Wednesday, October 3, 2012

പൊതിച്ചോറ്


സഹയാത്രികാ
എന്‍റെ മനസ്സു നിറയെ സ്നേഹമാണ്
നിനക്കതു മുത്തു പോലെ കോര്‍ത്ത്‌
മാലയാക്കിക്കൂടെ ?
വേണമെങ്കില്‍ കഴുത്തിലണിയാം
വേണ്ടയെങ്കില്‍ പൊട്ടിച്ചെറിയാം ..
എനിക്കീ സ്നേഹം ഒഴുക്കാനിടമില്ലാത്തത് പോലെ ..
ആഴ്ന്നിറങ്ങാന്‍ അതിനു കഴിയുന്നില്ലല്ലോ !
ഒക്കെ മരവിച്ച കോണ്‍ക്രീറ്റ്
പ്രതലങ്ങള്‍ !!
ചോദിച്ചവര്‍ക്കൊന്നും കൊടുക്കാതെ
ഞാനിത് കൂട്ടിവച്ചത്
ആര്‍ക്കു വേണ്ടിയായിരുന്നു ??
ഞാനീ പൊതിച്ചോറ് വലിച്ചെറിയട്ടെ ??
നീയത് ചെയ്യരുത് ,
എന്ന് പറയില്ലെങ്കില്‍ ?!

 (2002 )












Wednesday, September 26, 2012

നിഴല്‍


എനിക്ക് വെറുപ്പാണ്
അനാവശ്യങ്ങളായ ചോദ്യങ്ങളെ..
ഉത്തരങ്ങളെ..
ഇനിയും മനസ്സിലാകാത്ത
ഉത്തരമില്ലാത്ത സംശയങ്ങളെ !
അവയെ ഞാന്‍ ഒന്നുകില്‍
മൌനത്തിന്റെ കയറില്‍
തൂക്കി കൊല്ലും !
അല്ലെങ്കില്‍ എന്‍റെ ദേഷ്യത്തില്‍
മുക്കിക്കൊല്ലും !
രണ്ടായാലും ഞാന്‍
മരണപ്പെടുന്നൊരു
പാവം ആത്മാവിന്റെ
കറു കറുത്ത നിഴലാണ്!


'ഞാന്‍'

  

നീ എന്‍റെ നല്ല സുഹൃത്തല്ല എന്ന് ഞാന്‍ ഒരു സുഹൃത്തിനോടും
പറഞ്ഞില്ല, അത് കൊണ്ട് തന്നെ കഴിഞ്ഞകാലത്തിന്റെ ഊഷ്മളത
തെല്ലും പോകാതെ ഞാന്‍ നിന്നെയും ഈ ഓര്‍മകളെയും സ്നേഹിക്കുന്നു സുഹൃത്തെ !!
ആര്‍ത്തലച്ച് വന്നു കെട്ടിപ്പിടിക്കാതെ ,തിരിഞ്ഞിരുന്നു കണ്ണിറുക്കി കള്ളം പറയാതെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു സുഹൃത്തേ ..

എന്നും നമ്പര്‍ കറക്കി ഫോണ്‍ വിളിക്കാതെ ,ഓര്‍മകള്‍ക്ക് തെല്ലും
മങ്ങല്‍ കൊടുക്കാതെ ഇന്നും ഞാന്‍ നിന്നെ എന്‍റെ ഭാഗമാക്കുന്നു സുഹൃത്തേ..!

കൂടെ ഇരുന്നു മദ്യപിക്കാതെ ,കൂട്ടിനിരുന്നു പുക വലിക്കാതെ ,കാട് കയറി കാമിക്കാതെ എന്നും ഞാന്‍ നിന്നെ ഓര്‍മ്മിക്കുന്നു സുഹൃത്തേ ..!

നീ ചാണകമെന്നു വിളിച്ചു കൂകിയ ശേഷം
കാണുമ്പോള്‍ നിനക്ക് വേണ്ടി ചാകണം എന്ന് പറയുന്നവര്‍ക്കിടയില്‍
ഞാന്‍ എന്നും മാറ്റമില്ലാത്ത  'ഞാന്‍' എന്ന അഹന്ത ആണെന്ന്
ഒരു പക്ഷെ നീ എന്ന സുഹൃത്തിന്  മന്സിലാകുമായിരിക്കാം !!

