Sunday, August 31, 2014

നിന്ദിക്കുന്നവരെ നമ്മൾ വന്ദിക്കണമൊ ?പ്രൌഡിയുടെ പേരിൽ ..സാമൂഹിക രാഷ്ട്രീയ സമ്പദ് പദവികളുടെ പേരിൽ ,വയസ്സിന്റെ കാര്യത്തിലും  വെള്ളിവെളി ച്ചത്തിലും ഉയർന്ന ഒരാളെ അയാൾക്ക്‌ അൽപ്പം പോലും വകതിരിവോടെ പെരുമാറാൻ / സഹജീവിയോടു കരുണയോടെ പെരുമാറാൻ അറിയില്ലെങ്കിൽ അയാളെ ആദരിക്കണോ ? അയാളെങ്ങനെ ആദരണീയനായ മഹാനാകും ! അങ്ങനെ എത്ര ആദരണീയരാണ് അരങ്ങുകളും ഭൂമിയും വാഴുന്നത് !

Tuesday, August 26, 2014

നന്മ മരം അഥവാ കൂട് !

കൂട് പ്രകൃതിയുടെ പരിച്ഛേദമാകുന്നത് എങ്ങനെയെന്ന് രണ്ടു ദിനങ്ങളിലൂടെ അനുഭവിപ്പിച്ചു തന്നു നന്മ മരം അഥവാ കൂട് മാഗസിന്റെ ചിമ്മിനിയിലെ സൗഹൃദക്കൂട്ടായ്മ .വെറുമൊരു കൂട്ടായ്മ ആയിരുന്നില്ല അത് .പ്രകൃതിയിലേയ്ക്കുള്ള വഴിയിലെ നനവുകൾ ഇനിയും വറ്റിയിട്ടില്ല എന്നതിന് തെളിവായിരുന്നു .ഓരോ ക്ലാസ്സുകളും നമ്മെ സ്നേഹപൂര്വ്വം ഓർമ്മപ്പെടുത്തിയത്‌ നമ്മുടെ ധർമ്മങ്ങൾ മാത്രമായിരുന്നു .നാം തന്നെയാണ് പ്രകൃതി എന്നുള്ള തിരിച്ചറിവിലേയ്ക്കു മടങ്ങാൻ നമ്മെത്തന്നെ പ്രേരിപ്പിക്കുന്ന കൂട്ടായ്മ .

അഭിമാനത്തോടെ പറയട്ടെ ചിമ്മിനി വന്യജീവി സങ്കേതത്തിലെ രണ്ടുനാൾ തികച്ചും അർത്ഥവത്തായിരുന്നു .ക്ലാസ്സുകൾ തന്ന ഗുരുനാഥന്‍മാര്‍ക്കും,കേരത്തിലെ പ്രമുഖരായ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും,  വനം കാണുവാൻ അവസരം ഒരുക്കിത്തന്ന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുംപങ്കെടുത്ത ഓരോരുത്തർക്കും ,ശുദ്ധ സംഗീതത്തിന്‍റെ മാന്ത്രിക വിരലാല്‍ സംഗീതം മീട്ടിയ പോളി വര്‍ഗ്ഗീസിനും മാത്രം നന്ദി പറഞ്ഞാൽ മതിയാകില്ല .കൂടിന്റെ ഓരോ ജീവനാഡികൾക്കും അതിന്റെയൊക്കെ ആത്മാവായ വിസ്ഫോടനാത്മകമായ നിശബ്ദത ഓരോരുത്തരിലെയ്ക്കും അതിന്റെ മുഴുവൻ അന്തസത്തയോടെയും അന്തസ്സോടെയും മനസ്സിലാക്കിത്തന്ന മുരളിയേട്ടനും കൂടിയുള്ളതാണ് .ഓരോ പരിസ്ഥിതി പ്രവർത്തകരും നമുക്ക് നല്കുന്നത് വെറും വാക്കുകളല്ല നമ്മുടെ നിലനില്പ്പിന്റെ അർത്ഥമാണല്ലോ എന്ന് പങ്കെടുത്ത ഓരോ വ്യക്തിയും ചിന്തിച്ചു പോകും .ആ ചിന്തയാണ് നാളെ നമ്മെ പൊതിഞ്ഞു പിടിക്കുന്ന പ്രകൃതിയ്ക്ക് നാം തിരിച്ചു നൽകേണ്ടുന്ന നന്മയും വളവും എന്ന് ഞാൻ തിരിച്ചറിയുന്നു .

