Monday, March 9, 2015

ചിലര്‍ ദൈവത്തിന്റെ സമ്മാനങ്ങള്‍ ആണ് ..നമുക്കായി ദൈവം അണിയിച്ചൊരുക്കി വിടുന്നവര്‍ ! ഇവിടെ ദൈവമുണ്ടോ എന്ന ചോദ്യം തികച്ചും അപ്രസക്തമാണ് !ദൈവമെന്നത് ഇന്ദ്രജാലം കാണിച്ച് നമ്മെയൊക്കെ അമ്പരപ്പിക്കുന്ന ആ ഇന്ദ്രജാലക്കാരന്‍ തന്നെയാണ് ..ഒരുവേള പൂ വിരിയുന്നതെന്താണമ്മേ എനിക്ക് കാണാന്‍ കഴിയാത്തതെന്ന് അമ്പരക്കുന്ന കൊച്ചു കുഞ്ഞുങ്ങള്‍ മാത്രമാകുന്നു നമ്മളെല്ലാം !

Saturday, March 7, 2015

ഞാന്‍ പ്രതിഫലിപ്പിക്കുന്നത് എന്റെ അച്ഛനെയും അമ്മയെയും തന്നെയാണ് കാരണം ഞാന്‍ അവര്‍തന്നെയാണ് ,ഒരു സ്ത്രീയായതില്‍ അങ്ങേയറ്റം അഭിമാനത്തോടെ ഓരോ നിമിഷവും എന്റെയുള്ളില്‍ പുതിയപുതിയ പുലരികള്‍ പോട്ടിവിടരുന്നുണ്ട് അതുതന്നെയാണ് ഞാന്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയുടെ ഫലവും !ഒരു സഹധര്‍മ്മിണി ആയതില്‍ ഞാന്‍ അങ്ങേയറ്റം ധന്യയാണ് എന്റെ പങ്കാളിയുടെ ഹൃദയമിടിപ്പുകളുടെ താളം ഞങ്ങളുടെ മകളിലുണ്ട്! അവള്‍ ഒരു മകള്‍ ആയതില്‍ വീണ്ടും ഞാന്‍ അഭിമാനിക്കുന്നു കാരണം അവള്‍ക്കു മാത്രമേ ഒരമ്മയുടെ ചൂരും ചൂടും പ്രകൃതിസ്പന്ദങ്ങള്‍ കൊണ്ട് അളക്കാവുന്ന അമ്മ എന്ന ഹൃദയവികാരവും പകര്‍ത്തിയെഴുതാനാകൂ ..എന്നെ കണ്ണാടിപോലെ ആവാഹിക്കാന്‍ ആകൂ ..ഇനി അവളുടെ പാതകള്‍ അവള്‍ക്കായി വെട്ടിത്തെളിച്ച് പുതിയ മേച്ചില്‍ പുറങ്ങളില്‍ ഇതിഹാസങ്ങള്‍ ചമയ്ക്കാനാകൂ !ഓരോ പെണ്‍ദിനങ്ങളും അവകാശങ്ങളുടെ ആദിപത്യത്തിനായി വടം വലികള്‍ ആകാതിരുന്നെങ്കില്‍ എന്ന വ്യാമോഹത്തോടെ അവകാശം സ്വാതന്ത്ര്യം എന്നതെല്ലാം ആരും പതിച്ചു നല്‍കേണ്ടുന്ന ഒന്നല്ല അത് ഏതൊരു ജീവിക്കുമുള്ള അനന്തമായ ആകാശവും ഭൂമിയുമാണെന്ന തിരിച്ചറിവോടെ "എടികളെ നിങ്ങള്‍ക്കെന്റെ ആത്മാഭിമാനം തുടിക്കുന്ന പെണ്‍ദിന അഭിവാദ്യങ്ങള്‍"