Thursday, September 20, 2012

ഓര്‍മ മഴ !!



സ്വപ്നങ്ങള്‍ മഴ പോലെ ..
കണ്ണാടി ചില്ലില്‍ തെറിച്ച
മഴത്തുള്ളി  എവിടെയോ
ഊര്‍ന്നു പോയി !
മഴ നനഞ്ഞ പാവാടയ്ക്കു താഴെ
നിന്‍റെ തുടുത്ത പാദങ്ങള്‍ ..
മുള പൊട്ടുന്ന കര്‍ക്കിടക
കൂണുകള്‍..
കാറ്റില്‍ പാതി പറന്നു
നനഞ്ഞിറങ്ങുന്ന പുല്ലാനി വിത്തുകള്‍ ..
തുള്ളി കുതിച്ചോടുന്ന പശുക്കിടാവ്‌ ..
കണ്ണില്‍ ഇറ്റിക്കാന്‍ 
കണ്ണീര്‍ത്തുള്ളിച്ചെടി..
വയല്‍ വരമ്പിലെ
പച്ചത്തവളകള്‍..
കെട്ടു പിണയുന്ന
നീര്‍ നാഗങ്ങള്‍..
അമ്പലക്കുളത്തിലെ
വഴു വഴുത്ത തണുപ്പ്
ഈറന്‍ മുടി നനച്ച
ലോല നിതംബം ..
പൂക്കുട നിറയെ
മഴ നനഞ്ഞ പൂക്കള്‍ ..
ഇലക്കീറിലെ ഇത്തിരി
ചന്ദനം ..
കാവിലെ കല്ലില്‍
കുതിര്‍ന്ന മഞ്ഞള്‍പ്പൊടി ..
കറുക പുല്ലില്‍ പതിഞ്ഞ
നനഞ്ഞ വഴിത്താരകള്‍ ..
വയല്‍ തിണ്ടിലെ
പരല്‍ക്കുഞ്ഞുങ്ങള്‍..
നനഞ്ഞു നാണിക്കുന്ന
സില്‍വര്‍ ഓക്കുകള്‍..
മണ്ണില്‍ പതിഞ്ഞ
കിളിച്ചുണ്ടന്‍ മാമ്പഴം ..
പുതലിച്ച ചെമ്പക  മരം..പൂത്തുലഞ്ഞ
മുല്ലപ്പൂചെടി ..
  ഹോ !എന്തൊരു
സൌന്ദര്യം
എന്‍റെ ഓര്‍മ മഴേ !!


Friday, August 24, 2012

ആത്മരോദനം -അച്ഛന്‍റെ


ആര്‍ദ്രമാം മനസ്സിന്‍റെ
ആത്മ നൊമ്പരങ്ങളില്‍
അഞ്ചിതള്‍ പൂവായ് നില്പൂ
നിന്‍ പ്രിയ വദനവും ..

ഓമനേ ഓര്‍മ്മകള്‍ തന്‍
ചാരു സിംഹാസനത്തില്‍
നിന്നെ ഞാന്‍ പ്രതിഷ്ഠിച്ച-
തെന്തിനെന്നറിയുമോ ?

അമ്പല മണികള്‍ തന്‍
ഓട്ടിണ മുഴക്കത്തില്‍
ഞെട്ടിയങ്ങുണര്‍ന്നേയ്ക്കാം
നമ്മുടെ ദേവപ്പ്രീതി !

നഷ്ടങ്ങള്‍ മനസ്സിന്‍റെ
പതിഞ്ഞ കോണില്‍ വഴി
ഇടറും പാദം കുത്തി
ഇറങ്ങിപ്പോയീടട്ടെ !

ആര്‍ക്കുമേല്‍ അതിന്ദ്രീയ
ജ്ഞാനമുണ്ടെന്നോര്‍ത്തു നീ തേടി
ച്ചെന്നോ,ഇന്നവള്‍ക്കഹോ 
ജ്ഞാനമേ ഇല്ലെന്നല്ലോ !!

നന്മ തന്‍ മണമില്ലാ-
ക്കളങ്ങള്‍ ഉടലിലൂട -
ങ്ങിങ്ങു വെട്ടിക്കീറി
കളിക്കുന്നൂ  ചിലര്‍..