കാടിലെയ്ക്ക് പ്രകൃതിയിലേയ്ക്കു ഏറ്റവും നിർമ്മലമായ മനസ്സോടെ ശരീരത്തോടെ നിശബ്ദരായി പ്രകൃതിയുടെ ശബ്ദം ശ്രവിച്ച് സ്നേഹിച്ച് കടന്നു ചെല്ലണമെന്ന് പ്രകൃതിയുടെ ഉള്ളറിഞ്ഞ എൻ എ നസീർ പറഞ്ഞപ്പോൾ ഒരുവേള എന്നിൽ ഉണർന്നത് മാറ്റത്തിന്റെ കൊടുങ്കാറ്റായിരുന്നു .പുലർകാലേ കുളിച്ച് കുറിയിട്ട് ക്ഷേത്രത്തിലെയ്ക്കല്ല പ്രകൃതിയിലെയ്ക്കാണ് കടന്നു ചെല്ലേണ്ടത് എന്നുള്ള തിരിച്ചറിവാണ് ആ വിസ്ഫോടനത്തിന് പാത്രമായപ്പോൾ എനിക്ക് കിട്ടിയ പാഠം .ക്ഷേത്രത്തിലെ പൊരുൾ പ്രകൃതിയുടെ ഏറ്റവും ഉറവിലാണ് കുടികൊള്ളുന്നതെന്ന ആപ്തവാക്യമായ വസുധൈവ കുടുംബകം സാർത്ഥ കമാകുന്നതു അങ്ങനെ തന്നെയാണ് .പ്രകൃതിസ്നേഹികള്‍ക്ക് പ്രകൃതിയെ ആസ്വദിക്കാൻ മാത്രമല്ല പരിപാലിക്കാൻ കൂടിയാകണം എന്നത് സ്വ ശരീരത്തിലൂടെ മാത്രം നടത്തേണ്ടുന്ന ഒരു പ്രക്രിയ ആകുമ്പോൾ, നാം നമ്മുടെ മനസ്സും ശരീരവും അർപ്പിക്കേണ്ടത്‌ പ്രകൃതിയെ സ്നേഹിച്ചു പരിപാലിപ്പിച്ച് പരിപോഷിപ്പിച്ചു തന്നെയാകണം .

എത്ര സുന്ദരമാണ് പ്രകൃതിയുടെ സംഗീതം !കാട്ടിലൂടെ കാറ്റിലൊഴുകിവരുന്ന ചൂളക്കാക്കളുടെ ചൂളം വിളികൾ ,അരുവിയോഴുകുന്നത്‌ ..ഇലച്ചാർത്തുകളുടെ മർമ്മരങ്ങൾ,മരത്തോടും പാറയോടും തണുപ്പിനോടും ഒട്ടിനില്ക്കുന്ന ഇഴജന്തുക്കൾ ,വർണ്ണ ശലഭങ്ങൾ ,കാട്ടുപഴങ്ങൾ ,ഇലയനക്കത്തിൽ തുള്ളിക്കുതിച്ചോടുന്ന മാനും മുയലും മറ്റനേകം ജന്തുജാലങ്ങളും ,പായലുകൾ ,മരുന്ന് ചെടികൾ ,ഹരിത നിരകൾ ,കുന്നുകൾ ,പാറകൾ എന്നിങ്ങനെ കണ്ടാലും അറിഞ്ഞാലും ,ശ്വസിച്ചാലും തീരാത്ത എത്രയെത്ര കാഴ്ച്ചകൾ ,അനുഭവങ്ങൾ ..!കാടിനെയറിഞ്ഞാൽ ഒരുപക്ഷെ നാടിനെ സ്നേഹിക്കാനാകാത്തവിധം മാസ്മരിക സൗന്ദര്യമാണ് പ്രകൃതി ഒളിപ്പിച്ചിരിക്കുന്നത് .പക്ഷെ നാം അവയെ സ്നേഹിച്ചാരാധിക്കണം .അതിസുന്ദരിയായ ഒരു സ്ത്രീയെ ആരാധിക്കും പോലെ ..അവളിലെ മായക്കാഴ്ച്ചകൾ മറനീക്കി തികച്ചും ലാവണ്യമായി മുഗ്ദ സൗന്ദര്യമായി അനുഭൂതിയായി നമ്മിൽ നിറയണമെങ്കിൽ !അതിൽ വീണ് എന്നെന്നേയ്ക്കുമായി ആത്മനിർവൃതി അടഞ്ഞ് സ്വാസ്ത്യം നേടുവാൻ . 