Monday, March 2, 2015

കുട്ടിയെ കുളിപ്പിച്ച് ,പാത്രം മോറി ,തറതുടച്ച് ,ഭര്‍ത്താവിനു ഭക്ഷണം കാലാക്കി ,വസ്ത്രങ്ങള്‍ കഴുകിയുണക്കാനിട്ട് ,ഭക്ഷണം കുട്ടിക്ക് കൊടുത്ത് ,ടിഫിനുകള്‍ തയാറാക്കി ബാഗുകളില്‍ ഒതുക്കി ,ഒരുകപ്പ് കാപ്പിയും ഭക്ഷണവും കഴിച്ച് ,മേശയും തറയും ഒതുക്കി ,ബാഗെടുത്തു തോളിലിട്ടു ജോലിചെയ്തു വന്നശേഷം എത്രപേര്‍ പറയുന്നുണ്ട് ഈ ഫെമിനിസം ?? ഞാന്‍ പറയുന്നുണ്ട് ആ ഫെമിനിസം കാരണം എന്റെ ഇസം ആണിന് ആകാമെങ്കില്‍ പെണ്ണിന് ആയാലെന്താ എന്ന ഇസമല്ല ! അത് ഒരു അളവുകോലിലും ആര്‍ക്കും ഒതുക്കാന്‍ വയ്യാത്ത ധീരമായ ചില നിലപാടുകളാണ് ,അവനവനു ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യുന്ന ധൈര്യവതിയായ സ്നേഹമതിയായ ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനെ പഠിപ്പിക്കാന്‍ പറ്റുന്ന ഇസം !!ഒരാണിനും ചെയ്തു തീര്‍ക്കാന്‍ പറ്റാത്ത വൈകാരിക കൂട്ടുകെട്ടിലൂടെ പ്രകൃതിയുമായി ഇണയുമായി പുതുതലമുറയുമായി കൂട്ടിയിണക്കിയ ഇസം !ഫെമിനിസം !

Sunday, March 1, 2015

കാഴ്ച്ച!

'ഹാ മോഹമഞ്ജരി തുളുമ്പുന്ന വാര്‍ദ്ധക്യം'
എന്ന് ഞാന്‍ ചോന്നതേ,
 ചേര്‍ച്ചയേയില്ലെന്ന് ചൊല്ലിപ്പിണങ്ങി നീ
ചേര്‍ത്തടച്ചല്ലോ ആ വാതില്‍പ്പഴുതുകള്‍!
വാര്‍ദ്ധക്യമെന്നത് ചേര്‍ത്തെടുക്കാന്‍
തുനിഞ്ഞാരുമേ വന്നതില്ലീ വഴിക്കെങ്ങുമേ
ആരെയും ആക്രമിച്ചല്ലാ വരുന്നതങ്ങെങ്കിലും
മോഹിക്കും മോഹന യൌവ്വനം മാത്രമേ ,
ചൊല്ലുവാനാടുവാന്‍ അണിയുവാന്‍ പ്രിയതരം

നിറം മങ്ങിയ കണ്ണുകള്‍ കാണുന്നതേയില്ല
നിറം ചേര്‍ത്ത കാഴ്ച്ചകള്‍ കപടവികാരങ്ങള്‍
സത്യം തെളിയിച്ച കാഴ്ച്ചകള്‍ മാത്രമേ
ചിത്തത്തിലപ്പോള്‍ തെളിയുന്നതേയുള്ളൂ
'വാര്‍ദ്ധക്യമാണിത് അമ്മയ്ക്ക്
കാണുന്നതൊന്നും തിരിയില്ല
കേറിക്കതകട!'
മക്കള്‍ക്ക്‌ മാത്രം കാണാത്ത സത്യങ്ങള്‍
നഗ്നമായപ്പോള്‍ തെളിയുന്ന കാഴ്ച്ചകള്‍ !
വാതിലിനിപ്പുറം അന്ധകാരത്തിലായ്
കാത്തിരിപ്പുണ്ടൊരു കാതര മാന്ത്രികന്‍
ആര്‍ക്കും തെളിയാത്ത കാഴ്ച്ചതന്‍ മേടതില്‍
ചേര്‍ത്തുപിടിച്ചു നടത്തിക്കുമിന്നവന്‍ !

