒഴുകാതാകും വരെ മിടിച്ചുകൊണ്ടേ ഇരിക്കുന്ന രക്തവും മാംസവും കൂടിച്ചേർന്ന വെറുമൊരു ഹൃദയം എന്നെ ജീവിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു !ചുക്കിച്ചുളിഞ്ഞു കറുത്തു മെലിഞ്ഞ എന്റെ കൈവിരലുകൾ നെഞ്ഞിലേറ്റി 'നിങ്ങളാണമ്മേ ഈ ലോകത്തിൽ ഏറ്റവും സുന്ദരിയായ സ്ത്രീ ' എന്ന് കേൾക്കാൻ ഞാൻ കാത്തിരിക്കുന്ന ആ നരവീണ ഒരു വാർദ്ധക്യം ഇനി എനിക്ക് വേണ്ട ..!ജന്മങ്ങൾ സംഭവിക്കുന്നത്‌ ഒരു വിത്ത്‌ വീണു മരംപോലും അറിയാതെ മുളയ്ക്കുന്ന തൈ പോലെ ആകണമല്ലേ !എനിക്കിനിയും ജനിക്കണം .ഉൾവനങ്ങളിൽ ആരോരുമറിയാതെ ഒരു വന്മാരമായി മാറണം .എന്റെ ചില്ലയിൽ പതിനായിരം കിളികൾ പാട്ട് പാടണം .എന്റെ തണലിൽ വർണ്ണശലഭങ്ങൾ പാറിപ്പറക്കണം.എന്റെ നിഴലിൽ വാമൊഴികളിലെ രക്തരക്ഷസ്സുകൾ മുടിയഴിച്ചാടണം .മദം പൊട്ടിയ കൊമ്പന്മാർ ഇണകളിൽ രമിക്കുന്നത്‌ സൂചിയിലച്ചാർത്തിലൂടെ പതിഞ്ഞുകാണണം .ഹിമശൃംഗങ്ങളിൽ പോക്കുവെയിൽ പൊട്ടിയൊഴുകുന്നത് നോക്കി നിൽക്കണം .ഇനിയും പറയാത്ത കാക്കത്തൊള്ളായിരം കഥകൾ ഓരോ ഇലകളുടെ ഞരമ്പുകളിലൂടെ ഭൂമിയിലേയ്ക്ക് പറഞ്ഞു പതിക്കണം ..അവയെല്ലാം ചേർത്തു ഭൂമിയിൽ ഉയിർക്കുന്ന ഏറ്റവും വലിയ അരുവിയാകണം എന്റെ ജീവിതം !

Friday, July 10, 2015

പെണ്ണിറക്കങ്ങളിൽ ആന്തലോടെ
കണ്ണടയ്ക്കാതിരിക്കുന്നവർക്ക്
തെളിഞ്ഞ നീലാകാശവും
ഒളിഞ്ഞ ചന്ദ്രാകാശവും കടന്നവളുകൾ
പുറത്തേയ്ക്ക് പോകും !
ഒരുപക്ഷെ ഈ 'ഠ' വട്ടവും കടന്ന് ..
കാസറഗോഡും തൃശ്ശൂരും തിരുവനന്തപുരവും കടന്ന്
ഗോദാവരിയും യമുനയും നൈലും കടന്ന്
ഈ വഴിതുറക്കാത്ത ഗോളാന്തര ഗോളവും കടന്ന്
ഒരുപക്ഷെ ഒരു പെണ്‍ലോകം ചമച്ചു കൂടാതെയില്ല !
ഇനി അച്ഛന്മാർക്കും അമ്മാവന്മാർക്കും ആങ്ങളമാർക്കും
മാത്രമല്ലാത്തൊരു ശബ്ദം തുറക്കാത്ത അമ്മത്തൊണ്ടയിൽ
കൂടി ഇഴഞ്ഞു കടന്ന് മകൾ ആർത്തു വിളിക്കും
ഉറപ്പു ..ഇവിടെ ഒരു പെണ്ണുറപ്പ് !!

Friday, June 26, 2015

ഒരായിരം തുള്ളികളായി നീ നിന്നുപെയ്യുമ്പോൾ
നിനക്ക് ഞാൻ മഴ എന്നല്ലാതെ എന്തു പേരിടാൻ !
ഒരായിരം ഇലകൾ ഒന്നിച്ചു പെയ്യുമ്പോൾ
നിനക്ക് ഞാൻ മരമെന്നല്ലാതെ എന്ത് പേര് ചൊല്ലാൻ !
ഒരായിരം ഓർമ്മകൾ ഒന്നിച്ചെത്തുമ്പോൾ
നിനക്ക് ഞാൻ പ്രണയമെന്നല്ലാതെ എന്ത് കാതിൽ മൂളാൻ !
എന്തിനോവേണ്ടി തിളയ്ക്കുന്ന ദുഃഖം
നെഞ്ഞകത്തിനെ തീർപ്പതിന്മുൻപെ ..
വന്നു വെള്ളം തളിച്ചുപോകില്ലേ
ഇല്ലയെങ്കിൽ എരിഞ്ഞുതീരില്ലേ !

Saturday, June 20, 2015

ആകൃഷ്ടനായി മനസ്സിലാരുടെ കണ്ണുനീരാൽ
ചേരാതെ പോയൊരു മുഖാംബുജമെന്നുമെന്നും
തോരാതെ പെയ്ത മഴതന്നിൽ നിന്നും
വിടരാതടർത്തിയൊരു പൂവുപോലെ !!

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...