Tuesday, August 19, 2014

മഴയുരുകിത്തീർന്ന നാട്ടുവെയിലിൽ
കാട്ടുചെടി ഉയിർകൊള്ളും ഓണവെയിലിൽ
ഒരുപാട്ട് പാടാമോ ഓലേഞ്ഞാലി കൂടെ
ഇളവെയിലേൽക്കാമൊ  കൂട്ടുകാരീ ..

Monday, August 18, 2014

ഒന്നുകൂടി വായിച്ചു നോക്കുമ്പോൾ
ഇഷ്ടം നഷ്ടപ്പെട്ടൊരു കവിതയാണ് ഞാൻ !

Friday, August 8, 2014

പ്രായം പരാതിയില്ലാത്തൊരു ഓട്ടക്കാരനാണ്
അണച്ചുവെന്നോ മടുത്തുവെന്നോ
വെള്ളം വേണമെന്നോ പറയാതെ
ഒരേയൊരിക്കൽ മാത്രം ഓട്ടം നിർത്തുന്നവൻ !

Monday, August 4, 2014

ചില മറവികൾക്ക് മുൻപിൽ
മുട്ടുകുത്തിയിരുന്ന് പ്രാർഥിക്കുകയാണ്
ചിലയോർമ്മകൾ ..
വീണ്ടും ഓർക്കല്ലേ ഓർക്കല്ലേയെന്ന് ..

Saturday, August 2, 2014

ഒരു വീട്ടിൽ അഥിതിയായി ചെന്നാൽ ആ വീട്ടിലെ വീട്ടമ്മയെ പരിഗണിക്കുന്നവർ എത്ര പേരുണ്ടാകും .അതായത് an intelligence quotient ഒക്കെ അവിടെ നിൽക്കട്ടെ .അവരെ പിന്നീട് ഓർത്ത്‌ ഒന്ന് ഫോണ്‍ ചെയ്യുന്നവർ എത്ര പേരുണ്ടാകും ?അവരുടെ ഏറ്റവും നിസാരമായ പുളിശ്ശേരിയെയും കടുമാങ്ങയെപ്പറ്റിയും ഒരിക്കലെങ്കിലും ഓർക്കുന്നവർ എത്ര പേരുണ്ടാകും ?എന്തിനു സ്നേഹപൂർവ്വം അവരെ ഒരിക്കലെങ്കിലും എന്റെ വീട്ടില് വന്ന് ഒരുനേരം ഭക്ഷണം കഴിക്കണം എന്ന് പറഞ്ഞു കൊണ്ടുപോകുന്നവർ എത്ര പേരുണ്ടാകും ? ഗൃഹനാഥനെയും ആ വീട്ടിലെ കുട്ടികളെയും ഡോബർമാൻ പട്ടികളെയും വാഴ്ത്തുന്ന കൂടത്തിൽ ആ വീട്ടിലെ വെള്ളം നനഞ്ഞു വെള്ളം നനഞ്ഞു കൈയ്യിലെ മുഴുവൻ തൊലിയും പോയി നീറിനീറി നിൽക്കുന്ന ചില പാവം പെണ്‍രൂപങ്ങളെപ്പറ്റി ഓർക്കുന്നവർ തന്നെ എത്രപേരുണ്ടാകും ?? (ഇത്ര പോലും ഓർക്കാത്തവരാണ് സർക്കാരിന്റെ നയം മാറ്റണമെന്ന് ഉത്ഘോഷിക്കുന്നതും പെണ്‍ശാക്തീകരണം എന്ന് അലമുറ ഇടുന്നതും !കഷ്ടം !)

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...