പ്രണയിക്ക വാര്‍ദ്ധക്യമെന്നതാണിന്നിനി
മുദ്രയാല്‍ വാക്യം ചമച്ചു ഞാന്‍ ചൊല്ലുക !
കാലം വെളുപ്പിച്ച കാര്‍കുഴല്‍ കോന്തിഞാന്‍
കാതരയായിന്നു  കാതോര്‍ത്തിരിക്കുന്നു
ചെവിക്കല്ലിലെ യന്ത്രമഴിച്ചങ്ങു ദൂരെയായ്
ഏറ്റി എറിഞ്ഞുകളഞ്ഞു ഞാനിന്നലെ !
കാതിലെ മന്ത്രണം കേള്‍ക്കുവാനിന്നിനി
കാറ്റുപോലും വേണ്ട കൂട്ടിനു ഞാന്‍ മതി !

അമ്മയായിന്നലെ,അവര്‍ മൂന്നിന് കുട്ടികള്‍
ഏഴുപേര്‍ ഇന്നത്‌ കണ്ടു ഞാന്‍ ധന്യയായ്‌ .
ആരെയും കൂട്ടുന്നതില്ല ഞാന്‍ കാഴ്ചതന്‍
ആനന്ദഭൈരവി ആസ്വദിച്ചീടുവാന്‍!
ആലോലമോലമൊഴുകുന്ന രാത്രിതന്‍
ആവര്‍ത്തനങ്ങളായ് പകലുകളൊക്കെയും
ആര്‍ക്കും തെളിയാത്ത കാഴ്ച്ചതന്‍ മേടതില്‍
ചേര്‍ത്തുപിടിച്ചു നടക്കയാണിന്നവന്‍ !

Saturday, February 28, 2015

ഗൃഹാതുരതയുടെ മുഴുവന്‍ സുഗന്ധവും പേറി ഒരു കാറ്റ് വര്‍ഷങ്ങള്‍ക്കു മുന്‍പേ എന്നെ ചൂഴ്ന്നു നിന്നിരുന്നു ,ഇടയ്ക്ക് അത് ഭൂഖണ്ടങ്ങളുടെ മാസ്മരികതയിലൂടെ പാറിപ്പോയി ..പോകുമ്പോള്‍ ഞാന്‍ വേദനിച്ചു ..പിന്നെ ഇടയ്ക്കിടെ അതെന്നെ ഓര്‍മ്മകളുടെ മിന്നലുകള്‍ കാട്ടിത്തന്നു ചില നേരങ്ങളില്‍ അമ്മയുണ്ടാക്കിത്തരുന്ന നാടന്‍ ഓട്ടടയുടെ സ്വാദ് മണപ്പിച്ചു കൊതിപ്പിച്ചു ..എങ്കിലും കാണാമറയത്തിരുന്നു മേഘസന്ദേശം അയച്ചു കളിപ്പിച്ചു .ആരെന്നറിയാതെ ഞാന്‍ അതവഗണിച്ചു !ഇപ്പോള്‍ നീ എന്നെ അമ്പരപ്പിച്ചുകൊണ്ട്‌ പാറിവന്നിരിക്കുന്നു !ഓര്‍മ്മകളുടെ നീളന്‍കുപ്പായങ്ങളുടെ കുടുക്കുകളെ നീ അരുമയായി അഴിച്ചുമാറ്റുന്നു ..സ്വകാര്യതയുടെ നഗ്നമേനികളില്‍ സുഗന്ധത്തിന്റെ ചന്ദനഗന്ധത്താല്‍ നീ ചൂഴ്ന്നു വീശുന്നു ..ഈ കത്തുന്ന വേനലില്‍ നിന്റെ വരവെത്ര ആഘോഷമായി ഞാന്‍ കൊണ്ടാടുന്നു !!ഹാ ഇന്ന് മനോഹരമായൊരു ദിവസമാണ്!!