അച്ഛനിങ്ങെന്തു  ചെയ്‌വൂ
സൂക്ഷിച്ചു വയ്ക്കാം നിന്‍റെ
ഓര്‍മ്മകള്‍ മണക്കുന്ന
പുസ്തക കൂമ്പാരങ്ങള്‍..

അറിവില്ലാത്തോര്‍ ചെയ്യും
അറിവിന്നാഴം തേടി
ഇനി നീ പറക്കില്ല
ബന്ധുരം മണ്ണിന്‍ മണം !!

ഇനിയെന്‍ ശൈശവം താങ്ങാന്‍
നീയില്ല എനിക്കിനി
ആരുണ്ട്‌ മറുപടി
ആരായാന്‍ വന്നീടുവാന്‍ ??



 

Wednesday, August 22, 2012

കലയിലെ പ്രകൃതി


പി എന്‍ മേനോന്റെ- നേര്‍ക്ക്‌ നേരെ -ഞാന്‍ ടി വി യില്‍ കണ്ടു ഇന്നലെ..അതില്‍ പ്രകൃതിയെ ഇണക്കി ചേര്‍ത്തിരിക്കുന്നത് എനിക്കിഷ്ടപ്പെട്ടു !കലയില്‍ പ്രകൃതിയുമായുള്ള ലയനം മനോഹരമാണ് ..അത് വേറിട്ട്‌ നില്‍ക്കാതെ കൂടെ ഒഴുകുമ്പോള്‍ കലയ്ക്കു ജീവന്‍ വയ്ക്കുന്നു !!എന്തൊരത്ഭുതമാണല്ലേ അത് !! സത്യത്തില്‍ കേരളത്തില്‍ ജനിച്ചതില്‍ ഞാന്‍ ഏറ്റവും അഭിമാനിക്കുന്നത് നമ്മുടെ കലകളുടെ വൈവിധ്യത്തിലും അവയുടെ മൂല്യത്തിലുമാണ് ..500 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഇവിടെ കഥകളി ഉണ്ടായിരുന്നു ..!ആദിശങ്കരന്‍ ജനിക്കുമ്പോള്‍ ഇവിടെ കൂടിയാട്ടം നിലവിലുണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത് ! അതിനൊക്കെ മുന്‍പ് ഇവിടെ നമ്മുടെ ആദിവാസികളുടെ ഇടയില്‍ ഈ കലകളുടെ ഒക്കെ രൂപ ഭാവങ്ങളുള്ള കലാരൂപങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു !

പണിയര്‍-നായ്ക്കര്‍ വിഭാഗങ്ങളില്‍ വളരെ മനോഹരമായ നൃത്ത രൂപങ്ങളുണ്ട് ..അത് ഞാന്‍ കണ്ടത് എന്റെ സ്വന്തം വയനാട്ടില്‍ വച്ചാണ് .അവരുടെ കല്യാണം മരണം വയസ്സറിയിക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ക്ക് വ്യത്യസ്തങ്ങളായ തുടി കൊട്ടും പാട്ടും നൃത്തവും ഉണ്ട്.അവരുടെ ചുവടു വെയ്പ്പുകളുടെ ഭംഗിയും ദൃഡതയും നമുക്ക്  തെയ്യത്തിന്റെ വക ഭേദമായിട്ടു തന്നെ കാണാവുന്നതാണ് .എനിക്കിങ്ങനെ തോന്നുവാന്‍ കാരണം തെയ്യമെന്നത് ദൈവമാട്ടം തന്നെയാണ് .ഇവിടെ ആദിവാസികളും ആടുന്നത് ദൈവ ഭാവങ്ങള്‍ തന്നെയാണ് (ചുരുക്കം ചില അവസരങ്ങള്‍ ഒഴിച്ചാല്‍ )അവരുടെ തുള്ളലിന്റെ മൂര്ദന്യാവസ്ഥ എപ്പോഴും ഒരു മുടിയാട്ടതിന്റെത് പോലെ ഉറഞ്ഞുള്ളതാണ്.ഇവിടെയാണ്‌ പ്രകൃതി മനുഷ്യന്റെ രൂപം കെട്ടി ആടുന്നത്..മഞ്ഞളണിഞ്ഞു,കുങ്കുമം പൂശി ,അരിമാവിലെഴുതുന്ന..കരി അണിഞ്ഞ കോലങ്ങള്‍! ..നോക്കൂ പ്രകൃതി എന്തൊക്കെയാണ് നമുക്ക് പകരുന്നതെന്ന് !!

