Tuesday, May 7, 2013

പൂക്കൾ കൊഴിഞ്ഞപ്പോൾ
വിശന്നു പൊരിഞ്ഞൊരു വണ്ട്‌
കലി കയറി വരുന്നുണ്ട് ..!
പൂങ്കുലയിൽ ഇനി വിടരാത്ത
ചില മൊട്ടുകൾ, വിടരുമ്പോൾ
പടരുന്ന പൂമണത്തെ
സ്വപ്നം കാണുന്നുമുണ്ട് ..!


Sunday, May 5, 2013

ഉയിർ !


കനൽ കെടുത്തി വന്ന മഴ
ഉയിരുണർത്തി ഒഴുകിപ്പോയ് !

മുളപൊട്ടിയ മണ്‍മണത്തിൽ
കണ്ണുകെട്ടിയൊരു കുട്ടിക്കാലം,
അവിടെപ്പരതി ഇവിടെപ്പരതി
അമ്മയുടെ ഉറിയിൽ വരെ
 എത്തിനില്ക്കുന്നു!
പത്തായപ്പുരയിലെ നെല്ലിൽ
പൂഴ്ന്നിരിക്കുന്നു ഒരു കുപ്പി
വാറ്റു നെല്ലിക്കാരിഷ്ടം !
കുട്ടികൾ കൂട്ടത്തോടെ മത്തു-
പിടിച്ച നെറികെട്ടവന്മാരായി
കറങ്ങിക്കറങ്ങി പത്തായപ്പുരയിൽ
തന്നെ വീണുറങ്ങുന്നു !!

എന്റെ മകനെവിടെ ??മകളെവിടെ ??
കൊച്ചുമക്കളെവിടെ ??
ഉണ്ണീ ..അമ്മൂ ..കണ്ണാ..കുട്ടാ ...!!!
വീണുറങ്ങിയ നെറികെട്ടവരെത്തഴുകി
കുറേ പേരുകൾ മാറിമാറി
ഉമ്മവയ്ക്കുന്നു  !
നടുത്തളം അലമാരി,വരാന്ത,
കിണർ, കുളം, അമ്പലത്തറ !
ആട്ടുകല്ല്, കുഴികല്ല്, അമ്മിത്തറ ..
അയല്പക്കം, കാവ് ..നാടോടികൾ ..
എല്ലാം കടന്നീ പേരുകൾ പാറി
നടക്കുന്നു !തമ്മിൽതമ്മിൽ കണ്ണിറുക്കുന്നു..
താന്തോന്നികൾ !

പത്തായപ്പുരയിലെ എടുപ്പുകല്ലുകൾ
താണ്ടി വടക്കേലെ മൂശാര്യേട്ടൻ
എത്തിനോക്കുമ്പോൾ ഒഴിഞ്ഞ
നെല്ലിക്കാരിഷ്ടക്കുപ്പി ഇഷ്ടക്കേടോടെ
പുലമ്പി : നാശം ന്റെ കെട്ടു വിട്ടില്യാശാനെ !
കുട്ട്യേടത്തീ ..അമ്മിണിയേച്ചീ..കുട്ടന്റമ്മെ.....!!
പുതിയ പേരുകൾ കാറ്റത്തു
പരവേശത്തോടെ പാഞ്ഞു കളിച്ചു !

തൂക്കിയെടുത്തു കുളിപ്പുരയിലിട്ടു
നാല്  അസുര വിത്തുകളെ !
കളിച്ചു കളിച്ചു വീശാനും തുടങ്ങ്യോ
ഇവറ്റൊൾ ! മൂശാര്യേട്ടൻ മൂക്കത്ത്
വിരൽ വച്ച്... !
തലമണ്ട വഴി തണുതണുത്ത
ധാര കോരിക്കൊണ്ട്-   
മിണ്ടാണ്ടിരുന്നോളൂ കുട്ട്യോൾ
വീശീതും കീശീതുമല്ല
അവറ്റൊൾ ഒളിച്ചു കളിച്ചു അത്രന്നെ-അമ്മമ്മ !
അത്രന്നെ-മൂശാര്യെട്ടൻ !

അമ്മമ്മയെ കെടുത്തി അണച്ച്
ഒരുപാടോർമ്മകളെ നനച്ചു-
ണർത്തി ഉയിർ ചൊരിഞ്ഞ് മഴ!