Sunday, February 22, 2015

ഭ്രാന്തി !

അടഞ്ഞ വാതില്പ്പാളികള്‍ക്കുമപ്പുറം
 ആരുമില്ലാതൊഴിഞ്ഞ
കരിയിലകള്‍ മരിച്ചുകിടക്കുന്ന
നഗ്നമായ മുറ്റം

ഇപ്പുറം എല്ലാവരുമുണ്ടെങ്കിലും
ജഡമായ മൌനമുദ്രകളാല്‍
കെട്ടിപ്പൂട്ടിയ മനുഷ്യബന്ധനങ്ങള്‍

എങ്ങനെയാണ് ഇരുളും വെളിച്ചവും
ഉണ്ടാകുന്നതെന്ന ആദ്യന്ത പരിഭ്രമത്താല്‍
ജ്ഞാനിയായിപ്പോയ ഞാന്‍ !
എനിക്ക് ഭ്രാന്തെന്ന് അവര്‍ !

Monday, February 9, 2015

പ്രകൃതിയിലേയ്ക്കു മടങ്ങുക

നമ്മുടെ പ്രകൃതിയിലേയ്ക്കു നോക്കിയാല്‍ ആവാസവ്യവസ്ഥയുടെ എത്രയെത്ര കൌതുകകരമായ കാഴ്ച്ചകളാണല്ലേ!! അതില്‍ ജീവിക്കുക എന്ന പ്രക്രിയയ്ക്ക് വസിക്കുവാന്‍ അഥവാ നിലനില്‍ക്കുവാന്‍ ഒരു സ്ഥലം എല്ലാ ജീവ വര്‍ഗ്ഗങ്ങളും ആശ്രയിക്കുന്നുണ്ട് .തനിയെ നിര്‍മ്മിക്കുന്നതോ അന്യന്റെ ഒഴിഞ്ഞ പാര്‍പ്പിടങ്ങളോ തികച്ചും പ്രകൃതിജന്യമായ കാടോ പച്ചപ്പടര്‍പ്പുകളോ കുളമോ ജലമോ എന്നുവേണ്ട അവനവനു വേണ്ടുന്ന  എല്ലാം വസിക്കുവാനായി തിരഞ്ഞെടുക്കുന്നു .ആ ക്രിയ ശരീരത്തില്‍ നിന്നും സ്വമേധയാ പുറപ്പെടുന്ന ഒരു ചോദനയാണ് ഒട്ടുമിക്ക ജീവിവര്‍ഗ്ഗങ്ങള്‍ക്കും .അതിനു മാറ്റം വരുത്തുന്ന ഒരേയൊരു ജീവി മനുഷ്യനാകാം കാരണം അവന്റെ ചോദനകള്‍ നിലയ്ക്കാത്തതും ഒന്നില്‍ മാത്രം ഉറച്ചു നില്‍ക്കുന്നതുമല്ല !തലച്ചോര്‍ വികാസം പ്രാപിച്ച് ബുദ്ധിയും അറിവും സാങ്കേതിക മികവും ഏറും തോറും മനുഷ്യന്‍ പ്രകൃതിയില്‍ നിന്നും ഏറെ അകന്നുമാറി ചിന്തിക്കുവാന്‍ പ്രേരിതന്‍ ആകുന്നു  .പുതിയ സാങ്കേതിക മികവുകളെ എങ്ങനെ അവനു പര്യാപ്തമാകും വിധം കൈപ്പിടിയില്‍ ഒതുക്കാമെന്ന് മാത്രമേ അവന്‍ ചിന്തിക്കുന്നുള്ളൂ .ആ മികവുകളെ വാസയോഗ്യമായ സ്ഥലത്ത് മാത്രമല്ല അവനു വസിക്കുവാന്‍ വേണ്ടുന്ന ആവാസവ്യവസ്ഥ പ്രാപ്യമായ സ്ഥലമാണോ എന്ന് പോലും ചിന്തിക്കാന്‍ സാധ്യമല്ലാത്തിടത്തെയ്ക്ക് കൂടി അവനു ചേക്കേറുവാന്‍ തരത്തില്‍, പുതിയ ആവാസവ്യവസ്ഥയെ നിര്‍മ്മിക്കുക കൂടി ചെയ്യുകയാണവര്‍! ചൊവ്വയിലെയ്ക്കും വ്യാഴത്തിലെയ്ക്കും ചന്ദ്രനിലെയ്ക്കും കൂടുമാറുവാന്‍ തയ്യാറെടുക്കുന്ന മനുഷ്യരാണിന്നിന്റെ തലമുറകള്‍. അവിടെ നിന്നും തിരിഞ്ഞു നോക്കുമ്പോള്‍ 1.9 ഉം 2.4 മില്ല്യൻ വർഷങ്ങൾക്കു മുൻപ് മനുഷ്യന്റെ വാസസ്ഥലങ്ങൾ എങ്ങനെയായിരുന്നു എന്നത് സങ്കൽപ്പിക്കുവാൻ കഴിയുന്നുണ്ടോ ? അവർ പ്രകൃതിയിലെ കല്ലും മരവും പോലെ തികച്ചും മറ്റൊരു അടർ മാത്രമായിരുന്നിരിക്കാം .എവിടെയോ പിറന്നുവീഴുകയും അവിടെത്തന്നെ സ്വാഭാവികമായി എല്ലാ പ്രതിസന്ധികളെയും അറിഞ്ഞ് അതിനെയൊക്കെ അതിജീവിക്കുന്നവർ മാത്രം നിലനിന്ന് പോരുകയും ചെയ്തിരുന്നൊരു ആവാസ വ്യവസ്ഥ !