കഥകളി ഞാന്‍ അതിന്റെ മുഴുവന്‍ സത്തയോടെ കാണുന്നത് ഈ അടുത്ത കാലത്താണ് !എന്റെ ശ്രീ യുടെ യും മോളുടെയും  കൂടെ ..പിന്നീടെനിക്ക് കൂടിയാട്ടവും കാണുവാനുള്ള അവസരം വന്നു..പാവക്കഥകളി ..അങ്ങനെ പലതും !എനിക്കെന്റെ അച്ഛച്ഛന്റെ കൊച്ചു മകളെന്നു പറയാന്‍ ഇന്ന് അഭിമാനമുണ്ട് .അദ്ദേഹം ഒരു മഹാനായിരുന്നു !!ആരും അറിയാത്ത മഹാന്‍ !!എന്റെ അഛയുടെ വാക്കുകളിലൂടെ പറഞ്ഞാല്‍..എന്നും കാലത്തുണര്‍ന്നെഴുനേറ്റ് അതി ചിട്ടയോടെ പ്രാഥമിക കൃത്യങ്ങള്‍ ,പത്രപാരായണം,നടത്തം ,ഭക്ഷണം എന്നിവ കഴിഞ്ഞു അദ്ദേഹം തെങ്ങ് ചെത്തി കള്ളെടുക്കാന്‍ പോകും ..അത് കൃത്യമായി ഷാപ്പില്‍ ഏല്‍പ്പിക്കും ..ഒരു തുള്ളി മദ്യപിക്കാത്ത അദ്ദേഹം  ഈ പ്രവൃത്തിക്ക് ശേഷം അടുത്തുള്ള പള്ളിക്കൂടത്തില്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ പോകും അതിനു ശേഷം അടുത്തുള്ള അമ്പലത്തിലോ ,കൂത്തമ്പ ലത്തിലോ ഇരുന്നു കഥകളി കാണും !അതിനൊത്തു മനോഹരമായി കഥകളി സംഗീതം പാടും !!കഥ അറിയാത്തവര്‍ക്ക് പറഞ്ഞു കൊടുക്കും -അദ്ധ്യാപകന്‍,ചെത്ത്‌ തൊഴിലാളി,കലയുടെ നിറ  കുടം !!!!എന്തൊരു കടക വിരുദ്ധമായ കാര്യങ്ങള്‍!!ഇവിടെ പ്രകൃതി കളിച്ചിരുന്ന കളി എന്തായിരുന്നു !മണ്ണും കലയും അതി ജീവനവും എല്ലാം ഒന്നിച്ചുണരുന്ന മനോഹരമായ താഥാത്മ്യാവസ്ഥ !അതുകൊണ്ടാവാം അദ്ദേഹത്തിന്റെ മക്കള്‍ക്ക്‌ മണ്ണിനെയും മനുഷ്യനെയും കലയെയും വിപ്ലവത്തെയും ഒരു പോലെ നെന്ജിലേറ്റാന്‍  ആയത്  !!അവര്‍ നാടകം കളിച്ചു .സി ജെ യുടെയും മറ്റും നാടകങ്ങള്‍..!രാത്രികളെ അവര്‍ പെട്രോമാക്സുകളുടെ വെളിച്ചത്താല്‍ നിറച്ചു..കലയ്ക്കു നിറം വച്ച് അവര്‍ കളിച്ചു ..ചിരിച്ചു.. കരഞ്ഞു..ജീവിച്ചു !!കൈയില്‍ തീ തെളിയും ചൂട്ടുകളും,തഴപ്പായകളും ,തിന്നാന്‍ ഉഴുന്നാടകളു മായി അവരുടെ അച്ഛനും അമ്മയും കാമുകീകാമുകന്മാരും ഭാര്യയും,മക്കളും,വീട്ടിലെ നായയും ,പൂച്ചയും  അതിന്റെ ഭാഗങ്ങളായി ..അവര്‍ വിപ്ലവം പറഞ്ഞു ..അതില്‍ ജീവിച്ചു..ചോരയും,ആശയങ്ങളും കൂട്ടിമുട്ടി..മരിച്ചു..ജയിച്ചു..മറഞ്ഞു..ജീവിച്ചു   !!അവര്‍ വെട്ടിത്തെളിച്ച് മണ്ണില്‍ ചോര ഉതിര്‍ത്തി നനച്ചു ,വിത്തെറിഞ്ഞു,ജീവിതം പാറ്റി ക്കൊഴിച്ച് പതിരെല്ലാം ദൂരെയെറിഞ്ഞു ,മദി യും കൊതിയും ,കണ്ണീരും നിലാവും നിറഞ്ഞ ജീവിതങ്ങള്‍ !!അവിടെ ഞാന്‍ പിറന്നു !!എന്റെ സഹോദരി പിറന്നു..എന്റെ ബന്ധങ്ങളും ബന്ധനങ്ങളും പിറന്നു..!
പ്രകൃതിയുടെ ഇത്തരം  ലാസ്യ ഭാവങ്ങളില്‍ കല മനുഷ്യനോടു അമര്‍ന്നു കിടക്കുകയാണ്!! ഈ മൃഗ സൗന്ദര്യത്തില്‍ ഞാന്‍ എന്നും ഒരു ഭ്രാന്തിയായ ഒരു ആസ്വാദകയാണ്  ഏതു നല്ല കലയുടെയും!

