Tuesday, September 23, 2014

ഒരു തലവേദന പോലെ
അസൂയ പോലെ ..
നൊമ്പരം പോലെ ..
എവിടെയോ കൊളുത്തിട്ടു
വലിക്കയാണ് മരണം !
അടുത്തെത്തിയോ ..അകന്നെത്തിയോ ..
അറിയുവാനില്ലാതൊരു ദൂരം !
അതുമാത്രമാണു നമുക്കിടയിൽ
ഇനിയും അവശേഷിക്കുന്നത് !

Saturday, September 20, 2014

ഇമയനക്കങ്ങളില്‍ താഴേയ്ക്ക് ഊര്‍ന്നു  വീഴുന്ന മഴ !
മൊഴികള്‍ക്കു മീതെ ചാഞ്ഞു പെയ്യുന്ന ചുംബനം ..
പെയ്തൊഴിഞ്ഞ എത്ര മഴകള്‍ക്ക്‌ മീതെയാണ്
ഒരു മാരിവില്ലുദിക്കുക!!

Wednesday, September 17, 2014

എല്ലാ നിഷേധത്തിന് പിന്നിലും നിലവിളിക്കുന്നൊരു ഹൃദയമുണ്ട് !

Monday, September 15, 2014

കാശ്യം വെടിവതെങ്ങനെ !!
പിന്നെ കാശ്യപം വെടിയുവതെങ്ങനെ ?!!
കാശ്യപീനാഥാ ചൊല്‍ക !കാശ്യ ശാല പിന്നെന്തു ചെയ്യും ?
കാസ ശ്വാസം വലിക്കുന്നു പാപികള്‍..ഞങ്ങള്‍ പാവങ്ങള്‍ !

Sunday, September 14, 2014

പ്രണയമാണ് ..
വേണുനാദം കൊണ്ട് പ്രപഞ്ച സൂക്ഷ്മതയുടെ
വാതായനം തുറന്നിട്ട പ്രണയം ..
നശ്വരത ഒഴുക്കിവിടുന്ന അനശ്വരമായ മായക്കാഴ്ചകള്‍ പ്രവഹിക്കുന്നതിവിടെ നിന്നാണ് ..
പ്രഭോ ,
ആ പ്രണയമാണ് നിനക്കും എനിക്കുമിടയില്‍ ജനനം കൊള്ളുന്നത്‌ ..ഇന്നും പിന്നെ എന്നും !

Tuesday, September 9, 2014

ചില ഓണ വിചാരങ്ങള്‍

കാണം വിറ്റും ഓണമുണ്ണണം എന്ന പഴമൊഴിയൊക്കെ എന്നോ പോയ്മറഞ്ഞിരിക്കുന്നു .ഇന്ന് ഓണം നവീനമായി അതിന്റേതായ സൗകര്യങ്ങളോടെ പാക്കറ്റിലോ അല്ലാതെയോ ഒക്കെ ആഘോഷിക്കുന്നു .പഴയ ഓണത്തിന്റെ മാധുര്യം പഴയവർക്കുള്ളതാണ് അതായത് ഓണം എന്ന ആഘോഷം മഹാബലിയെ നല്ലൊരു രാജാവിന്റെ നന്മയുള്ള ഭരണത്തിൻ കീഴിൽ പ്രജകൾ ഒരേപോലെ വാണ നാളിനെ ഓർമ്മപ്പെടുത്തുന്നതാണെങ്കിൽ ഇന്നത്‌ അപ്രാപ്യമായ കാര്യമാണ് .മഹാബലിയോടൊപ്പം തന്നെ താഴ്ത്തപ്പെട്ടു പോയി നാടിന്റെ ഒരുമയും പെരുമയും .ഇപ്പോൾ അവനവൻ അവനവനിൽ ആഘോഷിക്കപ്പെടുന്നു .ഓണമെന്നത് എല്ലാവരും ചേർന്ന് ആഘോഷിക്കുന്ന പാട്ടുപാടുന്ന പുലികളിക്കുന്ന തിരുവാതിര ആടുന്ന വസ്ത്രങ്ങൾ വാങ്ങിക്കൂട്ടുന്ന മത്സരങ്ങൾ പൊടിപൊടിപ്പിക്കുന്ന അങ്ങനെയങ്ങനെ എന്നിയാലൊടുങ്ങാത്ത അനേകമനേകം കാര്യങ്ങളുടെ വെടിവട്ടമാണ് ഇന്ന് .ഇവിടെ ഒട്ടിയ വയറുമായി വയറുനിറയെ തിന്നാൻ ഓണം വരാൻ കാത്തിരിക്കുന്ന ആരുമില്ല ഭിക്ഷക്കാർ പോലും !