പ്രകൃതിജന്യമായ വാസസ്ഥാനങ്ങളിൽ തികച്ചും പ്രകൃതിക്കനുസരിച്ചു ജീവിക്കുന്നതിലേയ്ക്ക് അടുത്തിടെ കുറച്ചുകൂടി മനുഷ്യൻ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു .മുളയും കയറും കല്ലും പനയോലകളും ചാണകം തേച്ചു മിനുക്കിയ അകത്തളങ്ങളും ചേർന്ന് പണ്ടുണ്ടായിരുന്ന , പ്രകൃതി സാധ്യതകളുടെ ചൂഷണം കൊണ്ടുണ്ടാക്കിയിരുന്നു കുടിലുകൾ ഇന്ന് അന്യം നിന്ന് പോയിരിക്കുന്നു .അതിനെ നമുക്ക് നഷ്ടബോധത്തിന്റെ പട്ടികയിലേയ്ക്ക് തിരുകും മുൻപ് ചിന്തിക്കേണ്ടുന്നതായ കാര്യം മനുഷ്യന് അതിജീവനത്തിൽ ഏറ്റവും വേണ്ടുന്ന ഒന്ന് സുഖവും സൗകര്യങ്ങളും തന്നെയാണ് .അത് തന്നെയാണ് ഇന്നും അത്യാർത്തിയുടെ പട്ടികയിലേയ്ക്ക് മനുഷ്യന്റെ ആവശ്യങ്ങളെ മാറ്റുന്നതും .അതുകൊണ്ടുതന്നെയാണ് വൈക്കോൽ മാറി ഓടായതും പിന്നീട് കോണ്ക്രീറ്റ് ആയതും മറ്റും മറ്റും .മണ്ണ് പതിഞ്ഞ മുറ്റങ്ങൾ നമുക്കെന്നെ കൈമോശം വന്നിരിക്കുന്നു .മഴവെള്ളം ഊർന്നു വീഴുന്ന കോലായുകളും വലിയ ഓട്ടുരുളിയിൽ പിടിച്ചുവച്ച തണുത്ത മഴവെള്ളത്തിൽ ഊർന്നിറങ്ങിയിരുന്നു ദിവാസ്വപ്നങ്ങൾ കണ്ടിരുന്ന നനുനനുത്ത പ്രഭാതങ്ങളും എന്നേയ്ക്കുമായി മാഞ്ഞു പോയിരിക്കുന്നു !പകരം നമുക്കില്ലാത്തൊരു പ്രകൃതിക്കാഴ്ചകൾ അകത്തളങ്ങളിൽ നമ്മൾ സ്റ്റഫ് ചെയ്തു വയ്ക്കുകയാണിപ്പോൾ .കാശുള്ളവന്റെ ആഘോഷങ്ങൾ പുതിയ മോടിപിടിപ്പിച്ച പച്ചപ്പിനെ അകത്തളങ്ങളുടെ ആഡംബരങ്ങളാക്കുന്നു ,അതുവഴി പച്ചപ്പ്‌ പുറംമോടികളുടെ കാഴച്ചവട്ടങ്ങൾ മാത്രമായി ചുരുങ്ങിപ്പോകുന്നു .ഇവിടെയാണ്‌ പ്രകൃതിജന്യമായ ഉത്പ്പന്നങ്ങൾ മാത്രമുപയോഗിച്ചുകൊണ്ടുള്ള വാസഗൃഹങ്ങളുടെ പുതുമയും പ്രകൃതിയിലെയ്ക്കുള്ള കൂടുമാറ്റവും സാധ്യമാകുന്നൊരു സംസ്ക്കാരം ഉരുവെടുക്കേണ്ടതിന്റെ ആവശ്യകത ഉണരുന്നത് .