Monday, August 20, 2012

കര്‍ഷകര്‍


ഇന്നലെ  കുമാര വര്‍മ സാറിന്റെ വീട്ടില്‍ നിന്നും എനിക്കും ശ്രീയ്ക്കും മോളെ വലിച്ചു തൂക്കി കൊണ്ട് പോരേണ്ടി വന്നു ! അവിടെ തൊടിയിലാകെ പൂക്കളും പഴങ്ങളും മണ്ണും കല്ലും എല്ലാം അവളെ തിരിച്ചു വിളിച്ചു ..കനൂ  കണ്മണീ  നീ പോകേണ്ട ..നമുക്ക് കളിക്കാം ..
അവളെ എടുക്കുമ്പോള്‍ അവള്‍ ഉറക്കെ നിലവിളിച്ചു :അമ്മേ..റ്റാ റ്റ ..മേണ്ട..
തൂക്കി കാറിലേയ്ക്കു എടുക്കുമ്പോള്‍ ചിരിയോടൊപ്പം തെല്ലു വേദനയും തോന്നി..
തനിച്ചാകുന്നതിന്റെ ..കുഞ്ഞിനു മണ്ണ് കളിയ്ക്കാന്‍ നഷ്ടപ്പെടുന്നതിന്റെ ..ഓടി നടക്കാന്‍ ധാരാളം തൊടിയുണ്ടെങ്കിലും അവള്‍ക്കു കളിയ്ക്കേണ്ട സമയത്ത് അത് കിട്ടാത്തതിന്റെ നൈരാശ്യം !അവളുടെ കുഞ്ഞിക്കൈയില്‍ ഒരു കാട്ടു പൂവ് തിരികെ വീട്ടിലെത്തും വരെ ഉണ്ടായിരുന്നു ..കുഞ്ഞിക്കൈയിലിട്ടു അവള്‍ അതിനെ കളിച്ചു കൊണ്ടേയിരുന്നു ..
സമൃദ്ധ മായി പൂക്കളമിട്ട ബാല്യകാലം എന്നെ ഓണത്തിന്റെ ഒര്മാകളിലെതിക്കുന്നു ഒളിച്ചു കളിച്ചു കൊണ്ട് ഒളിച്ചിരിക്കുമ്പോള്‍ പറിച്ചു തിന്നുമായിരുന്ന വെള്ളരിക്കകള്‍..പുറത്തുള്ള മൂര്‍ച്ചയില്ലാത്ത മുള്ളുകള്‍ കൈ കൊണ്ട് തൂത്തു കളഞ്ഞു കറുമുറു എന്ന് തിന്നുമ്പോള്‍ ആയിരിക്കും :മുത്തിനെ കണ്ടേ ...എന്നുള്ള കൂക്ക് വിളിയും സാറ്റ് എന്നുള്ള അലര്‍ച്ചയും !
പക്ഷെ ഇന്നത്തെ സിറ്റ് ആന്‍ഡ്‌ സാറ്റ് വീട്ടിനുള്ളിലെ അലമാര യുടെ പിറകിലും കബോര്‍ഡിന്റെ താഴെയും വാതില്‍ വിരികളുടെ മറവിലും ഒതുങ്ങും..അവരോടു ഞാന്‍ ഓണത്തിന് പൂവിറുക്കാന്‍ പോയി കൈ നിറയെ കാക്കപ്പഴവുമായി വന്ന ബാല്യത്തെക്കുറിച്ച് പറഞ്ഞാല്‍ ഒന്നും മനസിലാവില്ല ..അവര്‍ അതിനൊന്നും വല്യ കാര്യം കൊടുക്കാനും പോവില്ല !