നെല്ലുകൊയ്ത് അറനിറച്ച് പാട്ടക്കാർക്കും തൊഴിലാളികൾക്കും ഓണപ്പുടവയും നെല്ലും അരിയും കൊടുക്കാൻ ഇന്ന് ആരിരിക്കുന്നു .പത്തുവർഷം കൂടിക്കഴിയണമോ നമ്മുടെ വയലുകൾ മുഴുവൻ അപ്രത്യക്ഷമാകാൻ ? ഓണ നിലാവിൽ കൊയ്തൊഴിഞ്ഞ വയലേലകളിൽ കൂട്ടം ചേർന്ന് കളികളും പാട്ടും തിരുവാതിരയും ആടാൻ ആരുപോകും ഇനി ?ഓണത്തുംബിയും കൂട്ടുകാരികളും ഇനി ആര് ആടിപ്പാടും ?വലിയ എത്താക്കൊമ്പിൽ ഊഞ്ഞാലുകെട്ടി കൂട്ടം ചേർന്നാടാൻ എത്രകുട്ടികൾ മത്സരിക്കും ?പതിനെട്ടു കൂട്ടം കറികൾ നിരത്താൻ എത്ര അടുക്കള തയ്യാറാകും ?നെയ്പ്പായസവും ,പാലടയും,പ്രഥമനും പരിപ്പുപായസവും ആരൊക്കെ വിളമ്പും ? പഴയകാലത്തിന്റെ പഴകിയ നിറം മങ്ങിയ ഇത്തരം ഓണവിചാരങ്ങൾ പോലും ഇത്തലമുറയോടെ ബോറടിപ്പിക്കുന്ന വെറും പഴംബുരാണങ്ങളിലെയ്ക്ക് വഴിമാറിപ്പോകും .പക്ഷെ ഓണം എന്ന ബ്രാൻഡ്‌ ന്യൂ അത്തപ്പൂക്കളങ്ങളും ആഘോഷങ്ങളും കൂടിക്കൂടി വരും .റെഡിമൈഡ് ആയി നിങ്ങള്ക്ക് അമ്മയെ വരെ കിട്ടും .ലോകമെങ്ങും ഓണം ആഘോഷിക്കും .മലയാളികളായ മലയാളികൾ എല്ലാം പത്തുദിവസത്തിലൊന്നെങ്കിലും കസവു നേര്യതും മുണ്ടും അണിയും .ഇഷ്ടമില്ലെങ്കിലും മുല്ലപ്പൂ വയ്ക്കും .ഡാൻസറിയില്ലെങ്കിലും കൈകൊട്ടിച്ചാടും .പുരുഷന്മാർ ഒത്തുകൂടി വെടിവട്ടം വച്ച് കള്ളടിക്കും .ക്ലബ്ബുകൾ തമ്മിൽ മത്സരിക്കും .ഓടും ചാടും കബഡി കളിക്കും .എല്ലാം പത്തുദിവസം കൊണ്ട് അവസാനിക്കും .പിന്നെ എല്ലാവരും പഴയപോലെ മിണ്ടാതെ ആപ്പീസിൽ പോകും .തൊഴില ചെയ്യും ,മടിപിടിച്ച് വീട്ടിലൊളിക്കും കണ്ടാൽ ചിരിക്കാതെ ഒഴിഞ്ഞുമാറും അയൽക്കാരികൾ കുശുമ്പ് കുത്തും .പുരുഷന്മാർ തനിക്കുതാന്പോരിമയോടെ അപരനെ നോക്കി പരിഹസിച്ചു ചിരിക്കും .മാലോകരെല്ലാരും ഒന്നുപോലെ ഒരിക്കലുമാകില്ലെന്നു മനസ്സിൽ ആഞ്ഞുറപ്പിക്കും .അപ്പോൾ പിന്നെ നമ്മളെന്തിനാണ് ആഘോഷിച്ചത് ?!