പണ്ട് പച്ചമണ്ണ്‍ ചുട്ടു ചുടുകട്ടകള്‍ ആക്കി വൈക്കോല്‍ മേഞ്ഞ,തറ ചാണകം മെഴുകി നിരപ്പാക്കിയ വീടുകള്‍ സര്‍വ്വവ്യാപി ആയിരുന്നു .അവ തണുപ്പുകാലത്ത് ചൂടും ചൂടുകാലത്ത് തണുപ്പും പ്രദാനം ചെയ്തിരുന്നു എന്ന വസ്തുത മറക്കാനാകാത്തതാണ് !പക്ഷെ ഇടിഞ്ഞു വീണാല്‍ വീണ്ടും കെട്ടിപ്പൊക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളാണ് മനുഷ്യനെ ഉറപ്പുള്ള വീടുകളിലേയ്ക്ക് ആകര്‍ഷിച്ചത് .ഇന്ന് എക്കോ ഫ്രെണ്ട് ലിയായ വീടുകളിലേയ്ക്ക് മനുഷ്യനെ ആകര്‍ഷിക്കുന്നതും അവയിലെ അടിസ്ഥാനപരമായ ഇത്തരം കുറിക്കൂട്ടുകള്‍ ആണ് .മനുഷ്യശരീരത്തിന് തികച്ചും അനുയോജ്യമായ രീതിയില്‍ ഇന്ന് പല പ്രകൃതി വിഭവങ്ങളും വീട് നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട് .വൈക്കോൽ കംപ്രസ്സ് ചെയ്ത വീടുകൾ വിദേശങ്ങളിൽ വ്യാപകമാകുന്നത് കാണാം .ഇത് വായുസഞ്ചാരം വർദ്ധിപ്പികുകയും പെട്ടന്നുള്ള ഇലക്ട്രിക് ഷോക്കുകളിൽ നിന്നും വീടിനെ സംരക്ഷിക്കുകയും ചെയ്യുന്നത് ആകർഷണം കൂട്ടുകയാണ് .സോളാർ പാനലുകളും ,മഴവെള്ളം സംരക്ഷിക്കുന്നതും അത് പലവിധത്തിൽ ഗൃഹാവശ്യങ്ങൾക്കും തോട്ടത്തിലെയ്ക്കുമായി പകുക്കുകയും വീണ്ടും റീ സൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നതും പ്രകൃതി സൗഹൃദ ഭവനങ്ങളുടെ ആശയങ്ങളിൽ ചേർന്ന് നില്ക്കുന്ന അത്യാവശ്യ ഘടകങ്ങൾ തന്നെയാണ് .പണ്ടുള്ള നാലുകെട്ടുകളിലെ നടുത്തളത്തിൽ വീഴുന്ന മഴവെള്ളം ആ വീടിന്റെ ചൂടിനെ എത്ര അകറ്റിയിരുന്നു എന്നാലോചിക്കുക ! മനുഷ്യൻ ടെക്നോളജികൾ വർദ്ധിക്കും തോറും പ്രകൃതിയിൽ നിന്നും വേറിട്ട്‌ പോവുകയാണ് .ചാരുകസേരയിൽ വിശറിയുമായി സംഭാരവും മോന്തിയിരുന്ന നട്ടുച്ചകൾ ഇന്ന് എ സി മുറിയിൽ ബിയറും മോന്തി വാട്സാപ്പിൽ നോക്കിയിരിക്കുന്നതിലെയ്ക്ക് വഴിമാറിയെങ്കിൽ അത് തീർച്ചയായും ടെക്നോളജിയുടെ വികാസവും പ്രകൃതിയിൽ നിന്നുള്ള നിരാസവും തന്നെയാണ് !