ഇന്ന് വയനാട്ടിലേയ്ക്ക് പോയാല്‍ എല്ലാവരില്‍ നിന്നും മഴയില്ല വെള്ളമില്ല നെല്ല് കരിഞ്ഞു പോയി..കുരുമുളകിന് ദ്രുധ വാട്ടം ..വാഴകൃഷി നശിച്ചു ..ലോണെടുത്ത കാശ് എങ്ങനെ തിരിച്ചടയ്ക്കും ..ജോസും കുടുംബോം ആത്മഹത്യ ചെയ്തു ..പാട്ടത്തിനെടുത്ത വയലില്‍ ഇഞ്ചിയ്ക്ക് മാഹാളി !തുടങ്ങിയ കൊച്ചു വര്‍ത്തമാനങ്ങളാല്‍ മനം നിറയും! എത്രയും പെട്ടന്ന് നാട് വിട്ടു ഓടിപ്പോവുക എന്നുള്ള മുദ്രാവാക്യമാണ് ഇന്ന് ഏറ്റവും അഭികാമ്യം !

അതിജീവനത്തിനായി  എന്റെ ജനത എന്ത് ചെയ്യണം ?തൂങ്ങി മരിക്കണോ ?അതോ വിഷം കഴിക്കണോ? ആരാണ് ശരിക്കും ദുരിത ബാധിതര്‍ ?കാര്‍ഷിക കടങ്ങള്‍ തള്ളിക്കളഞ്ഞു എന്ന് പറയുമ്പോഴും എത്ര കര്‍ഷകരാണ് ബാങ്ക് കളില്‍ കുടുങ്ങിക്കിടക്കുന്നത് ?കര്‍ഷകര്‍ എന്നും എല്ലാവരാലും അപമാനിക്കപ്പെടുന്നവരാണ് !ചോര നീരാക്കി ഉണ്ടാക്കിയെടുക്കുന്ന വിളകള്‍ വെറും തുച്ഛമായ വിലയ്ക്ക് ഇടനിലക്കാര്‍ വാങ്ങിയ ശേഷം പിടിയാ വിലയ്ക്ക് മറിച്ചു വില്‍ക്കുന്നു ..കര്‍ഷകരുടെ കുട്ടികള്‍ക്ക് മറ്റേതൊരു തൊഴില്‍ ചെയ്യുന്നവരുടെതില്‍ നിന്നും ഒരു വ്യത്യാസവുമില്ല !പക്ഷെ what is your father/mother ? എന്ന ചോദ്യത്തിനുള്ള മറുപടി farmer എന്ന് കേള്‍ക്കുമ്പോള്‍ പുച്ഛരസം കൂടാതെ നോക്കിക്കാണുന്നവര്‍ ഇന്നും തുലോം കുറവാണ് !അദ്ധ്യാപകരില്‍ പോലും ഇത് പ്രകടമാണ് !! (ഇത് ധാരാളം അനുഭവിച്ചിട്ടുള്ള ആളെന്ന നിലയില്‍ ഞാന്‍ പറയുന്നത് )കര്‍ഷകര്‍ക്ക് എന്താണ് അഭിമാനത്തിന് കുറവുള്ള ഘടകം ?അവര്‍ കൃഷി ചെയ്യുന്നതിലോ ?അവര്‍ മെയ്യനങ്ങി അധ്വാനിക്കുന്നതിലോ ?അവരുടെ ദേഹത്തു മണ്ണ് പറ്റുന്നതിലോ ?അതോ അവര്‍ വിദ്യാഭ്യാസവും വിവരവുമില്ലാത്തവര്‍ ആയിരിക്കും എന്ന അറിവില്ലായ്മയോ ? ആഹാരം കഴിക്കുന്നവരല്ലേ ഈ പരിഹസിക്കുന്നവര്‍ ആരും??! കര്‍ഷകര്‍ക്ക് എന്ന് നീതി ലഭിക്കും ?ആരെങ്കിലും ഓര്‍ക്കാറുണ്ടോ നാം കഴിക്കുന്ന ഭക്ഷണം ഉല്പാദിക്കുന്നവരെപ്പറ്റി ?എല്ലാവരും ഭക്ഷിക്കുന്നു അവരവരുടെ ദിവസങ്ങളിലെയ്ക്ക് കടക്കുന്നു ..ജോലി ചെയ്യുന്നു,ചെയ്യാതിരിക്കുന്നു ,അങ്ങനെ അങ്ങനെ..കര്‍ഷകരെല്ലാം കൃഷി നിര്‍ത്തി വച്ചാലുള്ള ഭീകര ഭക്ഷ്യ ക്ഷാമത്തെ കുറിച്ച് ഗവണ്മെന്റ്  ശ്രദ്ധിക്കുന്നുണ്ടോ ? അതുമൂലം തകരാന്‍ പോകുന്ന സാമ്പത്തിക നിലയെപ്പറ്റി കേന്ദ്രം അറിയുന്നുണ്ടോ?