കളങ്കമില്ലാത്തൊരു  രാഷ്ട്രത്തിനായി നമുക്കിനിയൊരു ഓണമെ ഇല്ല .നന്മ നിറഞ്ഞൊരു സാഹോദര്യത്തിലെയ്ക്കായി നമുക്ക് ജനതയെ ഇല്ല .അപ്പോൾ നമ്മിലെ നമ്മളെ നന്നാക്കുവാനെ കഴിയുകയുള്ളൂ .അതുകൊണ്ടുതന്നെ അവനവനിൽ ചുരുങ്ങുന്ന ആഘോഷങ്ങൾ ഒരു പരിധിവരെ നല്ലതാണ് .ഓണത്തിന്റെ മൂല്യം എന്താണെന്ന് പറഞ്ഞു മനസ്സിലാക്കുന്ന നല്ല ഗുരുജനങ്ങൾ നമ്മുടെ കുഞ്ഞുങ്ങൾക്ക്‌ വേണം .ബോധ്യത്തോടെ സാമുദായിക സ്പർദ്ധ തെല്ലുമേശാതെ വേണം നമ്മുടെ കുട്ടികൾ ആഘോഷങ്ങൾ പങ്കുവയ്ക്കാൻ .ഓരോ ആഘോഷങ്ങളുടെയും ആവശ്യകതയ്ക്ക് അർഥങ്ങൾ ഉണ്ടായിരിക്കണം അല്ലെങ്കിൽ ആഘോഷങ്ങളെ വേണ്ടെന്നു വയ്ക്കണം .കാരണം സമ്പത്ത് കാണിക്കുവാനോ പാരിസ്ഥിതിക മൂല്യ ചോഷണം വരുത്തുന്നതോ ആയ ആഘോഷങ്ങളെ കൂട്ടിവച്ചിട്ട് എന്ത് നന്മയാണ് സമൂഹത്തിനു ലഭിക്കുന്നത് ?ഓരോ വ്യക്തിയിലും നന്മ നിറയുബോഴേ ഓണം സംജാതമാകുന്നുള്ളൂ .അല്ലാത്തതെല്ലാം വെറും നിറച്ചാർത്തുകൾ മാത്രമാണ് .മലയാളിക്ക്‌  സമ്പത്തിന്റെയും മൂല്യങ്ങളുടെയും ആദർശത്തിന്റെയും വലിയ വില നല്കിയ മഹാനായ ചക്രവർത്തിയുടെ പേരെങ്കിലും ഒർമ്മയിലുള്ളോരു ഓണമാകട്ടെ ഇത്തവണ എല്ലാവരും ആഘോഷിക്കുന്നത് .മൂല്യത്തോടെയുള്ള സഹജീവി സ്നേഹത്തോടെയും പാരസ്പര്യത്തോടെയുമുള്ള ഒരോണം .


Monday, September 1, 2014

സ്നേഹത്തിന്‍റെ പരിമളം!