പ്രകൃതിയിലേയ്ക്കു മടങ്ങുക എന്നത് ഒട്ടും നിസ്സാരമായ കാഴ്ചപ്പാടല്ല .പ്രകൃതിയിലൂടെ ജീവിക്കുക എന്നത് വളരെ എളുപ്പമുള്ളതും എന്നാൽ ടെക്നോളജി ഇല്ലാതെ ജീവിക്കുക എന്നത് ഇന്നിന്റെ കാഴ്ചപ്പാടിൽ വളരെ ബുദ്ധിമുട്ടേറിയ ഒന്നായിട്ടു തന്നെ കണക്കാക്കേണ്ടിയും വരും .ഒന്നല്ലെങ്കിൽ ഒന്ന് പ്രകൃതിയിൽ നിന്നും വേറിട്ട്‌ നില്ക്കുന്നത് തന്നെയായിരിക്കും .അതുകൊണ്ടുതന്നെ ടെക്നോളജിയെ തള്ളിപ്പറയെണ്ടുന്ന കാര്യമില്ല തന്നെ .പ്രകൃതിവിരുദ്ധമായി ടെക്നോളജിയെ ഉപയോഗിക്കാതെ തന്നെ നമുക്ക് വളരെ നിയന്ത്രിതമായി അവയെ ഒരുമിപ്പിച്ചു കൊണ്ടുപോകാം .ലഭേച്ഛയില്ലാതെ എന്തിനെ സ്നേഹിക്കുകയും സമീപിക്കുകയും ചെയ്യുമ്പോഴാണോ നമുക്ക് യഥാർത്ഥ വില ലഭിക്കുന്നത് അതേ വില ഇതുവഴിയും സംജാതമാകുന്നതായും നമുക്ക് കാണാം .വൈദ്യുതിയിൽ ,ഉപയോഗശൂന്യമാക്കി കളയുന്ന വെള്ളത്തിൽ ,വിഷമയമായ വീടുനിർമ്മാണ ഉത്പന്നങ്ങളിൽ ,ചിലവുകൂടിയ തടിയുത്പ്പന്നങ്ങളിൽ എന്നുവേണ്ട എല്ലാറ്റിനും പ്രകൃതിസൗഹൃദ കാഴ്ച്ചപ്പാടുകളോടെയുള്ള സമീപനം ആവശ്യമാണ്‌ .അത് നിയന്ത്രിതവും സമയോചിതവും കാര്യപ്രാപ്തവുമാകാൻ പ്രകൃതി സൗഹൃദ ഗൃഹാന്തരീക്ഷം അത്യാവശ്യമാണ് .അത് വാർക്കുവാൻ വേറൊന്നും ചെയ്യാനില്ല പ്രകൃതിയെ സ്നേഹിക്കുക എന്നല്ലാതെ ! ഇന്നിൽ എല്ലാവർക്കും അവനവന്റെ ചുറ്റുപാടുകളിൽ നിന്നും ഓടിമാറി അല്ലെങ്കിൽ അകന്നുമാറി സ്വയം മണ്ണിൽ അദ്ധ്വാനിച്ച് ,പ്രകൃതിദത്ത വീടുകൾ കെട്ടി ജീവിക്കുവാൻ സാധ്യമല്ല .