Tuesday, October 30, 2012

ജന്തു !


നീ ജന്തു !നീയും ജന്തു !
അതിന്നിടയിലിരുന്നൊരു ജന്തു ചിലച്ചു
ചില്‍ ചില്‍ ചില്‍..!
രണ്ടു ജന്തുക്കളും ഒരുമിച്ചു നോക്കി  'സത്യം ' !!

രണ്ടു പേരും വാളെടുത്തു
ചുവടു വെച്ചു
ഇടയിലിരുന്നു ജന്തു ചിലച്ചു
 ചില്‍ ചില്‍ ചില്‍..!
രണ്ടു  ജന്തുക്കളും ഒരുമിച്ചു ചൊല്ലി 'സത്യം ' !!

രണ്ടു പേരും വാളുയര്‍ത്തി
ചുഴറ്റി മറിഞ്ഞു
ഇടയിലിരുന്നു ജന്തു ചിലച്ചു
 ചില്‍ ചില്‍ ചില്‍..!
രണ്ടു  ജന്തുക്കളും കണ്ണ് കോര്‍ത്തു  'സത്യം ' !!


രണ്ടു പേരും ആഞ്ഞു വെട്ടി 
ചോര തെറിച്ചു ..
ഇടയിലിരുന്നു ജന്തു ചിലച്ചു
 ചില്‍ ചില്‍ ചില്‍..!
രണ്ടു  ജന്തുക്കളും മനുഷ്യരായി   'സത്യം ' !!

Monday, October 29, 2012

ദൈവമാകുന്നത് !


ചില ജന്മങ്ങള്‍ മരണങ്ങളാണ് ..
പിറന്നു വീഴുമ്പോഴെ മരിക്കുന്നവര്‍..
ചില നേരങ്ങളില്‍
എനിക്ക് എന്നെത്തന്നെ
മരണത്തിന്റെ പതുങ്ങിയ
പുതലിച്ച മണം മണക്കും ..
അതു പിറകില്‍ വരും പോലെ
എന്നെ എന്‍റെ ഉടുപ്പിനെ
പിടികൂടും പോലെ ..
ഒക്കാനിച്ച് തൊണ്ട ഏങ്ങും ..!
ഒരു മരച്ച  ശൂന്യത
അതെന്‍റെ കണ്ണില്‍
കണ്മഷിയെഴുതും..
എന്തിനോ ഞാന്‍ എന്‍റെ
ഹൃദയത്തിലേയ്ക്ക്
സഹതാപത്തിന്റെ
വിത്തെറിയും ..
അതവിടെക്കിടന്നു മുളച്ചു
രക്തത്തിലൂടെ വളരും ..
 എന്‍റെ രക്തം കുടിക്കുന്ന
കൊതുകുകള്‍ സഹതാപത്തിന്റെ
സന്ദേശ വാഹകരാകും ..!
സഹതാപം അന്യര്‍ക്ക് കുത്തി വച്ചു
അവര്‍ വീണു മരിക്കും !!
 അതാണ്‌ ഞാന്‍ പറഞ്ഞത്
ചില ജന്മങ്ങള്‍ മരണങ്ങളാണെന്ന് ..
അങ്ങനെയാണത്രേ ഞാന്‍
മരണമില്ലാത്ത ദൈവമായത് !!



Friday, October 19, 2012

കുറച്ചു ദിവസത്തേയ്ക്ക് ഞാന്‍
അപ്രത്യക്ഷ ആകുന്നു ..
എന്ന് സ്വന്തം ദൈവം...

Thursday, October 18, 2012

കത്തുന്ന പൂക്കള്‍


സന്ധ്യകള്‍ കത്തുന്ന പൂക്കളായ്
ഞാനതില്‍ കത്തിയമര്‍ന്നു പോയ്‌
ചാരമില്ലേതുമേ !!