നമ്മുടെ അഭിപ്രായം എന്നത് ഒരു പരിധി വരെ മറ്റുള്ളവരുടെ അഭിപ്രായം ആകുന്നിടത്തുകൂടിയാണ് ഇന്ന് ലോകം ഒഴുകുന്നത്‌ .ഒരാളെപ്പറ്റി നമുക്കറിയുന്ന അറിവില്‍ക്കൂടിയല്ല പലപ്പോഴും അളക്കപ്പെടുന്നത് .മറ്റൊരാള്‍ കൊള്ളില്ല എന്ന് പറഞ്ഞാല്‍ അതുശരിയായിരിക്കും കൊള്ളില്ല എന്ന് നമ്മള്‍ തീരുമാനിക്കും .അയാള്‍ ഒരു പിശക് കേസാണ് എന്ന് സ്ത്രീകളോട് ആരെങ്കിലും പറഞ്ഞാല്‍ ഓളിയിട്ട് അവരോന്നാകെ ഓടിപ്പോകും ,എന്നാല്‍ അയാള്‍ ഇന്നലെവരെ നമ്മോടു മര്യാദയോട് കൂടി പെരുമാറിയ ഒരാള്‍ ,സ്നേഹത്തോടെ ആദരവോടെ പെരുമാറിയ ഒരാള്‍ ആണല്ലോ എന്നുപോലും ചിന്തിക്കാതെ അയാള്‍ക്ക് സ്ത്രീലംബടന്‍ എന്ന സ്ഥാനപ്പേര് നല്‍കി നാലാളോട് പറയും "ഹോ ഞാന്‍ അയാളെ കണ്ടിട്ടേയില്ല ,എനിക്കയാളുടെ പേര് കേള്‍ക്കുമ്പോഴേ അറപ്പാ ..വൃത്തികെട്ടവന്‍ " അതോടെ അയാളുടെ പരിവേഷം മാറുകയാണ് .അതുപോലെ എല്ലാകാര്യവും നമ്മള്‍ മാറ്റി മറിക്കും .ഒരു ഗുരുത്വവും ഇല്ലാത്തവര്‍ ബഹുമാന്യര്‍ ആകും .മക്കളായി സ്നേഹിച്ചവരേ അപരിചിതരെപ്പോലെ ആട്ടി നിര്‍ത്തും ,തുക്കടാ എഴുത്തുകാര്‍ മഹാ കവികള്‍ ആകും ,രാഷ്ട്രീയക്കാര്‍ മന്ത്രിമാര്‍ ആകും ,മാനം നോക്കി നടന്നവര്‍ ശാസ്ത്രഞ്ജര്‍ ആകും .ചെറു കിളികള്‍ മഹാ ഗരുഡന്‍മാര്‍ ആകും ലോകം കേഴ്മേല്‍ മറിയും അതിന്നിടയിലൂടെ മഹാമേരുക്കളായ ചിലര്‍ തല ഉയര്‍ത്തിത്തന്നെ നടക്കും .മഹാസാത്വികാരായ ചിലര്‍ പാദം മണ്ണില്‍ ചവുട്ടി ആരെയും നോവിക്കാതെ നമുക്കിടയിലൂടെ നടന്നു തന്നെ പോകും .അതിന്നര്‍ത്ഥം അവര്‍ അവരിലൂടെ ജീവിക്കുന്നു എന്നത് തന്നെയാണ് !എല്ലാ ബന്ധങ്ങളും നിലനില്‍ക്കുന്നത് വിശ്വാസങ്ങളില്‍ ഊന്നിയാകുമ്പോള്‍ നമ്മുടെ വിശ്വാസം നമ്മുടെ തൊലിപ്പുറമേ അന്യര്‍ വാരിപ്പൂശുന്ന സുഗന്ധം ആകാതിരിക്കട്ടെ ,അത് ഉള്ളിന്റെ ഉള്ളില്‍ നമ്മോടു മറ്റുള്ളവര്‍ തന്ന സ്നേഹവും ബഹുമാനവും പരിഗണനയും തൊട്ടറിഞ്ഞതാകട്ടെ !അപ്പോള്‍ നമ്മുടെ ലോകം കീഴ്മേല്‍ മറിയുന്നതും നമുക്ക് ചുറ്റും നന്മയുടെ പൂക്കള്‍ വിരിയുന്നതും കാണാം .നാമതില്‍ വെറുതെ ഇരുന്നാല്‍ മതി പൂക്കള്‍ നമ്മളെ സ്നേഹത്തിന്‍റെ പരിമളത്താല്‍ മൂടും !