കാരണം നമ്മിൽ പലരും അങ്ങനെ ജീവിച്ചു കാണിച്ചു തരുന്ന വളരെ കേവലമായ ഒരു ജനതതിയെ ചൂണ്ടി "നോക്കൂ അവർ ജീവിക്കുന്നതിന്റെ ചാരുത കണ്ടോ ?" അല്ലെങ്കിൽ "അവർ ജീവിക്കുന്നതിലെ സംശുദ്ധത നോക്കൂ " എന്ന് ചൂണ്ടിക്കാണിക്കുകയും അത് ഇൻറർനെറ്റിൽ എടുത്തിട്ട് ആഘോഷമായി പ്രകീർത്തിക്കുകയും ചെയ്യും .എന്നിട്ട് നമ്മുടെ ഗൃഹത്തിനെ നമ്മൾ പിന്നാംബുറത്തുകൂടി മോടികൂട്ടും ,നമ്മുടെ കുട്ടികൾ ഏറ്റവും മുന്തിയ സ്കൂളുകളിൽ ഉന്നത വിദ്ധ്യാഭ്യാസം നടത്തും .നമ്മൾ വൈറ്റ്കോളർ ഉദ്യോഗം നാട്ടിലോ വിദേശത്തോ ഇരുന്നു ചെയ്തു ലക്ഷങ്ങൾ സമ്പാദിക്കുകയും ചെയ്യും .പ്രകൃതിയിലേയ്ക്കു മടങ്ങുക എന്നതിലും നമ്മൾ നമുക്ക് നടപ്പിലാക്കാവുന്ന കാര്യങ്ങളെക്കുറിച്ച് ബോധവാന്മാർ ആവുകയും അത് നടപ്പിൽ വരുത്തുകയും വേണം .അതാണ്‌ ഇന്ന് എല്ലാവർക്കും സാധ്യമാകുന്ന ഒന്ന് . അവനവനു നടപ്പിലാക്കാൻ പറ്റുന്ന തരത്തിൽ ഒരുമരമോ ഒരു ചെടിയിലോ തുടങ്ങുക പ്രകൃതിയിലെയ്ക്കുള്ള പ്രയാണം .പിന്നീട് പലതാകാം ,കൃഷിയെ സ്നേഹിക്കാം ,അവനവനു വേണ്ടുന്നത് സ്വയം ഉണ്ടാക്കിയെടുക്കാം ,അതും കഴിഞ്ഞു പ്രകൃതിയിലേയ്ക്കു കാൽകൾ വയ്ക്കാം, അവയെ പരിപാലിക്കുകയും പിന്നീട് നമുക്ക് പ്രകൃതി തന്നെയായി മാറാം !അതാണ്‌ മാറ്റം .അതുമാത്രമേ സ്ഥായിയായ മാറ്റമാകാനും സാധ്യതയുള്ളൂ !