നീ വരും വീഥിയില്‍
കത്തിത്തളര്‍ന്നു  പോയ്‌
നാമോമനിച്ചു വളര്‍ത്തിയ
മോഹങ്ങള്‍..!

ഏകാന്തതയില്‍ നീ അമ്പരക്കും
ഞാനിതെങ്ങു പോയ്‌ !
പിന്നെന്റെ ഗന്ധമേതായിരു
ന്നെന്നതും..

ഏറെ കറുത്തു കുറുകിയ
രാവിന്‍റെ മാറില്‍ 
നീ പാറി പരതുമെന്നെ !എന്‍റെ
ചൂടു ചുവയ്ക്കുന്ന ചുംബനത്തെ !

 




Wednesday, October 17, 2012


മറയാന്‍ പറക്കുന്ന പക്ഷികള്‍
മനസ്സിന്‍റെ മോഹങ്ങള്‍ ..
എനിക്കിന്ന് പറക്കണം
വിഹായസ്സിന്‍ ഇന്ദ്രനീലത്തില്‍ !
മറന്നുയരണം എല്ലാം
കുടഞ്ഞെറിഞ്ഞെങ്ങോ !

Monday, October 15, 2012

വിധി


അരിയണം നിന്നെയൊക്കെ
എന്‍റെ അക്ഷരത്തിന്‍
വാള്‍ത്തുംബിനാല്‍..പക്ഷെ,
അത് തന്നാകും നിന്‍റെ
വിധിയും മൂഡാത്മാവേ !
പറന്നു പോകും
പക്ഷിക്ക് പോലും കുറ്റം
പൊഴിഞ്ഞു വീഴും മഴ-
ത്തുള്ളിയ്ക്കതും കുറ്റം !
അയല്‍ക്കാര്‍ അരികത്തൂടെ
നടന്നാല്‍ കുറ്റം പിന്നെ,
അവരോ വരാഞ്ഞാല്‍
നീയാണതിന്‍ കുറ്റം !
ഇടുപ്പില്‍ വസ്ത്രം ഇല്ലാഞ്ഞാല്‍ കുറ്റം
ഇനി പൊതിഞ്ഞു ബുര്‍ക്കയിട്ടു
നടന്നാല്‍ ഏറ്റം  കുറ്റം !
വെയിലെറ്റൊന്നു വാടിക്കഴിഞ്ഞാല്‍
കുറ്റം, വെയില്‍ കൊള്ളാതെ-
യകത്തെങ്ങാന്‍ ഇരുന്നാല്‍
ഏറും  കുറ്റം !
ഇടവഴിയില്‍ പൈയ്യെ-
മേയ്ക്കാന്‍ പോയാലോ  കുറ്റം
പിന്നെ മേയ്ക്കാതെ തൊഴുത്തില്‍-
ത്തന്നെ നിര്‍ത്തിയാല്‍ കൊടും കുറ്റം !
നായത് കുരച്ചാല്‍പ്പിന്നെ നിന്നെ ഞാന്‍
കൊല്ലും നായേ ..
കുരയ്ക്കാതിരുന്നാലോ ഊച്ചാളി-
പ്പട്ടിയെന്നതും കുറ്റം !
കണ്ണാടിയൊന്നു നോക്കി
ഒരുങ്ങിയാല്‍ നിന്നെക്കാണാന്‍
ആരിങ്ങു വരുന്നെടീ
എന്നതേ കുറ്റം കുറ്റം !!
ഒരുങ്ങാതിരുന്നാലോ
നായ നക്കിയ മോന്ത!
ആര് കൊണ്ടുപോകാന്‍ -
പ്പോയ് ഒരുങ്ങെടീ ശവീ കുറ്റം  !!
പുസ്തകമെടുത്തങ്ങു
പഠിച്ചാല്‍  നീ കലക്ടറോ !!
ഇല്ലാഞ്ഞാല്‍ വായില്‍നോക്കീ ..
പെരും മണ്ടി,
കുറ്റമേ കുറ്റം കുറ്റം !