എന്‍റെ  അച്ഛന്‍ ഒരു സമ്പൂര്‍ണ്ണ കര്‍ഷകനാണ് ..പക്ഷെ നിലവിലുള്ള കാര്‍ഷിക മേഖലയിലെ പ്രതിസന്ധി ചുമന്നു തളരുന്ന ഒരാള്‍ കൂടിയാണ് ..കൃഷിയോടുള്ള താല്പര്യം മൂലം ആര്‍മിയിലെ ഉദ്യോഗവും പിന്നീട് കിട്ടിയ തപാല്‍ വകുപ്പിലെ ഉദ്യോഗവും വേണ്ടെന്നു വച്ച അദ്ദേഹത്തിന് ഇന്ന് തിരിഞ്ഞിരുന്നു ചിന്തിക്കുമ്പോള്‍ എങ്ങനെ വേദന വരാതിരിക്കും ! വരണ്ട ഭൂമി..കരിഞ്ഞുണങ്ങിയ തോട്ടങ്ങള്‍..എത്ര ജൈവ വളം ചെയ്താലും ഉണരാത്ത മണ്ണ് ..കീടങ്ങള്‍ പെരുകി വിളകള്‍ നശിക്കുന്ന അവസ്ഥ .. ഇതൊക്കെ സംഭവിക്കുന്നത്‌ പ്രകൃതിയിലെ രൂക്ഷമായ മാറ്റം കൊണ്ടാണ്..എന്‍ഡോ സള്‍ഫാനും  മറ്റും കര്‍ഷകര്‍ ഉപയോഗിക്കുന്നത് ഇത്തരം സന്ദര്‍ഭത്തിലാണ് !എന്‍ഡോ സള്‍ഫാന്‍ ഉപയോഗത്തിനെതിരെ എല്ലാവരും ബോധവാന്മാര്‍ ആകുമ്പോള്‍ തന്നെ അതുപയോഗിക്കെണ്ടുന്നതായ അവസ്ഥയെ നിര്‍മാര്‍ജ്ജനം ചെയ്യുക എന്നതിനാണ് ഊന്നല് കൊടുക്കെണ്ടുന്നത് .സര്‍ക്കാര്‍ കര്‍ഷകരുടെ കൂടെയ്യാണ് ഏറ്റവും ചേര്‍ന്ന് നില്‍ക്കെണ്ടുന്നത്..അവര്‍ക്ക് -രാഷ്ട്രീയ കൃഷി വികാസ് യോജന- യുടെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടോ എന്നും അധവാ അതിനു സജ്ജരായ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയും സര്‍ക്കാര്‍ കൂടുതല്‍ ഊന്നല് കൊടുക്കേണ്ടതുണ്ട് .ഈ ബജറ്റിനായി കേന്ദ്രം നീക്കിയിരിക്കുന്നത്  INR 380 billion ആണ് ! ഇത് യഥാര്‍ത്ഥത്തില്‍ ജനങ്ങളില്‍ എത്തുന്നുണ്ടോ ആവോ ??








ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...