Wednesday, May 1, 2013

സുഹൃത്ത് മനോജ്‌ മേനോൻ എന്നോട് പറഞ്ഞു അർഹിക്കുന്ന വായന എന്റെ കവിതകൾക്ക് കിട്ടിയിട്ടില്ല എന്റെ കവിതകൾ കാണപ്പെടാതെ പോകുന്നു എന്ന് ,കവിതകൾ കവി സച്ചിദാനന്ദന് അയച്ചു കൊടുക്കൂ എന്ന് പറഞ്ഞപ്പോൾ,'സച്ചിദാനന്ദനൊ....!!' എന്നൊരു പേടിയുടെ മുട്ടൻ മല എന്റെ തൊണ്ടയിലിരുന്നു ഞെരുങ്ങി കഷ്ടപ്പെട്ട് കമ്പ്യൂട്ടർ വഴി ടൈപ്പ് ടൈപ്പ് ആയി പുറത്തേയ്ക്ക് വന്നു !മനോജിനു തെല്ലും സംശയം ഇല്ലാരുന്നു ,അദ്ദേഹം തീർച്ചയായും നോക്കും എന്ന് കൃത്യതയോടെ പറഞ്ഞപ്പോൾ  സംശയം മുന്നിൽ നിർത്തി ഞാൻ 4 കവിതകളുടെ ലിങ്ക്കൾ അദ്ദേഹത്തിന് ഇന്നലെ രാത്രി അയച്ചു ,തീര്ത്തും നിസ്സംഗമായിട്ടു തന്നെ !ഇന്ന് നേരം വെളുക്കുമ്പോൾ തന്നെ എന്റെ മനസ്സ് എന്നോട് പറഞ്ഞു:നോക്ക് മെയിൽ നോക്ക് നിന്നെത്തേടി ഒരു മറുപടി ഇരിക്കുന്നു എന്ന് !പക്ഷെ പനിച്ചെരിയുന്ന എന്റെ കുഞ്ഞു ചെമ്പകത്തിനെ മടിയിലിരുത്തി ഞാൻ എഴുത്തുകൾ നോക്കുമ്പോൾ സമയം ഉച്ച തിരിഞ്ഞ് 2 !ഉവ്വ് ഉണ്ടായിരുന്നു എനിക്ക് വലിയ എവറസ്റ്റ്റ് പോലൊരു സന്തോഷം തരുന്ന  മറുപടി ! ആ മറുപടി തന്നെ എന്നെ സംബന്ധിച്ച് വളരെ വലുതാണ്‌ .കാരണം അതിലെ ഉള്ളടക്കത്തെക്കാളുപരി ആ കവിതകൾ അദ്ദേഹം വായിച്ചു എന്നതാണ് എനിക്ക് കിട്ടിയ ഏറ്റവും സന്തോഷമുള്ള കാര്യം !

അനിത,
കവിതകളിലെ വേദനയും ഗൃഹാതുരത്വവും സ്വാഭാവികമായി തോന്നി.നല്ല കവിത്വം. കവിതകൾ ഒന്ന് കൂടി മന്സ്സിരുത്തി വായിക്കൂ, അപ്പോൾ ചില വരികൾ, ബിംബങ്ങൾ, ഇല്ലെങ്കിലും സംവേദനം പൂർണ്ണം ആകും എന്ന് മനസ്സിലാകും.
ആശംസകൾ.
സ്വന്തം സച്ചിദാ.

 സമകാലീന കവികൾ ഒരു പ്രത്യേക ഗ്രൂപ്പിനുള്ളിൽ ആണ് പരസ്പരം അന്ഗീകരിക്കുന്നത് ,അതിനപ്പുറവും ഇപ്പുറവും ഉള്ളതിനെ കാണുകയോ കണ്ടാൽ തിരിച്ചറിയുകയോ നല്ലതെന്ന് തോന്നിയാൽ പോലും അതിലെ തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയോ നന്ന് എന്നൊരു വാക്ക് പറയുകയോ ഇല്ല എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട് !നല്ലതും മനസ്സിന് പിടിച്ചതും കാണുമ്പോൾ ഒന്നും നോക്കാതെ നന്ന് എന്ന് പറയാൻ ഞാൻ മറക്കാറില്ലെന്നത് എന്റെ നല്ല ഗുണമായിട്ടു തന്നെ ഞാൻ കാണുന്നു ! മനോജ്‌ വെറുതെ അല്ല താങ്കളുടെ വരികൾ ആളുകളിലെയ്ക്ക് ആഴത്തിൽ എത്തുന്നത് ..നന്ദി !