ഓടിയാലോ ഓടിപ്പോയി
ചാടിയാലോ ..തല
വച്ചാലോ ..തൂങ്ങിയാലോ..
അയല്‍ക്കാരനൊപ്പം  ചെന്ന്
കൂടിയാലോ..കൂസാതങ്ങ്
തീര്‍ത്താലോ  സ്വയം, അവള്‍...!

അരിയണം നിന്നെയൊക്കെ
അച്ഛനാണത്രേ നിങ്ങള്‍
അമ്മയാണത്രേ ..!ജന്മ ബന്ധമാണത്രേ !!
കൊല്ലാം  ഞാന്‍ എല്ലാരെയും..
വാളിനാല്‍, ഉണങ്ങാത്ത
ചോരയാല്‍ കുറിക്കാം 
നിനക്ക് സ്വാതന്ത്ര്യം കുഞ്ഞേ ..!
പക്ഷെ  നീ പഠിക്കേണം
തനിച്ചുറങ്ങാന്‍..ഉണരാനും..
ചിരിക്കാന്‍ ചിന്തിക്കാനും..
പറക്കാന്‍.. അഷ്ടിക്കു
വകയുണ്ടാക്കാന്‍ പോലും !!
ഇനി ഞാന്‍ കൊല്ലാം
അവരയെന്റെ അക്ഷരത്തിന്റെ 
ചുരികത്തുംബാല്‍ ഇതാ
ഈ നിമിഷത്തില്‍ തന്നെ !










Thursday, October 11, 2012

മൂന്നക്ഷരങ്ങള്‍ !


വെയിലിന്‍ വെള്ളി വിരിച്ച
വഴിയിലൂടെ പ്രണയം
ഒഴുകി വന്ന നാളുകള്‍ ..
നിന്‍റെ ചാരക്കണ്ണുകള്‍
തന്നിട്ട് പോയ കണ്ണുനീര്‍
തുള്ളികള്‍ ..!

മനസ്സിലെ പ്രണയം
അല്‍പ്പം പോലും
നീ കവര്‍ന്നെടുത്തില്ല !
വിങ്ങിവീര്‍ത്തു കല്ലായിപ്പോയ
എന്‍റെ ഹൃദയം !

നമ്മള്‍ പറയാതെ പോയത്
അതിന്റെ നൂറിരട്ടിയായി
ഇന്ന് ഞാന്‍ പറയുന്നു
എന്‍റെ പ്രണയം
അതു കേട്ട് പുഞ്ചിരിക്കുന്നു !

കവിളില്‍ തൊട്ടുപോയ
ചുംബനക്കാറ്റില്‍ ഒഴുകി-
പ്പോയ കുഞ്ഞുകൗമാരം!
ഈറന്‍ മിഴിയാല്‍
ഒഴുക്കിക്കളഞ്ഞ രക്തത്തുള്ളികള്‍ !

ഗുല്‍മോഹര്‍ പൂത്ത പോലെ 
എന്‍റെ കണ്പോള കള്‍!
കാട്ടിലേയ്ക്ക് വലിച്ചെറിഞ്ഞ
നിന്‍റെ പ്രണയക്കുറിപ്പുകള്‍ !
വലിച്ചെറിഞ്ഞിട്ടും
തിരിച്ചു വരുന്ന നിന്റെ
കുനു കുനു നീലയക്ഷരങ്ങള്‍ !
വലിച്ചെറിഞ്ഞാലും  പോകാന്‍
കൂട്ടാക്കാത്ത എന്‍റെ ഹൃദയ-
ത്തുടിപ്പുകള്‍ !

ഒരല്‍പം ചിരിയോടെ
അതിലേറെ ഗര്‍വ്വോടെ 
സമാന്തരം  പറന്ന
രണ്ടു പുല്ലാനിക്കായുകള്‍..
മുള പൊട്ടിയ മൂന്നക്ഷരങ്ങള്‍ !
പ്രണയം !












ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...