എത്ര ഉന്നതിയിലെത്തിയാലും വിനയം വിടാത്തൊരു മനസ്സും സഹൃദയത്വവും കൂടെ നിർത്തുന്ന ഈ മഹാനുഭാവാൻമാരെ കാണുമ്പോൾ എന്നെപ്പോലുള്ള ഉറുമ്പുകൾ പാടും:

എംദരോ മഹാനുഭാവുലു അംദരികീ വംദനമുലു
ചംദുരൂ വര്ണുനി അംദ ചംദമുനു ഹൃദയാരവുംദമുന
ജൂചി ബ്രഹ്മാനംദമനുഭവിംചു വാരെംദരോ മഹാനുഭാവുലു...

Saturday, April 27, 2013

ഉമ്മ !


രക്തക്കുഴലുകളിൽക്കൂടി വേദനകൾ
ഒഴുകുന്നവർക്കായി .. !
വേദനകൾ അണുവണുവായി
ഓരോ രോമകൂപത്തെയും
ഉമ്മവയ്ക്കുമ്പോൾ പൊട്ടിക്കരയുന്ന
ഓരോ കുഞ്ഞു വാവകൾക്കുമായി.. !
വേദനകൾ ചീഞ്ഞളിഞ്ഞ്‌
നാറ്റം വമിച്ച് ആരാലും
വേണ്ടാത്തവർക്കായി ..!
വേദനകൾ നെഞ്ഞിലേറ്റി
ആരെയും ഉണർത്താതെ
തേക്ക് പാട്ട് മൂളി കണ്ണീർ
പൊഴിക്കുന്നവർക്കായി..!
വേദനയുടെ പടം പൊഴിച്ചിട്ടു
മിനു മിനുത്ത ഓർമ്മകൾ സമ്മാനിച്ചിട്ട്
കടന്നു കളഞ്ഞവർക്കായി .. !
ഒരുമ്മ .. നെറ്റിയിലോ
കവിളിലോ .. കണ്ണിലോ
ആത്മാവിലോ ഓർമ്മയിലോ.. 
എവിടെ വേണമെങ്കിലും
ചാർത്താൻ ഒരു പൊന്നുമ്മ !

Wednesday, April 24, 2013

എന്തൊരു ചൂടാണീ  പെയ്യുന്നത് !!  എപ്പോൾ  ഇതൊന്നു തോർന്നൊരു  മഴ തെളിയും !!?

Sunday, April 21, 2013

നിറങ്ങളുടെ, ആനകളുടെ ,ആഘോഷങ്ങളുടെ ,വെടിക്കെട്ടുകളുടെ,മൊബൈലുകളുടെ തൃശ്ശൂർപ്പൂരം !(കുടമാറ്റത്തിനു ഓരോ കുട പൊങ്ങുമ്പോൾ ഓരോ മൊബൈലും പൊങ്ങും ഫോട്ടോ/ വീഡിയോ എടുക്കാൻ )അങ്ങനെ തിരുവംബാടിക്കാരും പാറമേക്കാവുകാരും തമ്മിൽ ഒരു മൊബൈൽ മാറ്റപ്പൂരം കൂടി കൊണ്ടാടി ! ശുഭം !(ഈ ഫോട്ടോ പിടിക്കുന്ന സമയത്ത് ചുറ്റിനും എന്ത് നല്ല കാഴ്ചകൾ ആണെന്നോ നമുക്ക് നഷ്ടമാകുന്നത് അത് മനസ്സിൽ ക്ലിക്കാൻ ആർക്കുണ്ട് നേരം !?)

Wednesday, April 17, 2013

പൂർവ്വിക സ്വത്ത് !


കഴിഞ്ഞ കാലത്തിന്റെ ഒരൊഴിഞ്ഞ
മഷിക്കുപ്പിയിൽ കലക്കി-
വച്ചിരിക്കയാണ് കുറെ ഓർമ്മകളെ !
എന്നോ ഒരു ദിനം ഇന്റെർനെറ്റിന്റെ
വല പൊട്ടിപ്പോകുമ്പോൾ
ഒരു പേനയെടുത്ത് ആ
ഓർമ്മകൾ കൊണ്ട്‌
ഒരു രേഖാ ചിത്രം കോറി വരയ്ക്കപ്പെടും !
ഒരു നൂറ്റാണ്ടു കഴിയുമ്പോൾ
പൂർവ്വിക സ്വത്തായി ആ രേഖകൾ
തൂക്കി വില്ക്കപ്പെടും !
ആ വരകൾ വരച്ച കൈ
ആരുടെതെന്നത് അനുസരിച്ചാവും
ലേലത്തിൽ തുക ഉയരുന്നത് !


ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...